കഴിഞ്ഞ ഭിന്നശേഷി ദിനത്തിൽ കലക്ടറേറ്റുകൾ പുതുമയാർന്ന സമരത്തിന് സാക്ഷ്യം വഹിച്ചു. നൂറുകണക്കിനു അംഗപരിമിതരായ ഭിന്നശേഷിക്കാർ വീൽചെയർ ഉരുട്ടി ജില്ല ഭരണാധികാരികളോട് നേരിട്ടു സങ്കടം പറയാൻ വന്ന കാഴ്ചയായിരുന്നു അത്. സംസ്ഥാനത്തെ മിക്ക ഭരണകേന്ദ്രങ്ങളും ജില്ലകളും ഭിന്നശേഷി സൗഹൃദമാക്കാൻ ഒന്നും നടപ്പാക്കിയിട്ടില്ല. ഇതുസംബന്ധമായി എന്തെങ്കിലും ഉത്തരവുകളോ നടപടികളോ പുറപ്പെടുവിച്ചിട്ടില്ലെന്നാണ് ജില്ല ഭരണാധികാരികളിൽനിന്നും വിവരാവകാശത്തിലൂടെ ലഭിച്ച മറുപടിയിൽ പറയുന്നത്. തലസ്ഥാന നഗരിയായ തിരുവനന്തപുരം പോലും ഇതിൽനിന്നു ഭിന്നമല്ല. പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കാസർകോട് ജില്ല ആസ്ഥാനങ്ങളിലൊന്നും വിവിധ ആവശ്യങ്ങളുമായി എത്തുന്ന ഭിന്നശേഷിക്കാർക്ക് കയറിച്ചെല്ലാൻ റാമ്പുകളോ ലിഫ്റ്റുകളോ ഇല്ല. കോട്ടയം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കൊല്ലം ജില്ലകളിൽ ചിലയിടത്തുമാത്രം റാമ്പ് സൗകര്യമുണ്ട്. ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ കഴിയുംവിധം കണ്ണൂരൊഴിച്ച് കേരളത്തിലെ ഒരു ജില്ല ആസ്ഥാനങ്ങളിലും പ്രത്യേക തരം ടോയ്ലറ്റുകളോ പ്രാഥമികാവശ്യത്തിനു സൗകര്യമോ ഇല്ല.
2014ലെ സംസ്ഥാന ബജറ്റിൽ ഭിന്നശേഷിക്കാരെ ഏറെ ആഹ്ലാദിപ്പിച്ച കാര്യമായിരുന്നു കണ്ണൂർ സംസ്ഥാനത്തെ ആദ്യ ഭിന്നശേഷി സൗഹൃദ ജില്ലയാക്കുമെന്ന മന്ത്രി മാണിയുടെ പ്രഖ്യാപനം. ഇതിനായി ബജറ്റിൽ 15 കോടിയോളം രൂപ അനുവദിക്കുകയും ചെയ്തു. ജില്ലയിലെ ഗവ. ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുസ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റേഷൻ എന്നിവിടങ്ങളിൽ ഭിന്നശേഷിയുള്ളവർക്ക് പ്രയാസംകൂടാതെ പ്രവേശിക്കാൻ റാമ്പ്, ഗോവണി, ലിഫ്റ്റ്, ടോയ്ലറ്റ് തുടങ്ങിയവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നടപ്പാക്കി രാജ്യത്തിന് മാതൃകയാകുന്ന പദ്ധതികൂടിയായിരുന്നു ഇത്. രണ്ടുവർഷത്തിനുശേഷം ജനുവരിയിൽ എൽ.ഡി.എഫ് സർക്കാർ കണ്ണൂരിനെ സംസ്ഥാനത്തെ ആദ്യ ഭിന്നശേഷി സൗഹൃദ ജില്ലയായി പ്രഖ്യാപിക്കുകയും ചെയ്തു. 2802 പൊതുകെട്ടിടങ്ങളെ ഇതിെൻറ ഭാഗമായി അംഗപരിമിത സൗഹൃദമാക്കി മാറ്റിയെന്ന് സാമൂഹികക്ഷേമ മന്ത്രി കെ.െക. ശൈലജടീച്ചർ നിയമസഭയിൽ വ്യക്തമാക്കുകയുണ്ടായി. എന്നാൽ, റാമ്പ് നിർമാണത്തിൽ മാത്രമൊതുങ്ങി ഈ വിപ്ലവവും. ഭിന്നശേഷി സൗഹൃദ സ്വീകാര്യം എന്നനിലക്ക് ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക ടോയ്ലറ്റ്, ഗോവണി, ലിഫ്റ്റ് എന്നിവ വിരലിലെണ്ണാവുന്നിടത്തു മാത്രമേയുള്ളൂ.
