മാനസിക രോഗത്തിന് ചികിത്സ അവസാനിപ്പിക്കുകയും രോഗ ലക്ഷണങ്ങൾ ഇല്ലാതാവുകയും ചെയ്ത ഒരു വ്യക്തിയുടെ കോവിഡ് ചികിത്സാ ചെലവ് അനുവദിച്ച് നൽകാതെ ഇൻഷുറൻസ് കമ്പനി ഉടക്കുവെക്കുന്നതിനെതിരെ ഡോക്ടറുടെ പ്രതിഷേധ കുറിപ്പ്. പ്രമുഖ മനോരോഗ വിദഗ്ധനും സാമൂഹ്യ നിരീക്ഷകനുമായ ഡോ. സി.ജെ. ജോണാണ് കുറിപ്പെഴുതിയിരിക്കുന്നത്.
ഏപ്രിലിൽ കോവിഡ് ബാധിച്ച് ആശുപത്രിയിലായ ഒരാൾക്ക് ഒന്നര ലക്ഷം രൂപയുടെ ബില്ലാകുന്നു. മെഡിക്കൽ ഇൻഷുറൻസ് ഉണ്ട് .അതിനായുള്ള വിവരങ്ങൾ നൽകിയപ്പോൾ പൂർവ്വ അസുഖങ്ങളുടെ കൂട്ടത്തിൽ മനസിന്‍റെ രോഗത്തിന് ചികിൽസിച്ച വിവരം എഴുതി. ഇതിന് പിന്നാലെയാണ് ഇൻഷുറൻസ് കമ്പനി ഉടക്കുകളുമായി വന്നതെന്നും കുറിപ്പിൽ പറയുന്നു.
കുറിപ്പിന്‍റെ പൂർണരൂപം വായിക്കാം
മാനസിക രോഗത്തിന് 2020 ജൂൺ മാസം ചികിത്സ അവസാനിപ്പിക്കുകയും രോഗ ലക്ഷണങ്ങൾ ഇല്ലാതാവുകയും ചെയ്ത ഒരു വ്യക്തി ഈ വർഷം ഏപ്രിൽ മാസത്തിൽ കോവിഡ് ബാധിച്ചു ഒരു ആശുപത്രിയിലാകുന്നു. ഏതാണ്ട് ഒന്നര ലക്ഷം രൂപയുടെ ബില്ലാകുന്നു .മെഡിക്കൽ ഇൻഷുറൻസ് ഉണ്ട് .അതിനായുള്ള വിവരങ്ങൾ നൽകിയപ്പോൾ പൂർവ്വ അസുഖങ്ങളുടെ കൂട്ടത്തിൽ മനസിന്‍റെ രോഗത്തിന് ചികിൽസിച്ച വിവരം എഴുതിയിരുന്നു .അതാ വരുന്നു ഇൻഷുറൻസ് ഉടക്കുകൾ .ക്ലെയിം കോവിഡ് ചികിത്സക്കാണെങ്കിലും മനസിന്‍റെ രോഗ വിവരങ്ങൾ വേണം. അങ്ങനെയൊന്നുണ്ടെങ്കിൽ തടയുമെന്ന സൂചനയും . മനോരോഗങ്ങളുടെ ചികിത്സക്ക് പോലും ഇൻഷുറൻസ് കവർ നൽകണമെന്നാണ് മെന്‍റൽ ഹെൽത്ത് കെയർ ആക്ടിലെ സെക്ഷൻ 21(4 )അനുശാസിക്കുന്നത്. അപ്പോഴാണ് മനോരോഗത്തിന്‍റെ ന്യായം പറഞ്ഞു ഒരു വ്യക്തിയുടെ കോവിഡ് ചികിത്സാ ചെലവുകൾക്ക് ഇൻഷുറൻസ് കമ്പനി ഉടക്ക് വയ്ക്കുന്നത്. ഈ രോഗവുമായി ബന്ധമില്ലാത്ത മറ്റൊരു രോഗത്തിന്റെ വിവരങ്ങൾ ആവശ്യപ്പെടുന്നത് നിയമ വിരുദ്ധമാണ് .ഇത് ശരിയല്ലെന്ന് കാണിച്ചു കത്ത് കൊടുത്തിട്ടുണ്ട് .ഇത് മാനിച്ചില്ലെങ്കിൽ പലിശയും പിഴയും ആവശ്യപ്പെട്ട് ഇൻഷുറൻസ് കമ്പനിക്ക് എതിരെ കേസ് കൊടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട് . മെന്റൽ ഹെൽത്ത് കെയർ ആക്ടിലെ സെക്ഷൻ 21 നിരാകരിച്ചതിന്‍റെ പേരിൽ വിവേചനം കാട്ടിയ ഉദ്യോഗസ്ഥന്റെ പേരിൽ കേസെടുക്കാനും വകുപ്പുണ്ട്. കടം വാങ്ങി ബില്ലടച്ച ഈ പാവം മനുഷ്യനെ പണ്ട് മനസ്സിന് രോഗം വന്നതിന്റെ പേരിൽ കമ്പനി വട്ടം കറക്കുകയാണ് അനീതിയാണിത് .
(സി .ജെ .ജോൺ )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.