കൊച്ചി: ദേവികുളം നിയോജക മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് വിജയിച്ച സി.പി.എമ്മിലെ എ. രാജയുടെ തെരഞ്ഞെടുപ്പ് ഹൈകോടതി റദ്ദാക്കി. പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്ത മണ്ഡലത്തില്‍നിന്ന് മത്സരിക്കാനുള്ള യോഗ്യതയില്ലാതെയാണ് മത്സരിച്ച് ജയിച്ചതെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി. സോമരാജന്റെ ഉത്തരവ്. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തിലാണ് രാജ മത്സരിച്ചതെന്ന എതിർ സ്ഥാനാർഥി കോൺഗ്രസിലെ ഡി. കുമാർ നൽകിയ ഹരജിയാണ് കോടതി അനുവദിച്ചത്.
ക്രൈസ്തവരായ ആന്റണിയുടെയും എസ്തറിന്റെയും മകനാണ് രാജയെന്നും ജ്ഞാനസ്നാനം ചെയ്ത ക്രൈസ്തവ സഭാംഗമാണെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം. ഹിന്ദു പറയ സമുദായാംഗമാണെന്ന് അവകാശപ്പെട്ടാണ് സംവരണ മണ്ഡലമായ ദേവികുളത്ത് രാജ മത്സരിച്ചത്. എന്നാൽ, രാജ വളരെ മുമ്പുതന്നെ ക്രിസ്തുമതത്തിലക്ക് മാറിയതാണെന്നും നാമനിർദേശ പത്രിക നൽകുമ്പോൾ ക്രിസ്തുമത വിശ്വാസമാണ് പിന്തുടരുന്നതെന്നും വിലയിരുത്തി ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് കോടതി അസാധുവാക്കുകയായിരുന്നു.
പട്ടികജാതി ഹിന്ദുവാണെന്ന് അവകാശപ്പെടാനാകാത്ത സാഹചര്യത്തിൽ റിട്ടേണിങ് ഓഫിസർ നാമനിർദേശ പത്രിക തള്ളണമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട കോടതി, രാജയുടെ തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഡി. കുമാർ ഹരജിയിൽ ഉന്നയിച്ചിട്ടില്ലാത്തതിനാൽ ഇക്കാര്യം പരിഗണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
തമിഴ്നാട്ടിലെ ഹിന്ദു പറയ സമുദായത്തിൽപെട്ടവരാണ് രാജയുടെ പൂർവികർ. ഇടുക്കിയിലെ കുണ്ടള എസ്റ്റേറ്റിലെ ജോലിക്കാണ് ഇവർ കേരളത്തിൽ എത്തിയത്. കേരളത്തിലെന്ന പോലെ തമിഴ്നാട്ടിലും ഹിന്ദു പറയ സമുദായം പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുന്നതാണെന്നും ആ നിലക്ക് സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ തനിക്ക് യോഗ്യതയുണ്ടെന്നുമായിരുന്നു രാജയുടെ വാദം. 1950ന് ശേഷം ഒരു സംസ്ഥാനത്ത് സംവരണമുണ്ടെന്ന കാരണത്താൽ മറ്റൊരു സംസ്ഥാനത്ത് അത് അവകാശപ്പെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
1950ന് മുമ്പാണ് പൂർവികർ കേരളത്തിലെത്തിയതെന്ന വാദം തെളിയിക്കാൻ രാജക്ക് സാധിക്കാത്ത സാഹചര്യത്തിൽ പൂർവികർക്ക് തമിഴ്നാട്ടിൽ സംവരണമുണ്ടെങ്കിലും ഇവിടെ അവകാശപ്പെടാനാവില്ല. കേസിനെ സ്വാധീനിക്കാൻ രാജയുമായി ബന്ധപ്പെട്ട സി.എസ്.ഐ പള്ളിയിലെ ഫാമിലി രജിസ്റ്ററുകളിൽ വ്യാപക തിരുത്തലുകൾ വരുത്തിയിട്ടുണ്ടെന്നും കോടതി കണ്ടെത്തി.
മൂന്നാർ: ദേവികുളം മണ്ഡലത്തിൽനിന്ന് എ. രാജയുടെ വിജയം അസാധുവാക്കിയ ഹൈകോടതി ഉത്തരവിലൂടെ സത്യംജയിച്ചെന്ന് ഹരജിക്കാരൻ ഡി. കുമാർ. രാജയും താനും ജനിച്ചത് കണ്ണൻ ദേവൻ കമ്പനിയുടെ കുണ്ടള എസ്റ്റേറ്റിലാണെന്നും രാജയുടെ മാതാപിതാക്കളെയും അവരുടെ കുടുംബപശ്ചാത്തലവും തനിക്ക് കൃത്യമായി അറിയാമെന്നും കുമാർ പറഞ്ഞു. അതുകൊണ്ടാണ് രാജ പട്ടികജാതിക്കാരനല്ലെന്ന് തെളിയിക്കാൻ കഴിയുമെന്ന ഉത്തമ ബോധ്യത്തോടെ കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ രാജയുടെ അയോഗ്യത സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷനോട് താൻ പരാതിപ്പെട്ടിരുന്നു. എന്നാൽ, നടപടി സ്വീകരിക്കാൻ കമീഷൻ തയാറായില്ലെന്നും കുമാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.