കോലഞ്ചേരി: വടവുകോട് ബ്ലോക്ക് ഭരണസമിതിക്കെതിരെ നൽകിയ അവിശ്വാസ നോട്ടീസിൽ കോൺഗ്രസ്- ട്വന്‍റി20 പോര് രൂക്ഷമായേക്കും. ട്വന്‍റി20 പ്രതിനിധിയായ ബ്ലോക്ക് പ്രസിഡന്‍റ് റസീന പരീതിനെതിരെ അഞ്ച് കോൺഗ്രസ് അംഗങ്ങളാണ് ജില്ല പഞ്ചായത്ത് സെക്രട്ടറിക്ക് അവിശ്വാസ നോട്ടീസ് നൽകിയത്.
കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്‍റെ ആഴ്ചകൾ നീണ്ട ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് അവിശ്വാസ നോട്ടീസ്. എന്നാൽ, ജില്ലയിൽ ട്വന്‍റി20യുമായി ധാരണയുണ്ടാക്കി മുന്നോട്ട് പോകാനുള്ള ഉന്നത കോൺഗ്രസ്, യു.ഡി.എഫ് നേതാക്കളുടെ നീക്കത്തിന് പ്രാദേശിക നേതൃത്വത്തിന്‍റെ നീക്കം തിരിച്ചടിയായി.
ട്വന്‍റി20യുടെ പ്രാരംഭകാലം മുതൽ പ്രാദേശിക കോൺഗ്രസ് നേതൃത്വമായിരുന്നു അവരുടെ എതിരാളി. മുതിർന്ന കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ, പ്രാദേശിക നേതാവ് എം.പി. രാജൻ തുടങ്ങിയവരും ട്വന്‍റി20 ചീഫ് കോഓഡിനേറ്റർ സാബു എം. ജേക്കബും തമ്മിലുള്ള പോര് പലപ്പോഴും മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉന്നത കോൺഗ്രസ് യു.ഡി.എഫ് നേതാക്കൾ സാബു എം. ജേക്കബുമായി ചർച്ച നടത്തി സഖ്യസാധ്യതകൾക്ക് നീക്കം നടത്തിയിരുന്നു.ഈ സാധ്യത നിലനിൽക്കെയാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വം ട്വന്‍റി20 ഭരണസമിതിയെ പുറത്താക്കാൻ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ജില്ല നേതൃത്വത്തെ സമീപിച്ചത്. ജില്ല നേതൃത്വം അനുമതി നൽകുകയും ചെയ്തു.
ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ട്വന്‍റി20യുമായി സഖ്യം രൂപപ്പെടുത്തി നിയമസഭ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട് പിടിച്ചെടുക്കുന്നതോടൊപ്പം ജില്ലയിൽ സമ്പൂർണ വിജയം നേടുക എന്നതായിരുന്നു ഒരുവിഭാഗം യു.ഡി.എഫ് നേതാക്കളുടെ ലക്ഷ്യം. എന്നാൽ, ഇപ്പോഴത്തെ അവിശ്വാസപ്രമേയം അതിന് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.