മൂന്നാര്‍: ദേവികുളത്ത് കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ് കളക്ടർ ഉൾപ്പെടെയുള്ളവരെ തടഞ്ഞു. ദേവികുളം ആർ.ഡി.ഒ ഓ ഫീസിന് എതിർവശത്തെ എട്ട് സെന്‍റ് സർക്കാർ ഭൂമിയാണ് ഹെൽത്ത് ഡിപ്പാർട്ട്മെന്‍റിൽ നിന്നും വിരമിച്ച ജീവനക്കാരൻ കൈയേറിയത്. ക്വാട്ടേഴ്സിന് സമീപത്തെ സർക്കാർ ഭൂമിയിൽ ഇയാൾ ഷെഡു നിർമിക്കുകയായിരുന്നു. രാവിലെ സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമന്‍റെ നിർദേശ പ്രകാരം ഭൂസംരക്ഷണ സേനയിലെ നാല് ജീവനക്കാരാണ് ഒഴിപ്പിക്കാൻ എത്തിയത്. ദേവികുളം പഞ്ചായത്തിലെ 12ാം വാർഡ് മെമ്പറായ സി.പി.എമ്മിലെ സുരേഷ് കുമാറിന്‍റെ നേതൃതത്തിൽ ഇവരെ ആക്രമിക്കുകയായിരുന്നു.
തുടർന്ന് സംഭവസ്ഥലത്തെത്തിയ സബ് കളക്ടർ ആക്രമികളെ പിടിക്കാൻ ആവശ്യപ്പെട്ടെങ്കിലും പരാതി എഴുതി നൽകണമെന്ന് പോലീസ് ആവശ്യപ്പെട്ടു. വാർഡ് മെമ്പറെ പോലീസ് അൽപനേരത്തിന് ശേഷം കസ്റ്റഡിയിലെടുത്തു. ഇതോടെ ഒരു സംഘം സബ് കളക്ടറെ തടഞ്ഞുവെക്കുകയും അസഭ്യം പറയുകയും ചെയ്തു. നാട്ടുകരോട് അസഭ്യം പറഞ്ഞ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇവർ കലക്ടറെ തടഞ്ഞുവെച്ചത്. പിന്നീട് സുരേഷ്കുമാറിനെ വിട്ടയച്ചാൽ സ്വയം ഷെഡ് പൊളിച്ച് ഒഴിഞ്ഞു പോകാമെന്ന് അറിയിച്ചതോടെ ഇയാളെ പൊലീസ് വിട്ടയച്ചു. സ്ഥലത്ത് എം.എൽ.എ രാജേന്ദ്രൻ എത്തിയെങ്കിലും സംഭവത്തിൽ ഇടപെടാതെ മടങ്ങി.
കൈയേറ്റമൊഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇടുക്കി ജില്ലാകലക്ടർ നിർദേശിച്ചു. സര്‍ക്കാര്‍ നടപടി തടസ്സപ്പെടുത്തിയെന്ന കുറ്റത്തിലാണ് നടപടിയുണ്ടാവുകയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രതിഷേധക്കാരെ തടയാതിരുന്ന പോലീസുകാര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് സൂചനയുണ്ട്.
കൈയേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യു വകുപ്പ് സംഘത്തെ സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞതിൽ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ അതൃപ്തി അറിയിച്ചു. ഇന്നുണ്ടായ സംഭവത്തില്‍ സബ് കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു. കൈയേറ്റം ഒഴിപ്പിക്കാന്‍ പോലീസ് സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.