മലപ്പുറം വിരുദ്ധ പരാമർശം: ഒന്നുകിൽ മുഖ്യമന്ത്രി സംഘ് പരിവാർ ഇര, അല്ലെങ്കിൽ മോദിയെ പ്രീണിപ്പിക്കാനുള്ള ശ്രമം -ഡോ. ആസാദ്

കോഴിക്കോട്: ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ മലപ്പുറം വിരുദ്ധപരാമർശം വന്നതിന് പിന്നിൽ രണ്ട് സാധ്യതകൾ ഉണ്ടാകാമെന്ന് ഇടതുചിന്തകൻ ഡോ. ആസാദ്. മുഖ്യമന്ത്രി സംഘ്പരിവാർ ഗൂഢാലോചനയുടെ ഇരയായതാകാനാണ് ഒരു സാധ്യത. സംഘപരിവാരത്തിനും ബി.ജെ.പിക്കും അവരുടെ ന്യൂനപക്ഷ വേട്ടയ്ക്ക് മലപ്പുറത്തെയും മുസ്‍ലിം ന്യൂനപക്ഷ സമുദായത്തെയും ദേശദ്രോഹ പ്രവർത്തനങ്ങളുടെ നിഴലിൽ നിർത്തണം. അതിന് കൈസൻ എന്ന ഏജൻസി വഴി മുഖ്യമന്ത്രിയുടെ വിശ്വസ്തനായ സുബ്രഹ്മണ്യനെ ഉപയോഗപ്പെടുത്തിയതാവാം. മറ്റൊരു സാധ്യത, കേന്ദ്ര -മോദി സർക്കാറിനെ പ്രീണിപ്പിക്കാൻ സുബ്രഹ്മണ്യൻ മുഖേന കൈസന്റെ സഹായം മുഖ്യമന്ത്രി തേടിയതാവാം. കേന്ദ്ര മോദി സർക്കാറിനെ പ്രീണിപ്പിക്കലാവണം ലക്ഷ്യം -ആസാദ് പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം:

പി ആർ ഏജൻസി ഇടപെട്ടു എന്നത് നേരാവാം. അത് ആർക്കുവേണ്ടി എന്തിനു വേണ്ടി എന്ന് അവർക്കേ അറിയൂ. സി പി ഐ എം നേതാവായ കേരള മുഖ്യമന്ത്രി മലപ്പുറത്തെപ്പറ്റി ദേശദ്രോഹവുമായി ബന്ധപ്പെടുത്തി സംസാരിക്കണമെന്നും അത് ദില്ലി പത്രത്തിൽ വരണമെന്നും ആരാണ് ഉദ്ദേശിച്ചിട്ടുണ്ടാവുക? അതിന് പണം ചെലവഴിക്കാൻ ആർക്കാണ് താൽപ്പര്യം ഉണ്ടാവുക?

സാദ്ധ്യതകൾ രണ്ടാണ്. ഒന്നുകിൽ സംഘപരിവാരത്തിനും ബി ജെ പിക്കും അവരുടെ ന്യൂനപക്ഷ വേട്ടയ്ക്ക് മലപ്പുറത്തെയും മുസ്ലീം ന്യൂനപക്ഷ സമുദായത്തെയും ദേശദ്രോഹ പ്രവർത്തനങ്ങളുടെ നിഴലിൽ നിർത്തണം. അതിന് കേരളത്തിലെ സി പി എം മുഖ്യമന്ത്രിയുടെ നാവിൽനിന്നു തന്നെ അങ്ങനെയൊരു പരാമർശം വീണു കിട്ടണം. പി ആർ ഏജൻസിയെ സമീപിച്ച് അക്കാര്യത്തിന് പണം നൽകി കരാർ ഉറപ്പിച്ചത് ബി ജെ പി-സംഘ പരിവാരങ്ങളാവാം. കൈസൻ എന്ന ഏജൻസി അതിന് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ സുബ്രഹ്മണ്യനെ ഉപയോഗപ്പെടുത്തിയതും ആവാം.

