തിരുവനന്തപുരം: ആശമാരുടെ വേതന കാര്യത്തിൽ സംസ്ഥാനവും കേന്ദ്രവും ഉന്നയിക്കുന്നത് രണ്ട് കാലയളവിലെ കണക്കുകൾ. 2023-24 സാമ്പത്തികവർഷം ബ്രാൻഡിങ്ങിന്റെ പേരിൽ കേന്ദ്രം തടഞ്ഞുവെച്ച വിഹിതത്തിലെ കുടിശ്ശികയെ കുറിച്ചാണ് സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം കുടിശ്ശികയില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി വിശദീകരിക്കുന്നത് 2024-24 വർഷത്തെ കണക്കുകളെ കുറിച്ചും. രണ്ട് വാദങ്ങളിലും കഴമ്പുണ്ടെന്നതാണ് വസ്തുത.
60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന വിഹിതവും ഉപയോഗിച്ചാണ് എൻ.എച്ച്.എം പ്രവർത്തിക്കുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ എൻ.എച്ച്.എമ്മിന്റെ ആശ ഉള്‍പ്പെടെ സ്കീമുകൾക്കും സാധാരണ നിലയിലുള്ള പ്രവര്‍ത്തനങ്ങൾക്കുമായുള്ള 636.88 കോടി രൂപയിൽ ഒരു രൂപയും കേന്ദ്രം അനുവദിച്ചിട്ടില്ല. അതിപ്പോഴും കുടിശ്ശികയായി തുടരുകയാണ്. കേന്ദ്ര വിഹിതം മുടങ്ങിയെങ്കിലും ഇക്കാലയളവിൽ ആശമാരുടെയടക്കം ഓണറേറിയം മുടങ്ങാതിരിക്കാൻ 215 കോടി സംസ്ഥാന സർക്കാർ അഡ്വാൻസായി ചെലവഴിച്ചിരുന്നു.
ഇത് മാത്രമല്ല, ഇക്കാലയളവിൽ സൗജന്യ പരിശോധനകൾ, സൗജന്യ ചികിത്സകൾ, എൻ.എച്ച്.എം മുഖേന നിയമിക്കപ്പെട്ട ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യ പ്രവർത്തകരുടെ ശമ്പളം, ബയോമെഡിക്കൽ മാനേജ്മെന്റ്, മരുന്നുകൾ, കനിവ് 108 ആംബുലൻസ്, അമ്മയും കുഞ്ഞും പദ്ധതി തുടങ്ങിയവയെല്ലാം മുടങ്ങാതിരിക്കാൻ സംസ്ഥാന ഫണ്ട് വിനിയോഗിച്ചിട്ടുണ്ട്. അതേസമയം 2024-25 സാമ്പത്തിക വർഷത്തിൽ എൻ.എച്ച്.എം വിഹിതം കേന്ദ്രം അനുവദിക്കുന്നുണ്ട്. അപ്പോഴും മുൻ വർഷത്തെ കുടിശ്ശികയെ കുറിച്ച് മിണ്ടുന്നില്ല. 2024-25 വർഷം ആശമാരുടെ ഇൻസെന്റീവിന് ഉൾപ്പെടെ 347.03 കോടി കേന്ദ്രത്തിൽ നിന്ന് കിട്ടിയിരുന്നു. 2024 ജൂലൈ 26നാണ് ഈ സാമ്പത്തിക വർഷത്തെ ആദ്യഗഡുവായ 102.9 കോടി ഫണ്ട് അനുവദിച്ചത്. ഒരുമാസം ശമ്പളവും ആശ ഇൻസെന്റീവും ഉൾപ്പെടെ 55 കോടിയാണ് വേണ്ടത്. ആശമാരുടെ ഇൻസെന്റീവ് കാര്യത്തിൽ തുകയെത്രയെന്ന് പറയാതെയാണ് കേന്ദ്രം വർധന പ്രഖ്യാപിച്ചത്. രാജ്യത്തെ ആരോഗ്യസുരക്ഷ സംവിധാനത്തിന്റെ നട്ടെല്ലായി മാറിയ ആശ വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കണമെന്ന ആവശ്യത്തെയും കേന്ദ്രം അഭിമുഖീകരിച്ചിട്ടില്ല. ആശ വർക്കർമാർക്ക് നിലവിൽ കേന്ദ്രം നൽകുന്ന ഇൻസെന്റീവ് നിലവിലെ വിലക്കയറ്റവുമായി താരതമ്യം ചെയ്യുമ്പോൾ 60 ശതമാനം കുറവാണ്. അതേസമയം ഇൻസെന്റീവ് കാര്യത്തിൽ തത്വത്തിൽ കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചതോടെ സംസ്ഥാന സർക്കാർ കൂടുതൽ പ്രതിരോധത്തിലാണ്. സമരത്തോട് മുഖംതിരിച്ച് ഇനി അധികം മുന്നോട്ടുപോകാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.