എവിടെ പ്രത്യേക പാർക്കിങ്
ഭിന്നശേഷിക്കാരോടുള്ള ‘സ്നേഹം’ അറിയണമെങ്കിൽ കാലാകാലങ്ങളിൽ അധികൃതർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ പരിശോധിച്ചാൽ മതി. വാഗ്ദാനങ്ങളും നിർദേശങ്ങളും പാലിച്ചിരുന്നുവെങ്കിൽ കേരളത്തിലെവിടെയും ഭിന്നശേഷിക്കാർക്ക് യാത്രചെയ്യാൻ മറ്റാരുടെയും ഔദാര്യം വേണ്ടി വരുമായിരുന്നില്ല. അതിലൊന്നാണ് ഭിന്നശേഷിക്കാർക്ക് സംസ്ഥാനത്ത് പ്രത്യേക പാർക്കിങ് സൗകര്യം നടപ്പാക്കണമെന്ന നിർദേശം.
2009 ഒക്ടോബറിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ചുകടക്കവെ തീവണ്ടി തട്ടി ഒരുകൈയും ഒരുകാലും നഷ്ടമായ വ്യക്തിയാണ് ആർപ്പൂക്കര സ്വദേശി അനീഷ് മോഹൻ. തുടർന്നുള്ള ജീവിതം അദ്ദേഹം മാറ്റിവെച്ചത് ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനായിരുന്നു. കേരളത്തിലെവിടെയും ഭിന്നശേഷിക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമില്ലെന്ന തിരിച്ചറിവാണ് പ്രത്യേക പാർക്കിങ് സ്ഥലം അനുവദിക്കണമെന്ന ആവശ്യവുമായി അധികൃതരെ സമീപിക്കാൻ അനീഷ് മോഹനനെ േപ്രരിപ്പിച്ചത്. നിരന്തര പോരാട്ടത്തിനൊടുവിൽ 2015 ജനുവരിയിൽ കേരളത്തിലെ എല്ലാ സർക്കാർ, അർധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാർക്കായി പ്രത്യേക പാർക്കിങ് സൗകര്യമൊരുക്കാൻ സംസ്ഥാന റോഡ് സുരക്ഷാ കമീഷണർ ഉത്തരവിട്ടു. നടപടികൾ വേഗത്തിലാക്കാൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ വിവിധ വകുപ്പുകൾക്ക് ഉത്തരവും നൽകി.
രണ്ടരവർഷം കഴിഞ്ഞിട്ടും മന്ത്രിയുടെയും കമീഷണറുടെയും നിർദേശം നടപ്പാക്കിയത് ആരൊക്കെ? നടപ്പാക്കിയവരെ കുറിച്ച് സംസ്ഥാന റോഡ് സുരക്ഷ കമീഷണറുടെ ഓഫിസിൽ കൃത്യമായ വിവരവുമില്ല. തങ്ങൾ ഉത്തരവിറക്കിയിട്ടില്ലെന്നും നിർദേശംമാത്രമാണ് നൽകിയതെന്നുമാണ് വിവരാവകാശത്തിലൂടെ ലഭിച്ച വിശദീകരണം. റോഡ് സുരക്ഷ കമീഷണറുടെ ഈ നിർദേശം നടപ്പാക്കണമെന്നാവശ്യപ്പെട്ട് 140 സ്ഥാപനങ്ങൾക്കും ഓഫിസുകൾക്കും റോഡ് സുരക്ഷ കമീഷണർ കത്തയച്ചിരുന്നു. കോട്ടയത്തും പത്തനംതിട്ടയിലും തൃശൂരും ഒഴിച്ച് മറ്റു കലക്ടറേറ്റുകളിലൊന്നും ഭിന്നശേഷിക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടില്ല.
