തൃശൂർ: വിദ്വേഷ സിനിമയായ ‘ദ കേരള സ്റ്റോറി’യുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ച ഒരു കോടി രൂപ എവിടെ വന്നാൽ കിട്ടുമെന്ന് എഴുത്തുകാരി ദീപ നിശാന്ത്. സിനിമയുടെ ടീസറിലോ ട്രെയിലറിലോ 32,000 പേരെ മതം മാറ്റി സിറിയയിലേക്ക് കൊണ്ടുപോയി എന്നു പറയുന്നതിന്റെ തെളിവ് ഹാജരാക്കിയാൽ ഒരു കോടി രൂപ നൽകുമെന്നായിരുന്നു ഹിന്ദു ഐക്യവേദിയുടെ വാഗ്ദാനം. സംഘടനയുടെ നേതാവായ ആർ.വി. ബാബുവിന്റെ ഫോട്ടോ വെച്ചായിരുന്നു ഇനാം പോസ്റ്റർ. ഇക്കാര്യത്തിൽ ടീസറിന്റെ സ്ക്രീൻ ഷോട്ടടക്കം ഹാജരാക്കിയാണ് ദീപയുടെ വെല്ലുവിളി.
സിനിമയുടെ കള്ള പ്രചാരണത്തിനെതിരെ നിയമപരമായും അല്ലാതെയും പ്രതിരോധം ഉയർന്നതോടെ, ടീസറിൽനിന്ന് ‘32000 യുവതികളുടെ കഥ’ എന്നത് തിരുത്തി 3 എന്നാക്കിയിരുന്നു. ഇതിന്റെ അടക്കം സ്ക്രീൻ ഷോട്ടുമായാണ് ദീപ ഹിന്ദു ഐക്യവേദിക്കെതിരെ രംഗത്തെത്തിയത്. ‘രാഷ്ട്രീയജാഗ്രതയുള്ള ഒരു കൂട്ടം മനുഷ്യരുടെ ചെറുത്തുനിൽപ്പിനെത്തുടർന്ന് ടീസറിലെ 32000 തിരുത്തി 3 എന്നാക്കിയിട്ടുണ്ട്. ഹിന്ദു ഐക്യവേദീൻറെ 1 കോടി രൂപ എവിടെ വന്നാ കിട്ടും?’ അവർ ഫേസ്ബുക്കിൽ ചോദിച്ചു.
'കേരളത്തിലെ 32,000 സ്ത്രീകളുടെ ഹൃദയഭേദകമായ കഥ' എന്നായിരുന്നു സൺഷൈൻ പിക്ചേഴ്സിന്‍റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ട്രെയിലറിൽ നൽകിയിരുന്ന അടിക്കുറിപ്പ്. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നു. ഇതിനുപിന്നാലെ ഈ കുറിപ്പ് മാറ്റി 'കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂന്ന് പെൺകുട്ടികളുടെ യഥാർഥ കഥകൾ' എന്നാണ് യുട്യൂബ് ട്രെയിലറിൽ ഇപ്പോൾ നൽകിയിരിക്കുന്ന വിവരണം.
32,000 പേരെ മതംമാറി സിറിയയിലേക്ക് പോയെന്ന വാദത്തിന് തെളിവ് തന്നാൽ ഒരു കോടി രൂപ ഇനാം നൽകുമെന്ന് മുസ്ലിം യൂത്ത് ലീഗ് വെല്ലുവിളിച്ചിരുന്നു. സിനിമക്കെതിരായ പ്രതിഷേധം ശക്തമായതോടെയാണ് നുണപ്രചാരണത്തിന് മാറ്റം വന്നത്.
'ദി കേരള സ്റ്റോറി'ക്ക് എ സർട്ടിഫിക്കറ്റോടെ കേന്ദ്ര സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിച്ചിരുന്നു. ചിത്രത്തിൽ 10 മാറ്റങ്ങൾ വരുത്തണമെന്നാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നിർദേശിച്ചത്. സിനിമയിലെ ചില സംഭാഷണങ്ങൾ ഒഴിവാക്കണം. കേരള മുൻ മുഖ്യമന്ത്രിയുടെ അഭിമുഖ ഭാഗം ഒഴിവാക്കാനും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.