തിരുവനന്തപുരം: മെഡിക്കൽ കോളജിലെ പി.ജി വിദ്യാർഥിനി ഡോ. ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡോ. റുവൈസിനെ പ്രതിചേർക്കാൻ വൈകിയത് വിമർശിച്ച മാധ്യമങ്ങളെ കുറ്റപ്പെടുത്തി മെഡിക്കൽ കോളജ് എസ്.എച്ച്.ഒ പി. ഹരിലാലിന്റെ വാട്സ്ആപ് സ്റ്റാറ്റസ്. ‘ഒരു കേസ് ഉണ്ടായാൽ ആദ്യം മീഡിയ കച്ചവടത്തിനു കൊടുക്കണം എന്ന നിലപാടുള്ള മീഡിയ ആണ് നാടിനുശാപം. മീഡിയ പീഡനമാണ് ഒരു അന്വേഷണ ഉദ്യോഗസ്ഥൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അവനോട് സഹകരിക്കാത്ത ഉദ്യോഗസ്ഥനെതിരെ എന്തു തെമ്മാടിത്തവും എഴുതും. പ്രതിയെ പിടിക്കാൻ പൊലീസിസിന് കഴിഞ്ഞില്ല എന്നെഴുതി ചർച്ച നടത്തി പണം ഉണ്ടാക്കണം. ഈ നിലപാട് മാറണം’ എന്നാണ് സ്റ്റാറ്റസ്.
ഈ കേസുമായി ബന്ധപ്പെട്ട് തുടക്കം മുതൽ ഒളിച്ചുകളി നടത്തിയ സി.ഐക്കെതിരെ മാധ്യമങ്ങൾ വിമർശനം ഉന്നയിച്ചിരുന്നു. ഡോ. ഷഹ്നയുടെ മുറിയിൽനിന്ന് കണ്ടെടുത്ത നാല് പേജുള്ള ആത്മഹത്യക്കുറിപ്പിനെ കുറിച്ചും അതിൽ അറസ്റ്റിലായ റുവൈസിന്റെ പേരുൾപ്പെടെയുള്ള വിവരങ്ങളും സി.ഐ മറച്ചുവെച്ചിരുന്നു. ‘എല്ലാവർക്കും വേണ്ടത് പണമാണ്. എല്ലാറ്റിലും വലുത് പണമാണ്...’എന്നു മാത്രമാണ് ഒരു പേജുള്ള കുറിപ്പിലുള്ളതെന്നാണു മെഡിക്കൽ കോളജ് പൊലീസ് ആദ്യം മാധ്യമങ്ങളോടു പറഞ്ഞത്. സ്ത്രീധന പ്രശ്നത്തെക്കുറിച്ചു പരാമർശമോ ആർക്കെങ്കിലും എതിരെ ആരോപണമോ കുറിപ്പിൽ ഇല്ലെന്നായിരുന്നു തിങ്കളാഴ്ച സി.ഐ മാധ്യമങ്ങൾക്ക് നൽകിയ വിവരം. വനിത കമീഷൻ അധ്യക്ഷയും, ആരോഗ്യമന്ത്രിയും ഉൾപ്പെടെ ഗൗരവമായി ഇടപെട്ടതോടെ മാത്രമാണ് റുവൈസിനെ പ്രതിചേർക്കാൻ സി.ഐ തയാറായത്. ആത്മഹത്യക്കുറിപ്പിൽ പ്രതിയുടെ പേരും പങ്കും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടെന്നു പിന്നീട് ഹരിലാൽ തയാറാക്കിയ റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒ.പി ടിക്കറ്റിന്റെ പിന്നിലാണു കുറിപ്പ് എഴുതിയതെന്നാണു മെഡിക്കൽ കോളജ് പൊലീസ് ബുധനാഴ്ച മാധ്യമങ്ങളോടു പറഞ്ഞത്. എന്നാൽ, നാല് പേജുള്ള കുറിപ്പാണ് ഷഹനയുടെ താമസസ്ഥലത്തുനിന്നു കണ്ടെടുത്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ നിതിൻരാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.