ഡെൻമാർക്ക്, ആസ്ട്രേലിയ, ഇറ്റലി: നഴ്സുമാരുടെ റിക്രൂട്ട്മെന്റ് ആരംഭിക്കുന്നതിന് ചർച്ച നടത്തി- മുഖ്യമന്ത്രി

ഡെൻമാർക്ക്, ആസ്ട്രേലിയ, ഇറ്റലി: നഴ്സുമാരുടെ റിക്രൂട്ട്മെന്റ് ആരംഭിക്കുന്നതിന് ചർച്ച നടത്തി- മുഖ്യമന്ത്രി

തിരുവനന്തപുരം: ഡെൻമാർക്ക്, ആസ്ട്രേലിയ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്ക് നഴ്സുമാരുടെ റിക്രൂട്ട്മെന്റ് ആരംഭിക്കുന്നതിന് വിവിധ തലത്തിൽ ചർച്ചകൾ നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാനഡയിലെ ന്യൂ ഫോണ്ട് ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുകയും ഇതുവരെ 200 നഴ്സുമാരെ സെലക്റ്റ് ചെയ്തുവെന്ന് നിയമസഭയിൽ എം. വിജിന് രേഖാമൂലം മറുപടി നൽകി.

വിദേശ രാജ്യങ്ങളിലെ ആരോഗ്യ മേഖലയിലേക്ക് കേരളത്തിൽ നിന്നും യോഗ്യതയുള്ള നഴ്സുമാരെയും ഡോക്ടർമാരെയുമാണ് പ്രധാനമായും റിക്രൂട്ട് ചെയ്തു വരുന്നത്. വിദേശ രാജ്യങ്ങിലെ സർക്കാരും നോർക്ക റൂട്ട്സുമായി ധാരണാപത്രം ഒപ്പു വെക്കുന്നതിന്റെ അടിസ്ഥാനത്തിൽ തികച്ചും സുതാര്യവും സുരക്ഷിതവും നിയമപരവുമായ രീതിയിലാണ് നിയമന നടപടികൾ നോർക്ക റൂട്ട്സ് മുഖേന നടത്തുന്നത്.

സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് പ്രതിവർഷം 100 ഓളം നഴ്സുമാരെ റിക്രൂട്ട് ചെയ്തു. കുവൈറ്റ് നാഷണൽ ഗാർഡിലേക്ക് 31 ഡോക്ടർമാരെ റിക്രൂട്ട് ചെയ്തു. യു.കെ എൻ.എച്ച്‌.എസ്‌-ലെ ഹംബർ ആർഡ് നോർത്ത് യോർക്ക്ഷെറിൻ ആരോഗ്യ-പരിപാലന പങ്കാളിത്തിലേക്ക് ഏകദേശം 260 പേരെ റിക്രൂട്ട് ചെയ്തു. നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും തമ്മിൽ പ്രതിവർഷം 600 നഴ്സുമാരെ റിട്ട് ചെയ്യുന്നതിന് എഗ്രിമെന്റ് വെച്ചു. ഇതുവരെ 650 പേരെ ജർമനിയിലേക്ക് അയച്ചു.

വെയിൽസിലെ ആരോഗ്യമേഖലയിലേക്ക് പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നതിന് 2024 മാർച്ച് ഒന്നിന് നോർക്ക റൂട്ട്സും വെയിൽസ് ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ധാരണാ പത്രം ഒപ്പു വെച്ചു. ഇതേ വരെ 358 നഴ്സുമാരെയും 36 ഡോക്ടർമാരെയും റിക്രൂട്ട് ചെയ്തു.

കേരളത്തിൽ ഹയർ സെക്കന്ററിയിൽ ബയോളജി ഒരു വിഷയമായി പഠിച്ച കുട്ടികൾക്ക് ജർമനിയിൽ വൊക്കേഷണൽ നഴ്സിംഗ് പഠനത്തിനും തുടർന്ന് ജോലിക്കും അവസരം ലഭിക്കുന്ന ട്രിപിൾ വിൻ ട്രെയിനി പ്രോഗ്രാമിന് 2024 ഫെബ്രുവരി 13 ന് എഗ്രിമെന്റ് വെച്ചു. ഇതുവരെ എട്ട് കുട്ടികൾ ജർമനിയിൽ നഴ്സിംഗ് പഠനം ആരംഭിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.  

Tags:    
News Summary - Denmark, Australia, Italy: Discussions held to start recruitment of nurses - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.