പാത്രങ്ങളുമായി പാർസല്‍ വാങ്ങാന്‍ വരുന്നവര്‍ക്ക് കിഴിവ്

തിരുവനന്തപുരം: പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറക്കാൻ ക്രിയാത്മക നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷ കമീഷണര്‍. നിർദേശങ്ങ​ളോട്​ സഹകരിക്കുമെന്ന്​ വ്യാപാരികൾ ഉറപ്പുനൽകി. പാത്രങ്ങളുമായി പാർസല്‍ വാങ്ങാന്‍ വരുന്നവര്‍ക്ക് അഞ്ചുമുതല്‍ 10 ശതമാനം വരെ കിഴിവ് നല്‍കുമെന്ന നിർദേശമാണ്​ ഇതിൽ​ പ്രധാനം. ​നിശ്ചിത തുകക്ക്​ സ്റ്റീൽ പാത്രം നൽകുന്നതാണ്​ മറ്റൊന്ന്​. ഈ പാത്രം മറ്റേത്​ ഭക്ഷണശാലയിൽ നൽകിയാലും റീഫണ്ട്​ കിട്ടും. നിലവിൽ ഊണും കറികളും കൊടുക്കുന്ന പൊതിയിലൂടെ ഒരുകൂട്ടം പ്ലാസ്റ്റിക്​ മാലിന്യമുണ്ടാകുന്നുണ്ട്​. ഇതിനു പരിഹാരമായി ഒരൊറ്റ പാത്രത്തിൽതന്നെ നൽകാൻ കഴിയുന്ന തരത്തിലുള്ള ഡിസൈൻ കൊണ്ടുവരും. ഇതിനായി പാ​ക്കേജിങ്​ മാനുഫാക്​ചറിങ്​ കമ്പനികളുമായി ആലോചന നടത്തി ഒരാഴ്ചക്കകം തീരുമാനമെടുക്കും. ഫുഡ് പാക്കേജിങ്ങുമായി ബന്ധപ്പെട്ട് ഭക്ഷ്യോൽപാദന, വിതരണ, വിപണന രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ക്കായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടിയിലാണ്​ ഭക്ഷ്യസുരക്ഷ കമീഷണര്‍ വി.ആര്‍. വിനോദ്​ ഈ നിർ​ദേശങ്ങൾ മുന്നോട്ടുവെച്ചത്​.

പാക്കേജിങ്​ സാമഗ്രികൾ​ ഫുഡ് ഗ്രേഡ്​ ഇനത്തിലുള്ളതായിരിക്കാനും അതിന്‍റെ സർട്ടിഫിക്കറ്റ്​ കടകളിൽ സൂക്ഷിക്കാനും നിർദേശമുണ്ട്​. ഇത്​ ആവശ്യമായ സമയത്ത്​ പരിശോധിക്കാൻ നൽകണം. ഒപ്പം സാമ്പിളെടുത്തും പരിശോധിക്കുമെന്ന്​ ഭക്ഷ്യസുരക്ഷ കമീഷണര്‍ വി.ആര്‍. വിനോദ് ‘മാധ്യമ’ത്തോട്​ പറഞ്ഞു.

മാലിന്യമുക്ത നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായാണ്​ ബദല്‍ മാര്‍ഗങ്ങളുടെ സാധ്യതകള്‍ സംബന്ധിച്ച്​ ചര്‍ച്ച നടന്നത്​. ചടങ്ങില്‍ ഫുഡ് പാക്കേജിങ് ആന്‍ഡ് സേഫ്റ്റി റിക്വയര്‍മെന്റസ് എന്ന വിഷയത്തില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്​സ്​ ജോയന്റ് ഡയറക്ടര്‍ റിനോ ജോണ്‍ ഭക്ഷ്യസുരക്ഷ ഓഫിസര്‍മാര്‍ക്കായി പരിശീലന ക്ലാസെടുത്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കുടുംബശ്രീ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.

Tags:    
News Summary - Discount for those who come to buy parcels with containers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.