അയ്യൻകുന്ന് മുൻ വില്ലേജ് ഓഫിസർ ഹാരിസ് ഇബ്രാഹിമിനെതിരെ അച്ചടക്ക നടപടി

തിരുവനന്തപുരം: കണ്ണൂരിലെ അയ്യൻകുന്ന് മുൻ വില്ലേജ് ഓഫിസർ ഹാരിസ് ഇബ്രാഹിമിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ റവന്യൂ വകുപ്പിന്റെ ഉത്തരവ്. ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഭൂമിക്ക് നികുതി അയച്ചു നൽകുന്നതിന് ഒത്താശ ചെയ്തുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.  അതിനാൽ  വർഷിക വേതന വർധനവ് സഞ്ചിതഫലത്തോടെ ഒരു വർഷത്തേക്ക് തടഞ്ഞാണ് ഉത്തരവിറക്കിയത്.  

ഇരിട്ടി താലൂക്കിലെ അയ്യൻകുന്ന് വില്ലേജിൽ പ്രവർത്തിക്കുന്ന ദീന മെറ്റൽസ് എന്ന സ്ഥാപനം 43.55 ഏക്കറും ശാന്തി ഗ്രാനൈറ്റ് എന്ന സ്ഥാപനം 37.49 ഏക്കറും ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി കൈവശം വെച്ചിരുന്നു. ഇക്കാര്യത്തിൽ ഭൂപരിഷ്കരണ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിനായി വില്ലേജ് ഓഫീസർ നിലയിൽ അറിയിച്ചില്ല. ഈ വിവരം ബന്ധപ്പെട്ട മേലധികാരികളെ അറിയിക്കുന്തിൽ ബോധപൂർവം വീഴ്ച വരുത്തിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

തലശ്ശേരി താലൂക്ക് തിരുവങ്ങാട് അംശം ദേശത്ത് കുമുദവല്ലി ജനാർദ്ദനനും കുടുംബത്തിനും പരിധിയിൽ കവിഞ്ഞ സ്വത്ത് ഉണ്ടെന്നത് വില്ലേജ് ഓഫീസിലെ രേഖകൾ പ്രകാരം മിച്ചഭൂമിയാണെന്ന് കണ്ടെത്തിയിട്ടും ഇത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തില്ലെന്നും പരിശോധയിൽ കണ്ടെത്തി. ഈ രണ്ട് കേസിലും മിച്ചഭൂമി സർക്കാരിലേക്ക് ഏറ്റെടുക്കാൻ ശുപാർശ നൽകേണ്ടുന്നതിനു പകരം മിച്ചഭൂമി ഏറ്റെടുക്കുന്നതിൽ നിന്നും ഒഴിവാക്കി കിട്ടാൻ കക്ഷികളുടെ മക്കളുടെ, ഭർത്താക്കന്മാരുടെ പേരിൽ പോക്കുവരവ് ചെയ്തു കൊടുത്തു. ഭൂനികുതി സ്വീകരിക്കുകയും ചെയ്തു.

എം.എം.ജനാർദനന്റെയും കുടുംബത്തിന്റെയും പേരിലെ 41.83 ഏക്കർ ഭൂമിയിൽ നിന്നും എട്ട് ഏക്കർ ഭൂമി ഓഫീസിലെ 2015 ജൂൺ 26 ലെ 1847/15, 1848/15 എന്നീ ആധാരങ്ങൾ പ്രകാരം 1.61 ഹെക്ടർ വീതം കൈമാറി. ഇത് പോക്കുവരവ് രജിസ്റ്ററിൽ രേഖപ്പെടുത്തിയില്ല. രണ്ട് ആധാരങ്ങളും പോക്കുവരവും നടത്തി. പരിധിയിൽ കവിഞ്ഞ ഭൂമി മിച്ചഭൂമിയായി സർക്കാരിലേക്ക് പോകാതിരിക്കാൻ ആധാരങ്ങൾ എഴുതി ചമച്ചത് വില്ലേജ് ഓഫിസറുടെ ഒത്താശയോടെയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

വില്ലേജ് റെക്കോർഡുകൾ കൈകാര്യം ചെയ്യുന്നതിൽ മുൻഗാമികൾ വരുത്തിയ വീഴ്ചകളും ശരിയായ വില്ലേജ് രേഖകളുടെ അഭാവവും മറയാക്കി ശരിയായ പരിശോധനകൾ നടത്താതെ പോക്കുവരവ് നടത്തിയത് വില്ലേജ് ഓഫിസറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് ലാൻഡ് റവന്യൂ കമീഷണർ റിപ്പോർട്ട് ചെയ്തു. പി.എസ്.സിയും ഈ നടപടി സ്വീകരിക്കണമെന്ന് നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. 

Tags:    
News Summary - Disciplinary action against Ayyankunn former village officer Harris Ibrahim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.