പദവിക്ക് യോജിച്ച പ്രസ്താവന നടത്തണം -ബിനോയ് വിശ്വത്തിനെതിരെ ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ഡി.​വൈ.എഫ്.ഐ രംഗത്ത്. താനിരിക്കുന്ന പദവിക്ക് യോജിച്ച പ്രസ്തവനയാണോ നടത്തിയതെന്ന് ബിനോയ് വിശ്വം ആത്മപരിശോധന നടത്തണമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹിം പറഞ്ഞു. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ജനാധിപത്യബോധത്തോടെ കാണുന്നു.

എന്നാൽ, പറയുന്നത് വസ്തുതാപരമാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്. സി.പി.ഐ വിമർശനം ഉന്നയിക്കുന്നതും വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുന്നതും ആദ്യമായിട്ടല്ല. മുമ്പും ഉണ്ടായിട്ടുണ്ട്. ഇടതുപക്ഷ ഐക്യം ദുർബലപ്പെടണമെന്ന് ആ​ഗ്രഹിക്കുന്നവർക്ക് അവസരം കൊടുക്കാൻ ആ​ഗ്രഹിക്കുന്നില്ല. അദ്ദേഹം പറഞ്ഞതിന് ശക്തമായ മറുപടി പറയാൻ ഡി.വൈ.എഫ്.ഐക്ക് അറിയാം. അങ്ങനെ ചെയ്താൽ ഇടതുപക്ഷ ഐക്യത്തിന് തടസ്സമാകുമെന്നും ഏറ്റുമുട്ടലുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും റഹിം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം എസ്.​എഫ്.ഐക്കെതിരെ ബിനോയ് വിശ്വം രൂക്ഷ വിമർശനം നടത്തിയിരുന്നു. എസ്.എഫ്.ഐ തുടരുന്നത് പ്രാകൃതമായ സംസ്കാരമാണ്. പുതിയ എസ്.എഫ്.ഐക്കാർക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അർഥം അറിയില്ല. എസ്.എഫ്.ഐ തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് ബാധ്യതയാകും. പ്രാകൃതമായ സംസ്കാരം എസ്.എഫ്.ഐക്ക് നിരക്കുന്നതല്ല. എസ്.എഫ്.ഐ ശൈലി തിരുത്തിയേ തീരൂ. സംഘടനയിലുള്ളവർ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ചരിത്രം വായിക്കണം. അവരെ ചരിത്രം പഠിപ്പിക്കണം. നേരായ വഴിക്ക് നയിച്ച് ഇടതുപക്ഷത്തിന്റെ ശക്തിയാക്കി മാറ്റണം. അവരുടെ വഴി ഇതല്ലെന്ന് ബോധ്യമാകണമെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. കൊയിലാണ്ടി ഗുരുദേവ കോളജില്‍ പ്രിന്‍സിപ്പലിനെയും അധ്യാപകനെയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ബിനോയ് വിശ്വത്തിന്റെ വിമർശനം.

Tags:    
News Summary - DYFI against Binoy Viswam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.