പത്തനംതിട്ട: ഏലക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ഹൈകോടതി വിൽപന തടഞ്ഞ ശബരിമലയിലെ 6.65 ലക്ഷം ടിൻ അരവണ നീക്കാൻ തെരഞ്ഞെടുത്ത മൂന്ന് കമ്പനികളെ സംബന്ധിച്ച് ദേവസ്വം ബോർഡ് ബുധനാഴ്ച സംസ്ഥാന സർക്കാറിന് റിപ്പോർട്ട് നൽകും. തിരുവനന്തപുരത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഇന്ന് നടക്കുന്ന യോഗത്തിലാണ് നടപടികൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നത്.
ഇന്ത്യൻ സെൻട്രീഫ്യൂജ് എഞ്ചിനീയറിങ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്- 1,16,23,000, അക്വാക്സിയ വാട്ടർ സൊലൂഷൻസ് - 1,75,02,152. 94, പൊതുമേഖല സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ്- 1,88,11,560 എന്നീ കമ്പനികളാണ് അന്തിമപട്ടികയിലുള്ളത്. കാലാവധി കഴിഞ്ഞ അരവണ നീക്കം ചെയ്യാൻ ദേവസ്വം ബോർഡ് മൂന്നാമതും വിളിച്ച ടെൻഡർ ജൂൺ 24നാണ് തുറന്നത്.
മൂന്നാമത്തെ ടെൻഡറിൽ ആറ് കമ്പനി പങ്കെടുത്തതിൽ നിബന്ധനകൾക്ക് വിധേയമായി ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത മൂന്ന് കമ്പനികളെ തെരഞ്ഞെടുത്തിരുന്നു. സന്നിധാനത്ത് കെട്ടിക്കിടക്കുന്ന അരവണ നീക്കം ചെയ്യാൻ ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിൽ സർക്കാർ നടപടി എടുക്കണമെന്നായിരുന്നു ഹൈകോടതി നിർദേശം.
അരവണ നീക്കാൻ ദേവസ്വം ബോർഡ് വിളിച്ച ആദ്യ രണ്ട് ടെൻഡറിൽ എച്ച്.എൽ.എൽ മാത്രമാണ് പങ്കെടുത്തത്. അരവണ നീക്കം ചെയ്യാൻ ഒന്നേമുക്കാൽ കോടി രൂപ വേണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്.
ഇത് കൂടുതലാണെന്ന ദേവസ്വം ബോർഡിന്റെ വിലയിരുത്തലിനെ തുടർന്ന് വീണ്ടും ക്ഷണിച്ച ടെൻഡറിൽ എച്ച്.എൽ.എൽ ഉൾപ്പെടെ ആറ് കമ്പനികൾ പങ്കെടുത്തു. ശബരിമലയിൽ നിന്ന് നീക്കം ചെയ്യുന്ന അരവണ എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ടെൻഡറിൽ വ്യക്തമാക്കണമെന്നും ദേവസ്വം ബോർഡ് നിർദേശിച്ചിരുന്നു.
അരവണയിൽ ഉപയോഗിച്ച ഏലക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതോടെ 2022-23 തീർഥാടനകാലം അവസാനിക്കാറായ ജനുവരിയിലാണ് വിൽപന തടയപ്പെട്ടത്. ബാക്കി വന്ന 6.65 ലക്ഷം ടിൻ അരവണ ഗോഡൗണിലേക്ക് മാറ്റി സൂക്ഷിക്കാൻ ഹൈകോടതി നിർദേശിച്ചു.
തുടർന്ന് കേസ് സുപ്രീംകോടതിയിൽ എത്തുകയും അരവണയുടെ സാമ്പിൾ പരിശോധിക്കുകയും ചെയ്തു. ഇതിൽ കീടനാശിനിയുടെ അംശമില്ലെന്നും ഭക്ഷ്യയോഗ്യമാണെന്നും കണ്ടെത്തി. അപ്പോഴേക്കും അരവണ നിർമിച്ചിട്ട് ഒരു വർഷത്തിലേറെ കഴിഞ്ഞിരുന്നു.
ഇതോടെ പഴകിയ അരവണ വീണ്ടും വിൽക്കാനാവാത്ത സാഹചര്യമുണ്ടായി. ഈ ഇനത്തിൽ ദേവസ്വം ബോർഡിന് 6.65 കോടി നഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്. ഇതുകൂടാതെയാണ് പഴകിയ അരവണ നീക്കം ചെയ്യാൻ വീണ്ടും ഒരുകോടിയിൽപരം രൂപ മുടക്കേണ്ടിവരുന്നത്.
ഒരു വർഷത്തിലേറെയായി മാളികപ്പുറം ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന അരവണയിലെ ശർക്കര പുളിച്ച് കെണ്ടയ്നറുകൾ പൊട്ടാൻ തുടങ്ങിയിരുന്നു. വന്യമൃഗസാന്നിധ്യം കൂടുതലുള്ള പാണ്ടിത്താവളത്തോട് ചേർന്ന ഗോഡൗണിൽ അരവണ സൂക്ഷിക്കുന്നത് സുരക്ഷിതമല്ല. ശർക്കരയുടെ മണംപിടിച്ച് ആന ഉൾെപ്പടെ വന്യജീവികളെത്തുമെന്ന ആശങ്കയും ഉയർന്നിരുന്നു.
2022 - 23 തീർഥാടനകാലത്തിന് മുമ്പ് അരവണ സന്നിധാനത്തുതന്നെ വലിയ കുഴികളെടുത്ത് മൂടാൻ പദ്ധതി ഇട്ടിരുന്നു. എന്നാൽ, ഈ നീക്കം വനംവകുപ്പ് ഇടപെട്ട് തടഞ്ഞതോടെ അരവണ സന്നിധാനത്തിനുപുറത്ത് എത്തിച്ച് സംസ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു.
അരവണ നീക്കത്തിന് സർക്കാറിന്റെ സഹായം തേടാൻ കോടതി നിർദേശിച്ചിരുന്നെങ്കിലും സാമ്പത്തിക സഹായം ലഭിക്കില്ലെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.