മുക്കം: മധ്യവേനലവധിക്ക് സ്കൂളുകളടച്ചിട്ടും പ്രധാനാധ്യാപകരെ ദുരിതത്തിലാക്കി സർക്കാർ. കഴിഞ്ഞ അധ്യയന വർഷത്തെ എസ്.എസ്.കെ മെയിന്റനൻസ് ഗ്രാന്റ് വിദ്യാഭ്യാസ വകുപ്പ് ഇനിയും അനുവദിച്ചില്ല. ഇതോടെ സംസ്ഥാനത്തെ ഗവ. സ്കൂളുകളിലെ പ്രധാനാധ്യാപകർ ദുരിതത്തിലായി. വയറിങ്, ലൈറ്റുകൾ മാറ്റൽ പോലെയുള്ള സ്കൂളുകളിലെ ദൈനംദിന കാര്യങ്ങളിലെ മെയിന്റനൻസിന് വേണ്ടി സർക്കാർ അനുവദിക്കുന്ന ഫണ്ടാണിത്.
ഇത്തരം കാര്യങ്ങൾക്കുവേണ്ടി പ്രധാനാധ്യാപകർ സ്വന്തം കീശയിൽ നിന്നു പണം മുടക്കുകയും ഇത് എല്ലാ വർഷവും മാർച്ച് 31ന് മുമ്പായി വിദ്യാഭ്യാസ വകുപ്പ് അക്കൗണ്ടിലേക്ക് അയക്കുകയുമാണ് ചെയ്യുന്നത്. 25,000 രൂപ വരെയാണ് ഓരോ സ്കൂളുകൾക്കും മെയിന്റനൻസ് ഗ്രാന്റായി സർക്കാർ അനുവദിക്കാറുള്ളത്. ബി.ആർ.സി മുഖേനയാണ് മെയിന്റനൻസ് ഗ്രാൻഡ് അനുദിക്കാറുള്ളത്. സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ് തുക അനുവദിക്കാത്തതെന്നാണ് അധ്യാപകർക്ക് ലഭിച്ച വിശദീകരണം.
ഇനി എന്ന് ഈ തുക ലഭിക്കുമെന്ന് യാതൊരു ധാരണയുമില്ലെന്ന് പ്രധാനാധ്യാപകർ പറയുന്നു. സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം നടത്തിയ വകയിൽ രണ്ടുമാസത്തെ തുകയും പ്രധാനാധ്യാപകർക്ക് ലഭിക്കാനുണ്ട്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ തുകയാണ് സർക്കാർ ഇനിയും അനുവദിക്കാത്തത്. ഈ തുകയും എന്ന് ലഭിക്കുമെന്ന അനിശ്ചിതത്വം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.