കൽപറ്റ: ആധുനിക സാങ്കേതിക വിദ്യകൾ ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക ഉന്നമനത്തിനായി ഉപയോഗപ്പെടുത്തുമെന്ന് പട്ടികജാതി-പട്ടികവർഗ വികസന മന്ത്രി കെ. രാധാകൃഷ്ണൻ. കൽപറ്റ ഇന്ദ്രിയ ഹാളിൽ നടന്ന ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ കോളനീസ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക സാങ്കേതിക വിദ്യകൾ ഗുണകരമായ മാറ്റത്തിന് ഉപയോഗപ്പെടുത്തണം.
വികസന പദ്ധതികളിൽ മനുഷ്യത്വ സമീപനവും ഉണ്ടാകണം. അല്ലാത്തപക്ഷം അവ പ്രയോജനം ചെയ്യില്ലെന്ന് മന്ത്രി പറഞ്ഞു. പട്ടികവർഗ വിദ്യാർഥികൾക്ക് ഡിജിറ്റൽ സാക്ഷരത നൽകുന്നതിന് മുഖ്യ പരിഗണന നൽകും. ഒരു വർഷം കൊണ്ട് 1026 പട്ടികവർഗ സങ്കേതങ്ങളിൽ കണക്ടിവിറ്റി സൗകര്യമമൊരുക്കിയിട്ടുണ്ട്. അവശേഷിക്കുന്ന പ്രദേശങ്ങളിലും ഉടൻ കണക്ഷൻ സൗകര്യം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ഒ.ആർ. കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ല കലക്ടര്‍ എ. ഗീത, പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ അർജുന് പാണ്ഡ്യന്, സീഡാക് ശാസ്ത്രജ്ഞന്മാരായ പി.എസ്. സുബോധ്, പി. ദേവാനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.
49 പഠനകേന്ദ്രങ്ങൾ സ്മാർട്ടാകും
കൽപറ്റ: ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ കോളനീസ് പദ്ധതിയിൽ ജില്ലയിലെ 49 സാമൂഹിക പഠന കേന്ദ്രങ്ങൾ സ്മാർട്ടാകും. ജില്ലയിൽ പൈലറ്റടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ പട്ടിക വർഗക്കാരുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും തൊഴിലിനുമാണ് പ്രാധാന്യം നൽകുന്നത്. ഒമ്പത് കോടിയോളം രൂപയാണ് പദ്ധതിക്കായി ചെലവിടുക.
കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവും പട്ടികവര്‍ഗ വകുപ്പും സീഡാക്കും സംയുക്തമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്‍ഫര്‍മേഷന്‍ കമ്യൂനിക്കേഷന്‍ ടെക്നോളജി സഹായത്തോടെ വിദ്യാഭ്യാസം, ആരോഗ്യാവബോധം, രോഗനിര്‍ണയം എന്നിവക്ക് സഹായകരമാകുന്ന സംവിധാനങ്ങൾ സാമൂഹിക പഠന കേന്ദ്രങ്ങളിൽ ഒരുക്കും. പട്ടികവര്‍ഗ മേഖലയിലെ നോണ്‍ കമ്യൂണിക്കബിള്‍ രോഗങ്ങളുടെ പരിശോധനയും അർബുദ രോഗങ്ങൾ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ കണ്ടെത്തി ചികിത്സക്ക് വിദഗ്ധ ഉപദേശം ലഭ്യമാക്കുന്നതിനുളള ടെലി മെഡിസിന് സംവിധാനവും സജ്ജീകരിക്കും. പട്ടികവർഗക്കാരിൽ നിന്നുള്ള പരിശീലനം നേടിയ നഴ്സുമാരുടെ നേതൃത്വത്തിലാണ് സേവനങ്ങൾ നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.