(ദുബൈയിലേക്ക് പുറപ്പെടുന്നതിന് മിനിറ്റുകൾക്ക് മുൻപ് വിമാനത്താവളം അടച്ചതിനെ തുടർന്ന് കീവിൽ കുടുങ്ങിയ മലയാളി വിദ്യാർഥി കണ്ണൂർ സ്വദേശി എസ്.പി. സനാബിലും കോഴിക്കോട് സ്വദേശി കുനിയിൽ ഹനീനും അനുഭവം വിവരിക്കുന്നു)
പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി അറിയില്ല. പല സ്ഥലങ്ങളിലും സ്ഫോടന ശബ്ദം കേൾക്കാം. ഹോസ്റ്റലിന് താഴെയുള്ള ബങ്കറിലാണ് ഞങ്ങളിപ്പോഴുള്ളത്. ചെറിയ ബങ്കറിനുള്ളിൽ 300ഓളം പേരുണ്ട്. കുപ്പിവെള്ളം അങ്ങിങ്ങായി കാണുന്നുണ്ട്. എപ്പോൾ തീരുമെന്ന് പറയാൻ കഴിഞ്ഞില്ല. തീർന്നാൽ വീണ്ടും കിട്ടുമോ എന്നും അറിയില്ല. ഇരുട്ടുമുറിയാണിത്. നിരവധി മലയാളികൾ ഇവിടെയുണ്ട്. കിയവിന് ചുറ്റും റഷ്യൻ സൈന്യം എത്തിയതായി വാർത്തകളിൽ കാണുന്നുണ്ട്. കൃത്യമായ വിവരങ്ങൾ എവിടെ നിന്നും ലഭിക്കുന്നില്ല. എപ്പോൾ വേണമെങ്കിലും വൈദ്യുതിയും ഇന്‍റർനെറ്റും നിലക്കാം. അതിന്‍റെ സൂചനകളായി ഇടക്കിടെ ഇന്‍റർനെറ്റ് തടസപ്പെടുന്നുണ്ട്.
ദുബൈയിലെ ബന്ധുവിന്‍റെ അടുത്തേക്ക് പോകാമെന്ന ലക്ഷ്യത്തോടെ വ്യാഴാഴ്ച രാവി അഞ്ചിനാണ് കിയവ് വിമാനത്താവളത്തിനടുത്ത് എത്തിയത്. ബസിൽ ഇരിക്കുമ്പോൾ തന്നെ വലിയ സ്ഫോടന ശബ്ദം കേട്ടു. പുറത്തേക്ക് നോക്കുമ്പോൾ കണ്ടത് വിമാനത്താവളത്തിനുള്ളിൽ നിന്ന് എല്ലാവരും ചിതറിയോടുന്നതാണ്. എന്‍റെ സുഹൃത്ത് യാത്രക്കായി വിമാനത്താവളത്തിനകത്തുണ്ടായിരുന്നു. എട്ട് മണിക്കായിരുന്നു അവളുടെ വിമാനം. എന്നാൽ, എല്ലാ വിമാനങ്ങളും റദ്ധാക്കിയതായി അറിയിപ്പ് ലഭിച്ചു. ഞങ്ങളെ ബസിൽ നിന്നിറങ്ങാൻ സമ്മതിച്ചില്ല.
കിയവിൽ തന്നെയുള്ള മറ്റൊരു ബസ് സ്റ്റേഷനിലാണ് ഞങ്ങളെ ഇറക്കിയത്. ആ സമയം മുതൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല. അവിടെ തന്നെ സുരക്ഷിതമായി നിൽക്കാനായിരുന്നു അവർ പറഞ്ഞത്. ഒമ്പത് മണിക്കൂർ യാത്രയുണ്ട് ഞങ്ങളുടെ യൂനിവേഴ്സിറ്റി ഹോസ്റ്റലിലേക്ക്. അവിടേക്ക് മാറ്റാൻ പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. കൂടെയുള്ള സുഹൃത്ത് നേരിട്ട് എംബസിയിൽ പോയി കാര്യം പറഞ്ഞെങ്കിലും നടന്നില്ല. താമസം ശരിയാക്കാമെന്ന് ആദ്യം പറഞ്ഞെങ്കിലും ഇത്രയും പേർക്ക് താമസം നൽകാനാവില്ലെന്ന് എംബസി പിന്നീട് അറിയിച്ചു.
ഹോസ്റ്റലിലേക്കോ ഹോട്ടലിലേക്കോ മാറണമെന്നായിരുന്നു അറിയിപ്പ്. പക്ഷെ, ഇവയെല്ലാം അടഞ്ഞുകിടക്കുകയാണ്. വൈകുന്നേരം വരെ ചില്ലുകൂട് പോലൊരു ബസ് സ്റ്റോപ്പിനുള്ളിൽ നിന്നു. ആറ് മണിയോടെ യൂനിവേഴ്സിററിയുമായി ബന്ധപ്പെട്ടു. ഇവരാണ് അടുത്തുള്ള മറ്റൊരു യൂനിവേഴ്സിറ്റിയുടെ ഹോസ്റ്റൽ ഏർപാടാക്കിയത്. അവിടെ നിന്നാണ് ഉച്ചയോടെ ബങ്കറിനുള്ളിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.