അങ്ങനെയെങ്കിൽ മുഖ്യമന്ത്രി അവരുടെ ഗൂഢാലോചനയുടെ ഇരയാണ്. വാർത്ത വരികയും കാര്യങ്ങൾ വെളിപ്പെടുകയും താൻ വഞ്ചിക്കപ്പെട്ടു എന്നു മനസ്സിലാക്കുകയും ചെയ്യുമ്പോൾ പക്ഷേ, പിണറായി വിജയൻ ഇങ്ങനെയല്ല പ്രതികരിക്കാൻ സാദ്ധ്യത. ആ ക്ഷോഭം ഉണർന്നുകാണാത്തത് സംശയങ്ങൾക്ക് ഇട നൽകുന്നു.

അതിനാൽ രണ്ടാമത്തെ സാദ്ധ്യത നോക്കാം. ബി ജെ പി - സംഘപരിവാര ശക്തികളുടെ ഇംഗിതം നിർവ്വഹിച്ചു കൊടുത്താൽ മുഖ്യമന്ത്രിക്കും നേട്ടം കാണണം. ദില്ലിയിൽ വിനീത വിധേയനായി ആ താൽപ്പര്യങ്ങളുടെ പ്രകടനം നടത്താൻ സുബ്രഹ്മണ്യൻ മുഖേന കൈസന്റെ സഹായം തേടിയിട്ടുണ്ടാവാം. കേന്ദ്ര മോദി സർക്കാറിനെ പ്രീണിപ്പിക്കലാവണം ലക്ഷ്യം.

വാർത്ത വന്നപ്പോൾ ദില്ലിയിലല്ല, കേരളത്തിലാണ് ആഘാതമുണ്ടായത്. ശക്തമായ പ്രതികരണം ഉയർന്നത്. ആ വാർത്ത കേരളത്തിൽ വരണമെന്ന് മുഖ്യമന്ത്രി ആഗ്രഹിച്ചതാവില്ല. പ്രശ്നമായപ്പോൾ ഒരു ദിവസത്തെ ഇടവേളക്കു ശേഷം പ്രസ് സെക്രട്ടറി ഹിന്ദുവിന് തിരുത്ത് ആവശ്യപ്പെട്ട് കത്തെഴുതുന്നു. ഹിന്ദു, ദേശീയ ദിനപത്രം എന്ന നിലയ്ക്കുള്ള പത്രത്തിന്റെ മാന്യത നില നിർത്തുംവിധം നൽകിയ മറുപടിയിൽ ഇടത്തട്ട് ഏജൻസിയുടെ വിവരം പുറത്തുവിടുന്നു.

ഇതോടെ, മുഖ്യമന്ത്രി വീണ്ടും പരുങ്ങലിലാവുന്നു. കൈസൻ എന്ന ഏജൻസിയെ താനോ തന്റെ ഓഫീസോ നിയോഗിച്ചതല്ലെന്ന് പത്രക്കാരോടു പറയുന്നു. അവരുടെ റോൾ എന്താണെന്ന അന്വേഷണത്തിന് പക്ഷേ, മുഖ്യമന്ത്രി തയ്യാറാവുന്നില്ല. അവരെ തള്ളിപ്പറയുന്നുമില്ല. ഒരു കാര്യം വ്യക്തമാണ്. കൈസന്റെ പ്രവർത്തനം ദുരൂഹം. അതിന്റെ ഗുണഫലമോ ദോഷഫലമോ അനുഭവിച്ച മുഖ്യമന്ത്രിയുടെ നിലപാട് സന്ദേഹാസ്പദം. ഒളിച്ചുവെക്കാനുണ്ട് എന്തൊക്കെയോ. അതിനാൽ പൊതു സമൂഹത്തിന് കൂട്ടിവായിക്കാൻ പലതും ഉണ്ടാകുന്നു. മുഖ്യമന്ത്രിയുടെ ചിരിയും മൗനവും അവിശുദ്ധമായ ഒരിടപാടിന്റെ സമ്മതപത്രമായിത്തീരുന്നു. ഫലത്തിൽ, മുഖ്യമന്ത്രി പണം കൊടുത്തു ചെയ്യിച്ചുവോ എന്ന സംശയത്തോളം ശക്തമാണ് മുഖ്യമന്ത്രി പ്രതിഫലം പറ്റി ചെയ്തുവോ എന്നതും.

Tags:    
News Summary - DR Azad Malayattil about pinarayi vijayans the hindu interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.