നെടുമ്പാശ്ശേരി: വ്യാജ വാക്സിനേഷൻ സർട്ടിഫിക്കറ്റും വ്യാജ റിട്ടേൺ ടിക്കറ്റും ഉപയോഗിച്ച് മസ്കത്തിലേക്ക് സ്ത്രീകളെ കടത്താൻ ശ്രമിച്ച സംഭവത്തിൽ വിശദ അന്വേഷണം ആരംഭിച്ചു. നെടുമ്പാശ്ശേരി സി.ഐ പി.എം. ബൈജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
മസ്കത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പുരുഷനൊപ്പം 12 സ്ത്രീകളാണ് പിടിയിലായത്. എല്ലാവരും ആന്ധ്ര സ്വദേശികളാണ്. ഇവരിൽ ചിലർ മുമ്പ് മസ്കത്തിൽ വീട്ടുജോലിയും മറ്റും ചെയ്തിട്ടുള്ളവരാണ്. എംബസിയുമായി കരാർ ഉണ്ടാക്കിയവർക്കാണ് തൊഴിൽ വിസ അനുവദിക്കാറുള്ളൂ. ഈ സാഹചര്യത്തിലാണ് വ്യാജ രേഖകളുമായി മസ്കത്തിലെത്തിച്ച് അവിടെ അനധികൃതമായി ജോലി ചെയ്യിപ്പിക്കുന്നത്. ഇത്തരത്തിൽ എത്തുന്ന സ്ത്രീകളിൽ ചിലർ ലൈംഗികചൂഷണങ്ങൾക്കുവരെ ഇരകളാകുന്നുണ്ട്.
വ്യാജരേഖകളുണ്ടാക്കി നൽകിയത് ആന്ധ്രയിൽനിന്നുതന്നെയാണെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ വെളിപ്പെട്ടിട്ടുണ്ട്. കൊച്ചി കേന്ദ്രീകരിച്ചുള്ള ചിലർക്കും ഇതിൽ പങ്കുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. 50,000 മുതൽ ഒരു ലക്ഷം രൂപവരെ ഈടാക്കിയാണ് ഇവരെ കടത്താൻ ശ്രമിച്ചത്. വ്യാജരേഖയുമായി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചതിന്റെ പേരിലാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.