പാലക്കാട്: നല്ലേപ്പിള്ളി ഗവ. യു.പി സ്കൂളിൽ അതിക്രമിച്ചുകയറിയ വി.എച്ച്.പി നേതാക്കൾ ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചും സ്കൂളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും യുവജന സംഘടനകളുടെ കരോൾ ഇന്ന്. ഡി.വൈ.എഫ്.ഐയും യൂത്ത് കോൺഗ്രസുമാണ് കരോൾ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
ക്രിസ്മസ് ആഘോഷത്തിനിടെ സ്കൂളിൽ അതിക്രമിച്ചുകയറിയ വി.എച്ച്.പി നേതാക്കൾ പ്രധാനാധ്യാപിക ഉൾപ്പെടെയുള്ള അധ്യാപകരെയും വിദ്യാർഥികളെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുംചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ നല്ലേപ്പിള്ളി സ്വദേശികളായ വടക്കുംതറ കെ. അനിൽകുമാർ (52), മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനൻ (52), തെക്കുമുറി വേലായുധൻ (58) എന്നിവരെയാണ് ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്. പ്രധാനാധ്യാപികയുടെ പരാതിയിലാണ് നടപടി.
സ്കൂളിൽ അർധവാർഷിക പരീക്ഷ കഴിഞ്ഞ് അവധി തുടങ്ങുന്നതിനുമുമ്പ് ക്രിസ്മസ് ആഘോഷിക്കുന്നതിനിടെയാണ് പ്രതികളെത്തി അസഭ്യവർഷം നടത്തിയത്. ക്രിസ്മസ് വസ്ത്രങ്ങൾ കുട്ടികൾ ധരിച്ചതിനെ ഇവർ ചോദ്യം ചെയ്തു. ശ്രീകൃഷ്ണജയന്തിയല്ലാതെ മറ്റൊരാഘോഷവും വേണ്ടെന്നായിരുന്നു ഇവരുടെ നിലപാട്. സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.