സ്ത്രീകളുടെക്കൂടി ഇടമാണ് സിനിമയെന്ന ഓർമപ്പെടുത്തൽ

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഉള്ളടക്കം കണ്ട് കേരളം ഞെട്ടി എന്നൊക്കെയാണല്ലോ മാധ്യമങ്ങളും മറ്റും പറയുന്നത്. ഞെട്ടാനൊന്നുമില്ല, ഇതെല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ എന്ന് പറഞ്ഞ് ലഘൂകരിക്കുന്നവരുമുണ്ട്. സിനിമ മേഖലയിൽ കടുത്ത നിയമലംഘനങ്ങൾ നടക്കുന്നു എന്നറിഞ്ഞിട്ടും അധികൃതർ എന്തുകൊണ്ടാണ് നാലരക്കൊല്ലം ഈ റിപ്പോർട്ട് പുറത്തുവിടാതിരുന്നത് എന്നതാണ് അത്ഭുതം. ഇപ്പോഴും സ്വമേധയാ പുറത്തുവന്നതല്ല എന്നതിൽതന്നെ കുറെ ദുഃസൂചനകളുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും, മുൻമാതൃകകളില്ലാത്ത കാര്യംതന്നെയാണ് സർക്കാർ ചെയ്തത്. സിനിമ എന്ന തൊഴിലിടത്തിൽ സ്ത്രീകൾക്ക് സംഭവിക്കുന്നത് എന്താണ്, അവരനുഭവിക്കുന്ന പ്രശ്നങ്ങൾ എന്താണ് എന്നറിഞ്ഞ് ഇല്ലായ്മ ചെയ്യാൻ ഒരു റിപ്പോർട്ടും അതിന്‍റെ ശിപാർശകളും അതിനനുസരിച്ചുള്ള നിയമനിർമാണവും ഉണ്ടാകുന്നു എന്നതെല്ലാം വളരെ പോസിറ്റിവ് ആണ്.

അപ്പോഴും, ഇതെങ്ങനെയാണ് നടപ്പാക്കുക എന്ന കാര്യത്തിൽ ആശങ്കയുണ്ട്. ഇതുവരെ ഈ റിപ്പോർട്ടിനെക്കുറിച്ചറിയില്ല, തങ്ങളെ ഇതൊന്നും ബാധിക്കുന്നില്ല എന്ന് പറഞ്ഞ അതേ വ്യക്തികൾതന്നെയാണ് ഇതു സംബന്ധിച്ച കോൺക്ലേവുകളിൽ പങ്കെടുക്കുകയും അഭിപ്രായം പറയുകയും ചെയ്യുക എന്നതാണ് ദുഃഖകരമായ കാര്യം. ഇതിന്‍റെ കരട് രൂപവത്കരണത്തിലും നയ രൂപവത്കരണത്തിലുമൊക്കെ പങ്കെടുക്കുന്നതും ഇവർതന്നെയായിരിക്കും. ഇവിടത്തെ സംഘടനകളെല്ലാം ഈ കാര്യത്തിൽ കുറ്റകരമായ മൗനമാണ് പ്രകടിപ്പിച്ചത്. സാമൂഹിക ഉത്തരവാദിത്തത്തിന്‍റെ പേരിലെങ്കിലും ഈ റിപ്പോർട്ട് പുറത്തുവരണമെന്ന് ഇവിടത്തെ സംഘടനകളോ ട്രേഡ് യൂനിയനുകളോ ഇതുവരെ പറഞ്ഞിട്ടില്ല.

ഇവിടത്തെ സ്ത്രീകൾക്ക് തൊഴിൽ നിയമങ്ങളൊന്നും ബാധകമാണെന്നുപോലും തോന്നാത്തവരെ ഇരുത്തിക്കൊണ്ട് അവരുടെ താൽപര്യങ്ങളെയൊന്നും ഹനിക്കാത്ത നിയമനിർമാണമാണോ ഉണ്ടാകുകയെന്ന് ഭയപ്പെടുന്നുണ്ട്. ആ അർഥത്തിൽ ഇതിൽ വലിയ പ്രതീക്ഷയൊന്നും ഇല്ല. എന്നാൽ, പ്രതീക്ഷയുമുണ്ട്.

തങ്ങൾ തീരുമാനിച്ചാൽ എന്തും നടക്കും എന്ന് പറയുകയും നടപ്പാക്കുകയും ചെയ്യുന്നവർക്ക് അവരുടെ മാത്രം ഇടമല്ല സിനിമയെന്നും നാട്ടിലെ നിയമങ്ങളെല്ലാം തങ്ങൾക്കും ബാധകമാണെന്നും ഓർമപ്പെടുത്തുകയെങ്കിലും ചെയ്തു ഈ റിപ്പോർട്ട്. വലിയ നാടകങ്ങൾക്കു ശേഷമാണ് ഇത് പുറത്തുവന്നതെങ്കിലും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നു എന്നതുതന്നെ വലിയ ആശ്വാസമാണ്.

ഈ മേഖലയിലെ സ്ത്രീകളെ മ്യൂട്ട് ചെയ്യുകയായിരുന്നു ഇതുവരെ ചെയ്തിരുന്നത്. സ്ത്രീകൾ സഹപ്രവർത്തകരായ ആണുങ്ങളോളമോ അവരേക്കാൾ കൂടുതലോ വിദ്യാഭ്യാസവും കഴിവും തിരിച്ചറിവുമുള്ളവരാണെങ്കിലും അവർ സ്ത്രീകൾ ആയതുകൊണ്ട് ഇവർ പറയുന്നതെല്ലാം അനുസരിക്കണമെന്ന ധാരണ തിരുത്തപ്പെടേണ്ടതുണ്ട്. ഇതെല്ലാം അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നും കേട്ടില്ലെന്നും നടിക്കുകയായിരുന്നു ഈ രംഗത്തെ ഭരിക്കുന്നവർ. നിശ്ശബ്ദമായിപ്പോയ ആ സ്ത്രീകളുടെ ശബ്ദമാണ് ഇപ്പോൾ പുറത്തുവരുന്നത്. മാധ്യമങ്ങളുടെ ഫോക്കസ് മുഴുവൻ റിപ്പോർട്ടിലെ ലൈംഗിക ചൂഷണത്തിലേക്ക് മാത്രമാകുന്നത് ശരിയല്ല.

ഇതിൽ എന്‍റെ മേഖല സിനിമ ഇതിവൃത്തത്തിൽ സ്ത്രീവിരുദ്ധ ഉള്ളടക്കം ഉണ്ടാകുന്നതിനെക്കുറിച്ചായിരുന്നു. സമൂഹത്തിൽ എങ്ങനെയാണോ സ്ത്രീയെ കാണുന്നത് ആ ബഹുമാനവും ആദരവുംതന്നെയാണ് സ്ക്രീനിലും ഉണ്ടാവുക. സ്ത്രീകളെ അപമാനിക്കാനും മോശം രീതിയിൽ അവതരിപ്പിക്കാനും ഉള്ള ധൈര്യം ലഭിക്കുന്നതും പുറത്തുനിന്നുകൊണ്ടാണ്. അതേക്കുറിച്ചെല്ലാം കൃത്യമായി പഠിച്ചതിനുശേഷം പ്രതികരിക്കാമെന്ന് കരുതുന്നു.

Tags:    
News Summary - Deedi Damodaran react to Hema Committee Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.