തിരുവനന്തപുരം: ഡ്രൈവിങ് സ്കൂൾ സംഘടനകൾ പണിമുടക്ക് തുടരുന്നതിനിടെ സ്വന്തം വാഹനവുമായി ഡ്രൈവിങ് ടെസ്റ്റിനെത്തിയവർക്ക് നേരെ പ്രതിഷേധം. തിങ്കളാഴ്ച മുട്ടത്തറ ടെസ്റ്റ് ഗ്രൗണ്ടിലാണ് സംഭവം. കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറികൂടിയായ എ.എസ്. വിനോദ് മകളുടെ ടെസ്റ്റിനായാണ് സ്വന്തം വാഹനത്തിൽ മുട്ടത്തറയിലെത്തിയത്. ഡ്രൈവിങ് സ്കൂൾ സംഘടനകൾ സെക്രട്ടേറിയറ്റ് സമരത്തിലായിരുന്നെങ്കിലും ഒരു വിഭാഗം മുട്ടത്തറയിലുണ്ടായിരുന്നു.
ഉദ്യോഗസ്ഥരെത്തി റോഡ് ടെസ്റ്റ് നടത്തി. ഇതു വിജയിച്ചതിനെ തുടർന്ന് ‘H’ എടുക്കാനായി ഗ്രൗണ്ടിലേക്ക് വാഹനവുമായി പ്രവേശിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു പ്രതിഷേധം. ഗ്രൗണ്ടിലേക്ക് കടക്കാൻ അനുവദിക്കാതെ സമരക്കാർ വാഹനത്തിന് മുന്നിൽ നിലയുറപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചു. വാഹനം കടത്തി വിടില്ലെന്ന നിലപാടിലായിരുന്നു സമരക്കാർ. പൊലീസ് ഏറെ പരിശ്രമിച്ചാണ് വാഹനം ഉള്ളിലേക്കെത്തിച്ചത്. അപ്പോഴും പുറത്ത് നിലയുറപ്പിച്ചവർ കൂക്കി വിളിക്കുന്നുണ്ടായിരുന്നു. ബഹളവും കൂക്കി വിളികൾക്കും നടുവിൽ ‘H’ എടുക്കുന്നതിനിെട വാഹനം കമ്പിയിൽ തട്ടി. ടെസ്റ്റ് പരാജയപ്പെട്ടതോടെ കൂക്കി വിളി ഉച്ചത്തിലായി. തുടർന്ന് പുറത്തേക്ക് കടക്കുന്നതിനിടെയും സമരക്കാർ വാഹനത്തിനടുത്തെത്തി വലിയ പ്രതിഷേധമുയർത്തി. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. തങ്ങളോട് മോശമായി പെരുമാറിയെന്നാരോപിച്ച് എ.എസ്. വിനോദ് വലിയതുറ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
25 പേരാണ് മുട്ടത്തറയിൽ ഡ്രൈവിങ് ടെസ്റ്റിനായി സ്ലോട്ട് ബുക്ക് ചെയ്തിരുന്നത്. കാറിന് പുറമേ ഒരു ഇരുചക്ര വാഹന ഉടമയും മുട്ടത്തറയിലെ ടെസ്റ്റ് ഗ്രൗണ്ടിലെത്തി. ഇയാളെയും പൊലീസ് സുരക്ഷയിൽ ടെസ്റ്റ് ഗ്രൗണ്ടിലേക്ക് കടത്തിവിട്ടു.
തിരുവനന്തപുരം: ഡ്രൈവിങ് സ്കൂൾ മേഖയെ പ്രതികൂലമായി ബാധിക്കുന്ന സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ഓൾ കേരള മോട്ടോർ ഡ്രൈവിങ് സ്കൂൾ സംയുക്ത സമരസമിതി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി. വിവിധ ജില്ലകളിൽനിന്നെത്തിയ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് ഡ്രൈവിങ് സ്കൂൾ ഉടമകളും ജീവനക്കാരും മാർച്ചിലും ധർണയിലും പങ്കെടുത്തു.
ഗതാഗത വകുപ്പ് ഇറക്കിയ സർക്കുലർ പിൻവലിക്കുക, ഈ ഉത്തരവ് ഡ്രൈവിങ് സ്കൂൾ സംഘടനകളുമായും കൂടിയാലോചിച്ച് മാത്രം നടപ്പാക്കുക, സർക്കാർ സ്വന്തമായി ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് നിർമിക്കുക, ഡ്രൈവിങ് ടെസ്റ്റുകളുടെ സ്ലോട്ടുകളുടെ എണ്ണം 40 ആയി വെട്ടിച്ചുരുക്കിയത് വർധിപ്പിക്കുക, ഡ്രൈവിങ് സ്കൂൾ മേഖല സംരക്ഷിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
പാളയത്തുനിന്ന് ആരംഭിച്ച മാർച്ച് കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാജു ഫ്ലാഗ് ഓഫ് ചെയ്തു. എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊതുസമൂഹത്തെ ബാധിക്കുന്ന ഈ വിഷയം അടിയന്തരമായി പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ 10 ലക്ഷത്തോളം അപേക്ഷകർ ടെസ്റ്റ് ഡേറ്റ് ലഭിക്കാതെ ഡ്രൈവിങ് ടെസ്റ്റിനായി കാത്തിരിക്കുകയാണ്. സർക്കാർ ഇറക്കിയ സർക്കുലർ പ്രകാരം ടെസ്റ്റ് നടത്തുകയാണെങ്കിൽ വർഷങ്ങൾ കാത്തിരിക്കേണ്ടിവരും. അശാസ്ത്രീയമായ ടെസ്റ്റ് രീതികൾ മാറ്റണമെന്നും ടെസ്റ്റ് സ്ലോട്ടുകളുടെ എണ്ണം വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓൾ കേരള മോട്ടോർ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്റ്റേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എസ്. പ്രസാദ് അധ്യക്ഷതവഹിച്ചു. നാസർ ഉസ്മാൻ, എൻ.എ. ഹരിസൂൺ നായർ, കെ.എം. ലെനിൻ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി ആർ. സജിലാൽ, ബി.ജെ.പി ജില്ല പ്രസിഡന്റ് വി.വി. രാജേഷ്, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് വി.ആർ. പ്രതാപൻ, സബീർ തൊളിക്കുഴി, സഹീർ ജി. അഹമ്മദ്, അഷ്റഫ് നരിമുക്കിൽ തുടങ്ങിയർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.