പ്രഖ്യാപനത്തിൽ ‘തടസ്സരഹിതം’; പക്ഷേ, എവിടെയും തടസ്സം
കോഴിക്കോട് ജില്ലയിലെ ഭിന്നശേഷിക്കാർക്ക് മോഹം നൽകിയ മറ്റൊരു പദ്ധതിയായിരുന്നു ‘തടസ്സരഹിത ജില്ല’. 30 കോടിയുടെ പദ്ധതിയായിരുന്നു ഇത്. പദ്ധതി നടപ്പായാൽ ജില്ലയിലെ എല്ലാ ഓഫിസുകളിലും ഭിന്നശേഷിക്കാർക്ക് തടസ്സമില്ലാതെ സഞ്ചരിക്കാൻ കഴിയുമായിരുന്നു. പ്രഖ്യാപനം കഴിഞ്ഞ് രണ്ടുവർഷം പിന്നിട്ടെങ്കിലും കോഴിക്കോട് കലക്ടറേറ്റിൽപോലും ഭിന്നശേഷിക്കാർക്ക് കടന്നുചെല്ലണമെങ്കിൽ തടസ്സങ്ങൾ അതിജീവിക്കണം.
കേരള മുനിസിപ്പാലിറ്റി^പഞ്ചായത്ത് കെട്ടിടനിർമാണ ചട്ടങ്ങളിൽ ശാരീരിക അവശതകളും ൈവകല്യങ്ങളുമുള്ള വ്യക്തികൾക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് പ്രത്യേകം നിഷ്കർഷിക്കുന്നുണ്ട്. ഇതനുസരിച്ച് എല്ലാ പൊതുകെട്ടിടങ്ങളിലും പ്രധാന പ്രവേശന കവാടത്തിലേക്ക് റാമ്പിലൂടെയുള്ള സുഗമമായ പ്രവേശനം ഒരുക്കിയിരിക്കണം. ഉചിതമായ അടയാളങ്ങളോടെ ഇത്തരം കെട്ടിടങ്ങളിൽ എളുപ്പത്തിലെത്താൻ സാധിക്കുന്ന സ്ഥലത്ത് ഒരു വാഷ്ബേസിൻ സഹിതം ചുരുങ്ങിയത് ഒരു പ്രത്യേക വാട്ടർ േക്ലാസറ്റ് ഇവർക്കായി സജ്ജീകരിക്കണം.
കെട്ടിടത്തിനടുത്തുള്ള നടപ്പാതകൾ നിരപ്പായിട്ടുള്ളതും ചക്രങ്ങളിൽ സഞ്ചരിക്കാൻ അനുയോജ്യവുമാക്കണം. വൈകല്യമുള്ള വ്യക്തികൾക്ക് സഹായകരമായി കെട്ടിടത്തിെൻറ പ്രധാന സ്ഥലങ്ങളിലെല്ലാം ഉചിതമായ അടയാളം നൽകണം. പേക്ഷ, ഇതെല്ലാം കടലാസുകളിൽ മാത്രം. ഇൗ നിർദേശങ്ങളെല്ലാം നടപ്പാക്കിക്കിട്ടാൻ ഇനി ആര് ആരോടാണ് കൽപിക്കേണ്ടത്?
•നാളെ: മാറേണ്ടതുണ്ട് മനസ്സും മാനദണ്ഡങ്ങളും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.