ഈരാറ്റുപേട്ട: പൊലീസ് സ്റ്റേഷനിൽ മതസ്പർധ, തീവ്രവാദം തുടങ്ങിയ കേസുകൾ ഇല്ലെന്ന് ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട്. മാർച്ച് 30ന് സംസ്ഥാന പൊലീസ് മേധാവിക്കാണ് റിപ്പോർട്ട് നൽകിയത്. ജനകീയ വികസന ഫോറം പ്രസിഡന്റ് പി.എ. മുഹമ്മദ് ഷെരീഫിന് ഏപ്രിൽ 23ന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മുൻ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമാണവുമായി ബന്ധപ്പെട്ട് 2022 ഡിസംബർ 22 ന് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ മതസ്പർധ, തീവ്രവാദ പ്രവർത്തനം, ക്രമസമധാന പ്രശ്നം എന്നീ കേസുകൾ സ്റ്റേഷനിൽ വളരെയധികമാണെന്ന് രേഖപ്പെടുത്തിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു.
എന്നാൽ മതസ്പർധ, തീവ്രവാദ കേസുകൾ ഇല്ലെന്നാണ് ഈരാറ്റുപേട്ട സ്റ്റേഷനിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ 2024 ഒക്ടോബർ 12 ന് ഷെരീഫിന് നൽകിയ വിവരാവകാശ മറുപടിയിൽ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ 18 ന് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ജനകീയ വികസന ഫോറം പ്രസിഡന്റ് ഷെരീഫ് ഈ റിപ്പോർട്ട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി. തുടർന്നാണ് ജില്ല പൊലീസ് മേധാവിയായിരുന്ന കെ. കാർത്തിക്കിന്റെ 2022 ഡിസംബറിലെ റിപ്പോർട്ട് തിരുത്തി ഇപ്പോഴത്തെ ജില്ല പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ് പുതിയ റിപ്പോർട്ട് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.