കൊച്ചി: വൈദ്യുതി കാറുകളുടെ ഉപയോഗത്തിലൂടെ രാജ്യത്തിന് മാതൃകയാകാൻ ഒരുങ്ങുകയാണ് സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. റോഡപകടങ്ങൾ കുറക്കാൻ ലക്ഷ്യമിട്ടുള്ള സേഫ് കേരള പദ്ധതിയുടെ ഭാഗമായ വാഹന പരിശോധനക്കായി 65 വൈദ്യുതി കാറുകളാണ് അനർട്ട് മുഖേന വാടകക്കെടുക്കുന്നത്. ഒരാഴ്ചക്കകം ഇവ നിരത്തിലിറങ്ങുന്നതോടെ ഈ ഇനത്തിലെ ചെലവ് നാലിലൊന്നായി കുറയുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു.
ടാറ്റ നെക്സൺ കാറുകൾ എട്ട് വർഷത്തേക്കാണ് വാടകക്ക് എടുക്കുന്നത്. 65 കാറുകളിൽ 25 എണ്ണം മോട്ടോർ വാഹന വകുപ്പിന് അനർട്ട് കൈമാറി. ബാക്കിയുള്ളവ അടുത്ത ദിവസങ്ങളിൽ കൈമാറും. നിലവിൽ പെട്രോൾ, ഡീസൽ വാഹനങ്ങളാണ് പരിശോധനക്ക് ഉപയോഗിക്കുന്നത്. ഇതിന് കിലോമീറ്ററിന് അഞ്ച് മുതൽ ആറ് രൂപ വരെയാണ് ചെലവ്.
വൈദ്യുതി വാഹനങ്ങൾ ഉപയോഗിച്ച് തുടങ്ങുന്നതോടെ കിലോമീറ്റർ ചെലവ് ഒന്നര രൂപയായി കുറയും. ഒരു തവണ ചാർജ് ചെയ്താൽ ശരാശരി 280 കിലോമീറ്റർ ഓടാം. 300 കിലോമീറ്ററിന് മുകളിലാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സർക്കാർതലത്തിൽ ഇത്രയധികം വൈദ്യുതി വാഹനങ്ങൾ വാടകക്കെടുത്ത് റോഡ് സുരക്ഷ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകുകയാണ് കേരളം. മലിനീകരണം കൂടുതലുള്ള പരമ്പരാഗത ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറക്കാനുള്ള നടപടികളുടെ തുടക്കമാണിതെന്നും ഭാവിയിൽ മറ്റ് സർക്കാർ വകുപ്പുകളും വൈദ്യുതി വാഹനങ്ങളിലേക്ക് മാറുമെന്നും മോട്ടോർ വകുപ്പ് അധികൃതർ പറയുന്നു.
അന്തരീക്ഷ മലിനീകരണവും പ്രവർത്തന ചെലവും കുറക്കുക, വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വൈദ്യുതി വാഹനങ്ങൾ വാടകക്ക് എടുക്കുന്നതെന്ന് ജോയൻറ് ട്രാൻസ്പോർട്ട് കമീഷണർ രാജീവ് പുത്തലത്ത് പറഞ്ഞു.
കഴിഞ്ഞവർഷം മാർച്ചിൽ സംസ്ഥാന സർക്കാർ വൈദ്യുതി വാഹന നയം രൂപവത്കരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2022ഓടെ പത്ത് ലക്ഷം വൈദ്യുതി വാഹനങ്ങൾ നിരത്തിലിറക്കാനാണ് നയം ലക്ഷ്യമിടുന്നത്. വൈദ്യുതി വാഹനങ്ങൾ സംസ്ഥാനത്തിനകത്ത് നിർമിക്കാനും ആലോചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.