തിരുവനന്തപുരം: സോളാർ കമീഷെൻറ നടപടി പ്രതികാരബുദ്ധിയോടെയാണെന്ന ആരോപണവുമായി മുൻ പ്രത്യേകാന്വേഷണസംഘം. സംഘത്തലവനായിരുന്ന ഡി.ജി.പി എ. ഹേമചന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനെ ഒാഫിസിൽ നേരിൽകണ്ട് ഇതുസംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചു. പ്രതികളോട് കാണിച്ച മാന്യത പോലും അന്വേഷണസംഘാംഗങ്ങളോട് കമീഷൻ കാണിച്ചില്ലെന്ന പരാതി മുഖ്യമന്ത്രിക്ക് മുമ്പാകെ ഉന്നയിച്ചതായാണ് വിവരം. കമീഷൻ മുൻവിധിയോടെ വേട്ടയാടുകയായിരുെന്നന്നും തങ്ങൾക്കെതിരെ റിപ്പോർട്ടിൽ മോശം പരാമർശം ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും അന്വേഷണോദ്യോഗസ്ഥർ ഹേമചന്ദ്രനെ അറിയിച്ചിരുന്നു.
കമീഷൻ റിപ്പോർട്ടിെൻറ നിഗമനത്തിെൻറ അടിസ്ഥാനത്തിൽ സോളാർ കേസ് അന്വേഷിച്ച പ്രേത്യകാന്വേഷണ സംഘത്തിനെതിരെ സർക്കാർ നടപടി സ്വീകരിച്ചിരുന്നു. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എ. ഹേമചന്ദ്രനെ കെ.എസ്.ആർ.ടി.സി എം.ഡിയായി മാറ്റി നിയമിക്കുകയായിരുന്നു. ഹേമചന്ദ്രൻ പുതിയ ചുമതല ഏറ്റെടുക്കില്ലെന്ന തരത്തിൽ പ്രചാരണവുമുണ്ടായി. അതിനാൽ അതു സംബന്ധിച്ച അവ്യക്തത മാറ്റാനും കൂടിയാണ് അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടത്. കെ.എസ്.ആർ.ടി.സി പോലുള്ള പൊതുമേഖല സ്ഥാപനത്തിെൻറ തലപ്പത്ത് ജോലി നോക്കുന്നത് ആദ്യമായാണെന്നും അതിനാൽ ചില ആശങ്കകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫയർഫോഴ്സ് മേധാവിയായിരിക്കെ, കഴിഞ്ഞ ജനുവരി എട്ടിനാണ് ഹേമചന്ദ്രൻ കമീഷനിൽ സത്യവാങ്മൂലം നൽകിയത്. തെറ്റിദ്ധാരണജനകമായ ചോദ്യങ്ങളിലൂടെയും പ്രസക്തമായ വസ്തുതകൾ മറച്ചുെവച്ചും പൊലീസ് നടപടികളിൽ കുറ്റം കണ്ടെത്താനുള്ള വ്യഗ്രത കമീഷൻ കാണിച്ചെന്ന് അതിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. കമീഷെൻറ വിസ്താര വേളയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് ഹേമചന്ദ്രൻ നൽകിയ മറുപടി കമീഷൻ മുഖവിലയ്ക്കെടുത്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഉമ്മൻ ചാണ്ടിയെ കേസിൽനിന്ന് രക്ഷപ്പെടുത്താൻ പ്രത്യേക സംഘം കുത്സിതശ്രമം നടത്തിയെന്ന് കമീഷൻ കണ്ടെത്തിയെന്നാണ് മുഖ്യമന്ത്രി കമീഷൻ നിഗമനമായി ചൂണ്ടിക്കാട്ടിയിരുന്നതും.
വിചാരണയിലിരിക്കുന്ന ക്രിമിനൽ കേസുകളുടെ അന്വേഷണത്തിെൻറ നേട്ടവും കോട്ടവും വിലയിരുത്തേണ്ടത് ജുഡീഷ്യൽ കോടതിയിൽ മാത്രമാണ്, അന്വേഷണ കമീഷനിലല്ല എന്ന് ഹേമചന്ദ്രൻ ചൂണ്ടിക്കാട്ടി. ഇക്കാര്യം സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. സോളാർ തട്ടിപ്പും അനുബന്ധ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ആരോപണങ്ങളുമാണ് കമീഷെൻറ അന്വേഷണ വിഷയം. അതിൽ കമീഷനെ സഹായിക്കുന്നതിനാണ് താനും അന്വേഷണ ഉദ്യോഗസ്ഥരും തെളിവു നൽകാൻ പലതവണ ഹാജരായത്. എന്നാൽ അതിനപ്പുറം ക്രിമിനൽ കേസുകളുടെ വിചാരണയാണ് കമീഷനിൽ നടന്നതെന്ന് ഹേമചന്ദ്രൻ വിശദീകരിച്ചതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.