തിരുവനന്തപുരം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ കേന്ദ്രമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണം കലക്കവെള്ളത്തില്‍ മീന്‍പിടിക്കലാണെന്നും ഇത്തരം സംഭവങ്ങളില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നതാണ് പ്രതിപക്ഷ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ അത് നമ്മളെ എത്രത്തോളം മുള്‍മുനയിലാക്കുമെന്ന് ഇന്നലെ വ്യക്തമായതാണ്. സര്‍ക്കാരും പ്രതിപക്ഷവും ഇത്തരം സംഭവങ്ങളില്‍ എങ്ങനെ പെരുമാറണമെന്നും വ്യക്തമായി. മാധ്യമങ്ങളും വല്ലാതെ അതിര്‍ത്തി വിട്ട് പോയില്ല. പക്ഷെ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായി. ഇത് അപകടകരമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുഖ്യമന്ത്രിയേയും ഫലസ്തീനിലെ ഹമാസിനെയും ബന്ധപ്പെടുത്തി എക്സിലാണ് രാജീവ് ചന്ദ്രശേഖർ വർഗീയ പരാമർശം നടത്തിയത്.
"ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുമ്പോഴും അഴിമതിയാരോപണങ്ങളാൽ ഉപരോധിക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ ലജ്ജാവഹമായ പ്രീണന രാഷ്ട്രീയത്തിന് ഒരു ഉദാഹരണം കൂടിയാണ് കളമശ്ശേരിയിൽ ഇന്ന് കണ്ടതെന്നും കേരളത്തിൽ തീവ്രവാദികളായ ഹമാസിന്റെ ജിഹാദിന് വേണ്ടിയുള്ള തുറന്ന ആഹ്വാനങ്ങൾ നിരപരാധികളായ ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണങ്ങളും ബോംബ് സ്‌ഫോടനങ്ങളും നടത്തുമ്പോൾ മുഖ്യമന്ത്രി ഡൽഹിയിൽ ഇസ്രയേലിനെതിരേ പ്രതിഷേധിക്കുകയാണെന്നുമായിരുന്നു" കേന്ദ്രമന്ത്രിയുടെ ട്വീറ്റ്.
ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കുകയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ശക്തമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.