കൊച്ചി: വിദേശത്തുനിന്ന് ഡ്രോണ്‍ (കാമറയും മറ്റും ഘടിപ്പിക്കുന്ന വിമാന രൂപത്തിലുള്ള പറക്കുന്ന ഉപകരണം) ഇറക്കുമതി ചെയ്യാന്‍ മുന്‍കൂര്‍ അനുമതിയും ലൈസന്‍സും വേണമെന്ന് ഹൈകോടതി. ആളില്ലാ വിമാനങ്ങളും റിമോട്ട് ഉപയോഗിച്ചു നിയന്ത്രിക്കുന്ന ചെറുവിമാനങ്ങളും ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര വിദേശ വ്യാപാര ഡയറക്ടര്‍ ജനറലിന്‍െറ ലൈസന്‍സും സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറലിന്‍െറ മുന്‍കൂര്‍ അനുമതിയും വേണമെന്ന വ്യവസ്ഥ ശരിവെച്ചാണ് ഉത്തരവ്.
ഇതിന്‍െറ അടിസ്ഥാനത്തില്‍ സ്റ്റുഡിയോ ആവശ്യത്തിന് കൊണ്ടുവന്ന ഡ്രോണ്‍ നെടുമ്പാശ്ശേരിയില്‍ കസ്റ്റംസ് തടഞ്ഞുവെച്ചതിനെതിരെ വൈക്കം സ്വദേശി ജഗ്ദേവ് ദാമോദരന്‍ നല്‍കിയ ഹരജി കോടതി തള്ളി. ഇറക്കുമതിക്ക് നിയന്ത്രണമുണ്ടെന്ന് ചൂണ്ടിക്കാട്ടി നവംബര്‍ എട്ടിനാണ് ഹരജിക്കാരന്‍ കൊണ്ടുവന്ന ഡ്രോണ്‍ കസ്റ്റംസ് അധികൃതര്‍ വിമാനത്താവളത്തില്‍ തടഞ്ഞത്. ഓണ്‍ലൈനായി പോലും വാങ്ങാന്‍ കഴിയുന്ന ഇവ വിദേശത്തുനിന്ന് കൊണ്ടുവരാന്‍ തടസ്സമില്ളെന്നും പൊതുസ്ഥലങ്ങളില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന നിയന്ത്രണം മാത്രമാണുള്ളതെന്നുമായിരുന്നു ഹരജിക്കാരന്‍െറ വാദം. എന്നാല്‍, ഇത്തരം ചെറുവിമാനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലവിലുള്ളതായി കസ്റ്റംസ് കോടതിയെ അറിയിച്ചു.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള വിദേശവ്യാപാര ഡയറക്ടര്‍ ജനറലിന്‍െറ അനുമതി നിര്‍ബന്ധമാക്കി 2016 ജൂലായ് 27ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറലിന്‍െറ മുന്‍കൂര്‍ അനുമതിയും നിര്‍ബന്ധമാണ്. ഇത്തരം ഉപകരണങ്ങളുടെ ദുരുപയോഗം തടയാനാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുള്ളതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. വ്യവസ്ഥകള്‍ ലംഘിച്ച് ഇറക്കുമതി ചെയ്ത ഉപകരണം വിട്ടുനല്‍കാന്‍ ഉത്തരവിടുന്നത് നിയന്ത്രണത്തിന്‍െറ ലക്ഷ്യം തന്നെ ഇല്ലാതാക്കുന്ന നടപടിയാകുമെന്ന് വ്യക്തമാക്കിയ കോടതി ഹരജി തള്ളുകയായിരുന്നു. അതേസമയം, ഇതുമായി ബന്ധപ്പെട്ട് ഹരജിക്കാരന്‍ ബന്ധപ്പെട്ട ഡയറക്ടറേറ്റുകള്‍ക്ക് നല്‍കിയിട്ടുള്ള അപേക്ഷ പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.