തിരുവനന്തപുരം: ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.ഐ) ഓഫിസിെൻറ വാതിൽ കുത്തിത്തുറന്ന് മോഷണശ്രമം; ഒരു വർഷം മുമ്പ് നടന്ന സ്വർണക്കടത്തുകേസിെൻറ രേഖകൾ കടത്താനാണെന്ന് സംശയം.
വഞ്ചിയൂർ ജനറൽ ആശുപത്രി റോഡിൽ പ്രവർത്തിക്കുന്ന ഡി.ആർ.ഐ ഓഫിസിൽ ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. റവന്യൂ ഇൻറലിജൻസ് ഡയറക്ടറുടെ പരാതിയിൽ വഞ്ചിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച രാവിലെ ശുചീകരണത്തൊഴിലാളികളാണ് വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. പിന്നീട്, ഉദ്യോഗസ്ഥർ ഓഫിസിലെത്തി പരിശോധന നടത്തി.
ഫയലുകൾ പലതും വാരിവലിച്ചിട്ട നിലയിലാണ്. സെർവർ റൂമിെൻറ പുട്ട് പൊളിക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. തിങ്കളാഴ്ച ഉദ്യോഗസ്ഥർ എത്തി കൂടുതൽ പരിശോധന നടത്തിയാലേ ഫയലുകൾ നഷ്ടമായോ എന്ന കാര്യത്തിൽ വ്യക്തത വരികയുള്ളൂ.
വീടിന് സമാനമായ ഇരുനില കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. വീടാണെന്ന് കരുതി മോഷ്ടാവ് കുത്തിത്തുറന്നതാകാമെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം.
എന്നാൽ, ഈ മോഷണശ്രമത്തിൽ ദുരൂഹത വർധിക്കുകയാണ്. യു.എ.ഇ കോൺസുലേറ്റിെൻറ പേരിൽ ഇപ്പോൾ നടന്ന സ്വർണക്കടത്തുമായും ബന്ധമുണ്ടെന്ന് സംശയിക്കുന്ന സംഗീതജ്ഞൻ ബാലഭാസ്കറിെൻറ മാനേജരും സുഹൃത്തും പ്രതികളായ സ്വർണക്കടത്ത് അന്വേഷിക്കുന്നത് ഡി.ആർ.ഐയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.