തൃശൂർ: സംസ്ഥാന ഡി.ജി.പിയോടൊപ്പം ഓടാൻ കിട്ടിയ അവസരമല്ലേ, നന്നായി ഓടിയേക്കാം എന്ന ആേവശത്തിലായിരുന്നു പൊലീസ് ട്രെയിനികൾ. കേരള പൊലീസ് അക്കാദമിയുടെ വലിയ പരേഡ് ഗ്രൗണ്ടിൽ ആദ്യ റൗണ്ടിൽ എല്ലാവരും മികച്ച പ്രകടനവും കാഴ്ചവെച്ചു. എന്നാൽ, ഡി.ജി.പി അനിൽ കാന്തിന്റെ പെർഫോമൻസ് കണ്ടതോടെ ട്രെയിനികളുടെ ചങ്കിടിപ്പ് കൂടി. ഒരുവിധ തളർച്ചയുമില്ലാതെ ചെറുപ്പക്കാരെ തോൽപിക്കുന്ന തരത്തിൽ ഗംഭീര ഓട്ടമായിരുന്നു കക്ഷിയുടേത്.
വലിയ പരേഡ് ഗ്രൗണ്ടിൽ 20 റൗണ്ടാണ് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് നിർത്താതെ ഓടിയത്. ഒപ്പം ഓടിയ ട്രെയിനികൾ അഞ്ച് റൗണ്ട് പൂർത്തിയാക്കി ഓട്ടം നിർത്തിയെങ്കിലും പൊലീസ് മേധാവി നിർത്തിയില്ല. രാവിലെ ആറോടെ തുടങ്ങിയ ഓട്ടം എട്ടോടെയാണ് നിർത്തിയത്.
ഏവരും വിസ്മയത്തോടെയാണ് ഡി.ജി.പിയുടെ കായികക്ഷമതയും ദീർഘദൂര ഓട്ടവും നോക്കി നിന്നത്. ആദ്യമായി പൊലീസ് അക്കാദമി സന്ദർശിക്കാനെത്തിയ പൊലീസ് മേധാവി കായിക പരിശീലനത്തിലും ഡി.ജി.പി പങ്കെടുത്തു.
പരിശീലനാർഥികളുമായി സംവദിക്കുന്നതിനിടെ അദ്ദേഹം തെൻറ 60ാം വയസ്സിലെ കായികക്ഷമതയുടെ വിജയരഹസ്യം പങ്കുവെച്ചു. കായികതാരമായാണ് തുടക്കം. എല്ലാ ദിവസവും ഒരു മണിക്കൂർ കൂടുതൽ ഓടും. മനക്കരുത്തും ശാരീരികക്ഷമതയും കൈവരിക്കണമെന്നും ഏവരും അത് നിലനിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആയോധനകലകൾ പരിശീലനത്തിൽ ഉൾപ്പെടുത്തും. എസ്.ഐ കാഡറ്റുകൾക്ക് പ്രാക്ടിക്കൽ ക്ലാസുകൾ കൂടുതൽ നൽകും. പൊലീസിലെ വിവിധ വകുപ്പുകളുടെ പ്രാധാന്യവും അവബോധവും കൂടുതൽ ലഭ്യമാക്കാൻ പൊലീസ് പരിശീലന സിലബസ് പരിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ മികച്ച പൊലീസ് എന്ന ഖ്യാതിയുള്ള കേരള പൊലീസ് സേനയിലെ ഓരോ അംഗത്തിെൻറയും ഭാഷ മികച്ചതാകണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാസമ്പന്നരായ ഏവരുടെയും ഭാഷയും ഇടപെടലും ജനങ്ങളുടെ പ്രതീക്ഷക്ക് അനുസൃതമാകണം. തരംതാണ ഭാഷാപ്രയോഗം അരുതെന്നുംഡി.ജി.പി പറഞ്ഞു. നമ്മളിൽനിന്ന് മറ്റുള്ളവരെന്താണോ പ്രതീക്ഷിക്കുന്നത് അതേപോലെ നമ്മളും പെരുമാറണം.
ജീവിതാവസാനം വരെ കായികക്ഷമത നിലനിർത്തണമെന്നും പൊലീസ് പ്രഫഷനലിസം പ്രാവർത്തികമാക്കാൻ ഏവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.