കാസർകോട്: കേരളം ലഹരിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുമ്പോൾ രാജ്യത്ത് കേസും അറസ്റ്റും കൂടുതൽ നടന്നത് സംസ്ഥാനത്താണെന്ന് കേന്ദ്ര നർകോട്ടിക് ബ്യൂറോ കണക്ക്. കേരളം രാസലഹരിയുടെ താവളമാകുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡാനന്തര കാലത്താണ് കേരളത്തിൽ ലഹരിക്കെതിരെയുള്ള നടപടി വർധിച്ചത്. ഇത് ലഹരിക്കടത്ത് കേരളത്തിലേക്ക് കൂടിയതിന്റെ തെളിവാണെന്നാണ് വിലയിരുത്തൽ.
2023ൽ രാജ്യത്ത് 1,09,546 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ അതിൽ 30,715 എണ്ണം കേരളത്തിൽ; 25 ശതമാനത്തിലേറെ വരുമിത്. ഇക്കാലയളവിൽ രാജ്യത്ത് 1,32,954 അറസ്റ്റുണ്ടായപ്പോൾ 33,191 പേർ കേരളത്തിൽ.
2022ൽ 1,26,516 പേരെ അറസ്റ്റുചെയ്തപ്പോൾ 29,527 പേർ കേരളത്തിൽനിന്ന് പിടിക്കപ്പെട്ടവരാണ്. ഈ കാലയളവിൽ രജിസ്റ്റർ ചെയ്ത കേസുകൾ 1,02,769 ആണ്. അതിൽ 26,918 കേസുകൾ കേരളത്തിലാണ് രജിസ്റ്റർ ചെയ്തത്.
2021ൽ 68,144 കേസുകളിൽ 6032ഉം അറസ്റ്റുചെയ്യപ്പെട്ട 93,538ൽ 7271ഉം കേരളത്തിലാണ്.
രാജ്യത്ത് ഏറ്റവും കൂടുതൽ മയക്കുമരുന്ന് പിടിച്ചെടുത്തത് ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ്, ഒഡിഷ, ആന്ധ്ര, കർണാടക എന്നീ സംസ്ഥാനങ്ങളാണ്. എങ്കിലും കേസും അറസ്റ്റും 25 ശതമാനം കേരളത്തിലാണ് എന്നതാണ് കേന്ദ്ര നർകോട്ടിക് ബ്യൂറോയുടെ കണക്ക്.
കോവിഡ് കാലമായ 2020കളിൽ നർകോട്ടിക് മേഖലയിൽ രാജ്യത്ത് ആകെ അറസ്റ്റ് 347 മാത്രമാണ്. കേസുകൾ 6645 ആണ്. കോവിഡാനന്തരമാണ് കേരളം ലഹരിയുടെ ഹബ്ബാകുന്നത്.
2023ലെ കണക്കുപ്രകാരം ആന്ധ്രയിൽ 5359 അറസ്റ്റും ഗോവയിൽ 165 അറസ്റ്റും ഉത്തർപ്രദേശിൽ 1721 അറസ്റ്റും മാത്രമാണ് നടന്നത്. 2024ലെ കണക്ക് നർകോട്ടിക് ബ്യൂറോ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.