അരിമ്പൂർ (തൃശൂർ): മകന്റെയും മരുമകളുടെയും മർദനം സഹിക്കാനാവാതെ വീടുവിട്ടിറങ്ങിയ വയോധിക ദമ്പതികളെ സാമൂഹികനീതി വകുപ്പ് ഇടപെട്ട് അനാഥാലയത്തിലേക്കു മാറ്റി. അരിമ്പൂർ കൈപ്പിള്ളി റിങ് റോഡിൽ താമസിക്കുന്ന പ്ലാക്കൻ വീട്ടിൽ തോമസ് (79), ഭാര്യ റോസിലി (76) എന്നിവരാണ് മർദനത്തിനിരയായത്. മകനും മരുമകളും ചേർന്ന് മർദിക്കുന്നതായി കാണിച്ച് അന്തിക്കാട് പൊലീസിൽ ഇവർ പരാതി നൽകിയിരുന്നു.
അരിമ്പൂരിലെ തീപ്പെട്ടി കമ്പനിയിലെ തൊഴിലാളിയായിരുന്നു തോമസ്. ജോലിയിൽനിന്ന് വിട്ടശേഷം സ്വസ്ഥമായി കഴിയുന്നതിനിടെ രണ്ടു മക്കളിൽ ഒരാളോടൊപ്പം താമസമായി. തോമസിന്റെ വരുമാനം നിലച്ചതിനാലാണ് വയോധിക ദമ്പതികൾക്കുനേരെ മരുമകൾ ശത്രുതാനിലപാട് കൈക്കൊണ്ടതെന്നാണ് പറയുന്നത്. റോസിലിയെ മരുമകൾ സ്ഥിരമായി മർദിക്കാറുള്ളതായി അന്തിക്കാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസം മുഖത്തും തലയിലും മർദിച്ച് ഭാര്യയെ വശംകെടുത്തിയതിനെ തുടർന്ന് വീടുവിട്ടിറങ്ങാൻ തീരുമാനിക്കുകയായിരുന്നുവെന്ന് തോമസ് പറഞ്ഞു. മർദനവിവരങ്ങൾ നാട്ടുകാരാണ് ജില്ല സാമൂഹിക നീതി വകുപ്പ് അധികൃതരെ അറിയിച്ചത്. തുടർന്ന് കൗൺസിലർ മാല രമണനും അന്തിക്കാട് പൊലീസും ഇവരുടെ വീട്ടിലെത്തി. ജോലിക്കു പോയ മരുമകൾ തിരിച്ചെത്തുമ്പോൾ വീട്ടിൽ തങ്ങളെ കണ്ടാൽ വീണ്ടും ഉപദ്രവിക്കുമെന്ന് പറഞ്ഞതിനാൽ തോമസും റോസിലിയും തങ്ങളുടെ സാധനങ്ങൾ കവറിലാക്കി വീട് വിട്ടുപോകുകയായിരുന്നു. സാമൂഹികനീതി വകുപ്പാണ് ഇവർക്കായി താമസസ്ഥലം കണ്ടെത്തിയത്.
അന്തിക്കാട് പൊലീസിൽ പരാതി നൽകിയശേഷം ഇരുവരും വാർഡ് അംഗം ജില്ലി വിൽസൺ, സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥ എന്നിവരുടെ സാന്നിധ്യത്തിൽ മണലൂരിലുള്ള വിവിധ അഗതിമന്ദിരങ്ങളിലേക്ക് താമസം മാറ്റുകയായിരുന്നു. പരാതി ലഭിച്ച സാഹചര്യത്തിൽ വയോധികർക്കുണ്ടായ ബുദ്ധിമുട്ടിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.