അടിയന്തരപ്രമേയം: അക്കമിട്ട് കടന്നാക്രമണം, ചരിത്രം നിരത്തി പ്രത്യാക്രമണം; ചർച്ചയിൽ കൊണ്ടും കൊടുത്തും പിരിമുറുക്കമുള്ള മുഹൂർത്തങ്ങൾ

തിരുവനന്തപുരം: എ.ഡി.ജി.പി-ആ.എസ്.എസ് കൂടിക്കാഴ്ചയിലും മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദത്തിലും അക്കമിട്ട് ചോദ്യങ്ങൾ നിരത്തി പ്രതിപക്ഷം. മലപ്പുറം ജില്ല രൂപവത്കരണവും കോലീബിയും തലശ്ശേരി കലാപവും മുതൽ ദേശീയ രാഷ്ട്രീയത്തിലെ കോൺഗ്രസിന്‍റെ ആർ.എസ്.എസ് ബാന്ധവചരിത്രം വരെ ആവർത്തിച്ച ഭരണപക്ഷം പക്ഷേ, സമകാലിക വിഷയങ്ങളിൽനിന്ന് തന്ത്രപൂർവം ഒഴിഞ്ഞുമാറി.

നിയമസഭയിൽ നടന്ന അടിയന്തര പ്രമേയ ചർച്ചയിലാണ് കൊണ്ടും കൊടുത്തും കടന്നാക്രമിച്ചുമെല്ലാം പിരിമുറുക്കമുള്ള മുഹൂർത്തങ്ങൾക്ക് വേദിയായത്. ആരോഗ്യപ്രശ്നങ്ങൾക്ക് കാരണം ഡോക്ടർമാർ ‘സംസാരവിശ്രമം’ നിർദേശിച്ചതിനാൽ മുഖ്യമന്ത്രിയുടെ അഭാവത്തിലാണ് നിർണായക ചർച്ച നടന്നത്. മറുപടി പറയാൻ പകരക്കാരനായി നിയോഗിച്ചത് പാർലമെന്‍ററി കാര്യമന്ത്രി എം.ബി. രാജേഷിനെയും.

എ.ഡി.ജി.പി എം.ആർ അജിത്കുമാർ ആർ.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബാലെയുമായി കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച് 16 മാസം മുമ്പുതന്നെ ഇന്‍റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കിട്ടിയിട്ടും അന്വേഷണം പ്രഖ്യാപിക്കാൻ എന്തുകൊണ്ട് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്ന സെപ്റ്റംബർ വരെ കാത്തിരുന്നു എന്നതായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രധാന ചോദ്യം. ഇത് ‘‘പൊളിറ്റിക്കൽ അസൈൻമെന്‍റാ’’ണ്. അന്വേഷണം പ്രഹസനവും. എന്തിനു പോയി എന്ന് പട്ടിൽ പൊതിഞ്ഞെങ്കിലും എ.ഡി.ജി.പിയോട് ആരായാഞ്ഞതെന്തെന്നും പ്രതിപക്ഷം ചോദിച്ചു.

ഹിന്ദു പത്രത്തിലെ അഭിമുഖ വിവാദത്തിൽ പറയാത്ത ഗുരുതര പരാമർശങ്ങളാണ് മുഖ്യമന്ത്രിയുടെ പേരിൽ അച്ചടിച്ച് വന്നതെങ്കിൽ പി.ആർ ഏജൻസിക്കെതിരെ കേസെടുക്കുമോ എന്നതായായിരുന്നു രണ്ടാമത്തെ ചോദ്യം. എ.ഡി.ജി.പിയെ ചുമതലയിൽനിന്ന് നീക്കിയത് ഉചിതമായ നടപടിയാണെന്നും ആർ.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പറഞ്ഞപോലൊരു ഇന്‍റലിജൻസ് റിപ്പോർട്ട് ഇല്ലെന്നും മന്ത്രി രാജേഷ് വ്യക്തമാക്കി.

റിപ്പോർട്ടുണ്ടെന്നും നിയമസഭയിൽതന്നെ തെളിവ് തരാമെന്നും വി.ഡി. സതീശൻ വാദിച്ചതോടെ റിപ്പോർട്ടിന്‍റെ പകർപ്പ് ഹാജരാക്കാൻ ഭരണപക്ഷം വെല്ലുവിളിച്ചു. റിപ്പോർട്ട് കൈമാറി എന്നതിന്‍റെ തെളിവാണ് ഹാജരാക്കാമെന്ന് പറഞ്ഞതെന്നും മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ട് മേശപ്പുറത്ത് വെക്കാൻ താനല്ല ആ കസേരയിലിരിക്കുന്നതെന്നുമായിരുന്നു സതീശന്‍റെ പ്രതികരണം.

മലപ്പുറത്തെ കുറിച്ചുവന്ന ഗുരുതര പരാമർശത്തിൽ ഹിന്ദു ദിനപത്രം ക്ഷമാപണം നടത്തിയെന്നും മുഖ്യമന്ത്രിയുടെ ഭാഗത്ത് വീഴ്ചയില്ലെന്നും രാജേഷ് വ്യക്തമാക്കി. അതേസമയം, ‘ഹിന്ദു’വിന്‍റെ ഖേദക്കുറിപ്പിലെ പി.ആർ ഏജൻസിയെ കുറിച്ചുള്ളതടക്കം പരാമർശങ്ങളെക്കുറിച്ച് മന്ത്രി രാജേഷ് മിണ്ടിയില്ല. ഇതിനെക്കുറിച്ച് പ്രതിപക്ഷ ബെഞ്ചിൽനിന്ന് ആവർത്തിച്ച് ചൂണ്ടിക്കാട്ടിയപ്പോഴും മറ്റു വിഷയങ്ങളിലേക്ക് വഴുതി മാറുകയായിരുന്നു മന്ത്രി.

മലപ്പുറം ജില്ല രൂപവത്കരിച്ചത് ഇ.എം.എസ് സർക്കാറിന്‍റെ കാലത്താണെന്ന് ചൂണ്ടിക്കാട്ടിയാണ് മലപ്പുറത്തിനെതിരായ ആരോപണങ്ങളെ ഭരണപക്ഷം പ്രതിരോധിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ ആരും തർക്കമുന്നയിച്ചിട്ടില്ലെന്നും മുസ്ലിം ലീഗ് കൂടി ഉൾപ്പെടുന്ന സർക്കാറിൽ, ലീഗിന്‍റെ ആവശ്യംകൂടി പരിഗണിച്ചാണ് തീരുമാനമെടുത്തതെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രതിപക്ഷാംഗം എൻ. ഷംസുദ്ദീനാണ് അടിയന്തര പ്രമേയം അവതരിപ്പച്ചത്. ഉന്നയിച്ച വിഷയങ്ങളിൽ മറുപടി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. 

Tags:    
News Summary - Discussions in Kerala Assembly in subject ADGP-RSS meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.