കേരളത്തിൽ വികസനം പൂർണമായും മുരടിച്ചു -രാജീവ്‌ ചന്ദ്രശേഖർ

കേരളത്തിൽ വികസനം പൂർണമായും മുരടിച്ചു -രാജീവ്‌ ചന്ദ്രശേഖർ

കോഴിക്കോട് : സംസ്ഥാനത്ത് സമ്പൂർണ വികസന മുരടിപ്പ് ആണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. കോഴിക്കോട് സിറ്റി ജില്ലയിലെ വികസിത കേരളം കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന വാഗ്ദാനങ്ങൾ നൽകി കോൺഗ്രസും ഇടതു പാർട്ടികളും കാലങ്ങളായി സാധാരണ ജനങ്ങളെ പറ്റിക്കുകയാണ്.

വോട്ട് വാങ്ങി അധികാരത്തിലെത്തിയ ശേഷം ജനങ്ങളെ തിരിഞ്ഞു നോക്കാത്ത പാർട്ടികളെ തിരിച്ചറിയണമെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. കഴിഞ്ഞ പത്തു കൊല്ലം രാജ്യത്ത് വന്ന മാറ്റം ലോകത്തിനാകെ അറിയാം. അവർ ബഹുമാനത്തോടെ ഇന്ത്യയുടെ വളർച്ചയെ കാണുന്നു. പത്തുവർഷത്തെ യുപിഎ ഭരണം രാജ്യത്തിന്റെ സമ്പദ് ഘടന തകർത്തറിഞ്ഞു. കോൺഗ്രസ്‌ സർക്കാറുകൾ നിലവിലുള്ള കർണാടകയിലും ഹിമാചലിലും ഒക്കെ സംസ്ഥാനം കടക്കെണിയിലാണ്. അവരുടെ ഭരണ മാതൃക തന്നെ പരാജയം ആണെന്നതിന്റെ തെളിവ് ആണത്.

എൽഡിഎഫ് തുടരും എന്നാണ് പിണറായി സർക്കാരിന്റെ പ്രചരണം. വിലക്കയറ്റവും അഴിമതിയും ഇനിയും തുടരും എന്നാണോ ഇവർ പറയുന്നത്. അതോ ആശാ വർക്കർമാരുടെ സമരം ഇനിയും തുടരും എന്നാണോ അതോ മകളുടെ പേരിൽ ഉയരുന്ന അഴിമതി ആരോപണങ്ങൾ തുടരും എന്നാണോ എന്നും അദ്ദേഹം ചോദിച്ചു.

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ച ഏക രാഷ്ട്രീയ പാർട്ടി ബി.ജെ.പി മാത്രമാണ്. മോദി സർക്കാർ വാഗ്ദാനങ്ങൾ നടപ്പാക്കി ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തി. ഈ രാജ്യത്തെ ജനങ്ങൾക്ക് അക്കാര്യത്തിൽ വിശ്വാസമുണ്ട്. മാറ്റം കൊണ്ടുവരാൻ ബിജെപിക്ക് സാധിക്കുമെന്ന് അവർക്കറിയാം. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ ആ വിശ്വാസം ബിജെപിയുടെ വിജയത്തിന് സഹായകരമാകുമെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു.

വ്യാവസായിക കേന്ദ്രമായിരുന്ന കോഴിക്കോടിന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡണ്ട്‌ അഡ്വ.കെ.പി. പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്‌, കെ.പി. ശ്രീശൻ മാസ്റ്റർ, എസ്. സുരേഷ്, വി.കെ. സജീവൻ, അനൂപ് ആന്റണി, പി. രഘുനാഥ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Development in Kerala has completely stalled - Rajeev Chandrasekhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.