കളമശ്ശേരി: പഴകിയ ഓയിൽ സംസ്കരിക്കുന്ന കമ്പനിയിൽ നിന്നുള്ള മലിന ജലം പെരിയാറിലേക്ക് ഒഴുക്കി വന്നത് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവർത്തകരും ചേർന്ന് കണ്ടെത്തി.
സംഭവത്തിൽ എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ‘സീജീ ലൂബ്രിക്കന്റ്സ്’ എന്ന കമ്പനിക്ക് മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസ് നൽകി. പൂട്ടാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസാണ് നൽകിയത്. ബുധനാഴ്ച പുലർച്ചെ 2.40ഓടെ പാതാളം റെഗുലേറ്റർ ബ്രിഡ്ജിന് സമീപം പുഴയിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവർത്തകരും സംയുക്ത നിരീക്ഷണം നടത്തി വരവേ ബ്രിഡ്ജിന് പുറത്ത് പുഴയിലേക്ക് കറുത്ത നിറത്തിൽ മലിനജലം ഒഴുകി വരുന്നത് ശ്രദ്ധയിൽപ്പെട്ടു.
ഒഴുകുന്നതിന്റെ ഉറവിടം അന്വേഷിച്ചതിൽ ഈ കമ്പനിയിൽ നിന്നുള്ളതാണെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് ഏലൂർ പി.സി.ബി എൻവയോൺമെന്റൽ എൻജിനീയർ എം.എ. ഷിജു പറഞ്ഞു.
വ്യവസായ മേഖലയിലെ മഴവെള്ളം ഒഴുകി പോകാൻ സ്ഥാപിച്ച കാനയിലൂടെയാണ് മലിന ജലം ഒഴുകി എത്തിയത്. നിയമ പ്രകാരം കമ്പനിക്കകത്ത് നിന്ന് ജലം പുറത്തുവിടുന്നതിന് അനുമതിയില്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഈ കമ്പനിയിൽ നിന്ന് രണ്ട് കുഴലുകളാണ് പൊതുകാനയിലേക്ക് സ്ഥാപിച്ചിരിക്കുന്നത്. ഒന്ന് താഴ് ഭാഗത്തായും മറ്റൊന്ന് അതിന് മുകളിലുമായാണ് സ്ഥാപിച്ചിരിക്കുന്നത്.
മഴയില്ലാത്ത സമയത്തും കാനയിലൂടെ കറുത്ത ജലമാണ് ഒഴുകി വരുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു. 15 ദിവസത്തിനകം മറുപടി നൽകണെമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
കഴിഞ്ഞ മാസം പെരിയാറിൽ നടന്ന മത്സ്യക്കുരുതിക്ക് ശേഷം പരിസ്ഥിതി പ്രവർത്തകർ പെരിയാറിൽ നിരീക്ഷണം ശക്തമാക്കിയിരിക്കെയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.