കൊച്ചി: തിരുവനന്തപുരം മെഡിക്കൽ കോളജിലെ പി.ജി വിദ്യാർഥിനി ഡോ. എ.ജെ. ഷഹന ആത്മഹത്യ ചെയ്ത കേസിൽ രണ്ടാം പ്രതിയും സഹപാഠിയുടെ പിതാവുമായ കൊല്ലം സ്വദേശി ഇ. അബ്ദുൽ റഷീദിന് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
ഡിസംബർ നാലിനാണ് ഷഹന ആത്മഹത്യ ചെയ്തത്. സഹപാഠിയായ ഡോ. ഇ.എ. റുവൈസ് സ്ത്രീധനത്തിന്റെ പേരിൽ വിവാഹത്തിൽനിന്ന് പിന്മാറിയതിലുള്ള മനോവിഷമം മൂലം ആത്മഹത്യ ചെയ്തെന്നാണ് കേസ്. അബ്ദുൽ റഷീദ് ഉയർന്ന സ്ത്രീധനം ആവശ്യപ്പെട്ടെന്നും ഇത് നൽകാനാവാത്തതിനാൽ വിവാഹത്തിൽനിന്ന് റുവൈസ് പിന്മാറിയെന്നുമായിരുന്നു ഷഹന ആത്മഹത്യക്കുറിപ്പിൽ പറഞ്ഞിരുന്നത്. എന്നാൽ, റഷീദിന് ഈഗോയും പണത്തോടുള്ള അത്യാർത്തിയുമുണ്ടെന്നല്ലാതെ നേരിട്ട് സ്ത്രീധനം ആവശ്യപ്പെട്ടതായി പറയുന്നില്ലെന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് പി. ഗോപിനാഥ് വിലയിരുത്തി.
ഡിസംബർ രണ്ടിന് റഷീദും ഷഹനയും ഫോണിൽ സംസാരിച്ചതിന് രേഖകളുണ്ട്. എന്നാൽ, സ്ത്രീധനം ആവശ്യപ്പെട്ടതിന് തെളിവില്ല. ഷഹനയുടെ മരണത്തിൽ റഷീദിന് അറിവുണ്ടെന്ന് രേഖകളിൽനിന്ന് വ്യക്തമല്ലെന്നും 63കാരനായ ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
സംശയാതീതമായി ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താൻ തെളിവുണ്ടെങ്കിൽ മാത്രമേ മുൻകൂർ ജാമ്യാപേക്ഷ നിരസിക്കാനാവൂയെന്നും കോടതി പറഞ്ഞു. തുടർന്ന് ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആൾ ജാമ്യവും വ്യവസ്ഥ ചെയ്താണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
അതിനിടെ, ഒന്നാം പ്രതി ഡോ. ഇ.എ. റുവൈസ് നൽകിയ ജാമ്യാപേക്ഷയിൽ ഹൈകോടതി സർക്കാറിന്റെ വിശദീകരണം തേടി. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് ഹരജി 18ന് പരിഗണിക്കും. സ്ത്രീധനം ആവശ്യപ്പെട്ടെന്ന ആരോപണം ശരിയല്ലെന്നും പി.ജി കോഴ്സ് പൂർത്തിയാക്കിയശേഷം വിവാഹം ചെയ്യാമെന്നും പറഞ്ഞത് ഷഹനക്ക് സമ്മതമല്ലായിരുന്നെന്നും റുവൈസിന്റെ ജാമ്യാപേക്ഷയിൽ പറയുന്നു.
ഡോ. ഷഹനയുടെ ആത്മഹത്യ കുറിപ്പിൽ പ്രതി റുവൈസിനും കുടുംബാംഗങ്ങൾക്കും എതിരെ പരാമർശമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ‘സ്തീധന മോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിപ്പിക്കുന്നത്... വിവാഹ വാഗ്ദാനം നൽകി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം. ഒന്നരക്കിലോ സ്വർണവും ഏക്കറുകണക്കിനു വസ്തുവും ചോദിച്ചാൽ കൊടുക്കാൻ എന്റെ വീട്ടുകാരുടെ കൈയിൽ ഇല്ലെന്നുള്ളത് സത്യമാണ്...’ -ഷഹനയുടെ ഈ പരാമർശങ്ങൾ റിമാൻഡ് റിപ്പോർട്ടിലും പറയുന്നുണ്ട്.
കൂടാതെ, റുവൈസിന്റെ ഫോണിലേക്ക് ഷഹന ഈ സന്ദേശങ്ങൾ അയച്ചിരുന്നു. എന്നാൽ, റുവൈസ് ആ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തു. അത് കുറ്റകൃത്യത്തിന്റെ തെളിവാണ്. ആത്മഹത്യകുറിപ്പിലെ പരാമർശങ്ങൾക്ക് സമാനമായി ഷഹനയുടെ മാതാവും സഹോദരിയും മറ്റ് ബന്ധുക്കളും മൊഴി നൽകിയിട്ടുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.