കാസർകോട്: ദേശീയ വിദ്യാഭ്യാസനയം സംബന്ധിച്ച് കാസർകോട് കേരള കേന്ദ്ര സർവകലാശാലയിൽ നടക്കുന്ന ദ്വിദിന വട്ടമേശ സമ്മേളനത്തിൽ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പടിക്കുപുറത്ത്.
കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻമാരെപോലും ക്ഷണിച്ചിടത്താണ് കേരളത്തോട് മുഖംതിരിച്ചത്. അടുത്തിടെ രാഷ്ട്രപതി പങ്കെടുത്ത ബിരുദദാന ചടങ്ങിൽ സ്ഥലം എം.പി-എം.എൽ.എമാരെ ഒഴിവാക്കിയ നടപടിയുടെ തുടർച്ചയാണിത്.
ദേശീയ വിദ്യാഭ്യാസനയം സർവകലാശാലകളിൽ നടപ്പാക്കുന്നതിനുള്ള രൂപരേഖ തയാറാക്കാൻ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് വട്ടമേശ സമ്മേളനം. രാജ്യത്തെ 30ഓളം വൈസ് ചാൻസലർമാരാണ് സമ്മേളനത്തിന് എത്തുക. വി.സിമാർക്കുപുറമെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖരെയും പങ്കെടുപ്പിക്കുന്നുണ്ട്.
കേരളത്തിലെ സർവകലാശാല വി.സിമാരെ ക്ഷണിച്ചെങ്കിലും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കോ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്ചെയർമാനോ ക്ഷണമില്ല. സമ്മേളനം നടക്കുന്നതിനെ കുറിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കുകയും ചെയ്തില്ല. എന്നാൽ, കർണാടക ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രഫ. തിമ്മ ഗൗഡ, എക്സിക്യൂട്ടിവ് ഡയറക്ടർ പ്രഫ. ഗോപാലകൃഷ്ണ ജോഷി, തെലങ്കാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ പ്രഫ. ലിംബാദ്രി, വൈസ് ചെയർമാൻ പ്രഫ. വെങ്കട്ട രമണ തുടങ്ങിയവർക്ക് ക്ഷണമുണ്ട്.
ബി.ജെ.പി ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ കൂടിയായ കാലിക്കറ്റ് മുൻ വി.സി ഡോ. എം. അബ്ദുസ്സലാമിനും വേദിയിലിടമുണ്ട്. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിന് മുന്നോടിയായി കേരളത്തിൽ നടക്കുന്ന സുപ്രധാന യോഗങ്ങളിലൊന്നാണിത്. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാസ് സർക്കാറാണ് ദ്വിദിന സമ്മേളനത്തിന്റെ ഉദ്ഘാടകൻ.
ഇത്തരമൊരു പരിപാടിയെകുറിച്ച് അറിയില്ലെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ 'മാധ്യമ'ത്തോട് പറഞ്ഞു. കേരളം ആതിഥേയത്വം വഹിക്കുന്ന വി.സിമാരുടെ സമ്മേളനത്തിൽ വകുപ്പ് മന്ത്രിയെ തന്നെ പങ്കെടുപ്പിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.