തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്തതിന് പിന്നാലെ സ്പീക്കറുടേതെന്ന് പറയപ്പെടുന്ന തിരുവനന്തപുരം ചാക്കയിലെ ഫ്ലാറ്റിൽ കസ്റ്റംസിന്‍റെ പരിശോധന. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴിയില്‍ പരാമർശിക്കുന്ന ഫ്ലാറ്റാണിത്. ഈ ഫ്ളാറ്റിൽ വെച്ച് സ്പീക്കർ പണം കൈമാറിയെന്നാണ് സ്വപ്ന മൊഴി നൽകിയത്.
നേരത്തെ, സ്പീക്കറുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി കസ്റ്റംസ് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു ചോദ്യം ചെയ്യൽ. പണമടങ്ങിയ ബാഗ് കൈമാറിയിട്ടില്ലെന്ന് സ്പീക്കർ കസ്റ്റംസിനെ അറിയിച്ചതായാണ് വിവരം.
നേരത്തെ മൂന്ന് തവണ ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് സ്പീക്കർക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. തെരഞ്ഞെടുപ്പ് തിരക്കിലായതിനാൽ ഹാജരാവാൻ കഴിയില്ലെന്നാണ് ഒരിക്കൽ അദ്ദേഹം അറിയിച്ചത്. പിന്നീട് ഈ മാസവും നോട്ടീസ് നൽകി. പക്ഷേ ആരോഗ്യപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ശ്രീരാമകൃഷ്ണൻ ഒഴിഞ്ഞുമാറി.
വിശദമായ ചോദ്യം ചെയ്യൽ കസ്റ്റംസ് നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥര്‍ എത്തിയേക്കുമെന്നും സൂചനയുണ്ട്. ഡോളർ കടത്ത് കേസിൽ സ്പീക്കർക്കും പങ്കുണ്ടെന്ന് സ്വർണകടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും, സരിത്തും മൊഴി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.