തിരുവനന്തപുരം: 11ാം ശമ്പള പരിഷ്കരണത്തിൽ അടിസ്ഥാന ശമ്പളവും മറ്റു ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സർക്കാർ ഡോക്ടർമാർ സെക്രട്ടേറിയറ്റ് പടിക്കൽ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ നടത്തിവരുന്ന നിൽപ് സമരം 15ാം ദിവസം പിന്നിട്ടു. ചർച്ചക്കുപോലും സർക്കാർ തയാറാകാത്തതിനെ തുടർന്ന് സമരം കടുപ്പിക്കാനാണ് സർക്കാർ ഡോക്ടർമാരുടെ തീരുമാനം.
ബുധനാഴ്ച കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. ഡോ. അരുൺ.എ.ജോൺ ഉദ്ഘാടനം ചെയ്തു. ഡോക്ടർമാരെ പണിമുടക്കിലേക്ക് തള്ളിവിടാതെ ന്യായമായ ആവശ്യങ്ങൾ എത്രയും വേഗം പരിഹരിക്കാനുള്ള നീക്കം സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് മുന്നണിപ്പോരാളികളെന്ന ആത്മാർഥമല്ലാത്ത വിളികൾക്കപ്പുറം ഡോക്ടർമാരുടെ പ്രശ്നങ്ങളിൽ ഇടപെടലാണ് സർക്കാർ കാണിക്കേണ്ടതെന്ന് മുൻ സംസ്ഥാന പ്രസിഡൻറ് ഡോ. ഒ.എസ്. ശ്യാം സുന്ദർ പറഞ്ഞു.
കോട്ടയം ജില്ല പ്രസിഡൻറ് ഡോ. ശബരിനാഥ് സി. ദാമോദരൻ, ജില്ല സെക്രട്ടറി ഡോ. ടോണി തോമസ്, ഡോ. മനു മുരളീധരൻ, ഡോ.കെ.എ. മനോജ്, ഡോ. ജയ്മി സൈമൺ എന്നിവർ സംബന്ധിച്ചു. ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് മാസങ്ങളായി കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ സമരമുഖത്തുള്ള ഡോക്ടർമാർ രണ്ടാം ഘട്ടമെന്ന നിലയിലാണ് സെക്രേട്ടറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിൽപ് സമരം തുടങ്ങിയത്. എന്നാൽ, രണ്ടാഴ്ച കഴിഞ്ഞിട്ടും സർക്കാർ മുഖം തിരിക്കുന്ന സാഹചര്യത്തിൽ ജനുവരി ഒന്നു മുതൽ തദ്ദേശ സ്ഥാപനങ്ങളുടെ പുതിയ ആരോഗ്യപദ്ധതികളിൽ നിന്നെല്ലാം വിട്ടുനിൽക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.