കണ്ണൂർ: സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റുമായ പി.പി ദിവ്യയുടെ ഭർത്താവ് അജിത്തിന്‍റെ പരാതിയിൽ അപകീർത്തി കേസ്. രാജൻ ജോസഫ് എന്ന ആൾക്കെതിരെ കണ്ണപ്പുരം പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. അപകീർത്തിപ്പെടുത്താനും സ്പർധ വളർത്താനും ശ്രമിച്ചെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
പത്ത് ദിവസം മുമ്പാണ് സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി പി.പി ദിവ്യയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകിയത്. യൂട്യൂബ് വിഡിയോയിലൂടെ ദിവ്യയെയും കുടുംബത്തെയും അപമാനിച്ചെന്നാണ് കേസ്.
വിഡിയോ സംബന്ധിച്ച് യൂട്യൂബിനോട് പൊലീസ് വിശദീകരണം തേടിയിട്ടുണ്ട്. യൂട്യൂബിന്‍റെ വിശദീകരണം ലഭിച്ച ശേഷമെ പരാതി ഉറപ്പിക്കാൻ സാധിക്കൂവെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി.പി ദിവ്യ ഇന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. തന്നെയും കുടുംബത്തെയും മുഖ്യധാര മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലൂടെയും അപമാനിക്കുന്നതിനായി വസ്തുതാവിരുദ്ധമായ വ്യാജവാർത്തകൾ കെട്ടിച്ചമച്ചവർക്കും പ്രചരിപ്പിച്ചവർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നാണ് ദിവ്യ ഫേസ്ബുക്കിൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.