ഇവിടെ നടക്കുന്നത് ദയാവധം, ഇനി നേരിട്ടുള്ള വധമായിരിക്കാം... -ജയിലിൽനിന്ന് ഇ. അബൂബക്കർ മകൾക്കയച്ച കത്ത്

കോഴിക്കോട്: ജയിലിൽ കഴിയുന്ന പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ. അബൂബക്കറിന് മകളയച്ച കത്തും മറുപടിക്കത്തും ഉള്ളംതൊടുന്നു. മകൾ ലീന തബസ്സും കത്തുകൾ ഫേസ്ബുക്കിൽ പങ്കുവെക്കുകയായിരുന്നു. നിങ്ങളുടെ സാമീപ്യമാണ് എന്‍റെ രോഗശമനത്തിന് ഏറ്റവും അനിവാര്യമായതെന്ന് അർബുദ ബാധിതയായ മകൾ പറയുന്നു.

ഹൃദയ സംബന്ധമായ അസുഖങ്ങൾ ഇപ്പോഴും അലട്ടാറുണ്ടോ? പ്രഷറും ഷുഗറും ഇപ്പോ വളരെ കൂടുതൽ ആവാറുണ്ടെന്ന് പറഞ്ഞിരുന്നുവല്ലോ... നല്ല ചികിത്സക്ക് എന്താണ് ഒരു മാർഗ്ഗം? -എന്ന് മകൾ അന്വേഷിക്കുന്നു. ഇത്രയേറെ മാരകരോഗങ്ങളാൽ കഷ്ടപ്പെടുമ്പോൾ പോലും നിങ്ങൾക്ക് ജാമ്യം ലഭിക്കാതിരിക്കാനായി എത്ര ക്രൂരമായ വ്യാജവാദങ്ങളാണ് അന്വേഷണ ഏജൻസി കോടതികളിൽ ഉന്നയിച്ചുകൊണ്ടിരിക്കുന്നതെന്ന് മകൾ അത്ഭുതപ്പെടുന്നു.

എഴുതാനും സംസാരിക്കാനും കഴിയുന്നില്ലെന്നും ഓർമ്മിക്കുവാനുള്ള ശേഷിയും കുറഞ്ഞിരിക്കുന്നുവെന്നും മറുപടിക്കത്തിൽ ഇ. അബൂബക്കർ പറയുന്നു. കോടതി കസ്റ്റഡിയിലായ ശേഷം മതിയായ ചികിത്സ നൽകുന്നതിൽ അധികൃതർ തടസ്സം നിന്നിട്ടുണ്ടെന്ന് അദ്ദേഹം അറിയിക്കുന്നു. 'ഈ മഹാ കാരാഗൃഹത്തിൽ ജയിലെവിടെ' എന്ന് പലപ്പോഴും അന്വേഷിച്ചിട്ടുണ്ടെന്ന് ഇ. അബൂബക്കർ എഴുതുന്നു. ഇവിടെ നടന്നുവരുന്നത് ഒരുതരം ദയാവധമാണെന്നും ഇനി നേരിട്ടുള്ള വധമായിരിക്കാം സംഭവിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

ലീന തബസ്സും പിതാവ് ഇ. അബൂബക്കറിന് അയച്ച കത്ത്:

سم الله الرحمن الرحيم
പ്രിയപ്പെട്ട വാപ്പക്ക്,
അസ്സലാമു അലൈക്കും വ റഹ്മത്തുല്ലഹ്

വ ബറാകാത്തുഹു.സുഖമാണോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലല്ലോ!കാരാഗൃഹവാസത്തിൽ എന്ത് സൗഖ്യം?!കഴിഞ്ഞ രണ്ട് വർഷമായി നല്ല വാർത്തകളൊന്നും കേൾക്കാറില്ല.അവസാനമായി നമ്മൾ കണ്ടത്,വീഡിയോ മുലാഖാത്തിൽ സംസാരിച്ച് കഴിഞ്ഞ്,വീൽചെയറിൽ നിങ്ങളെ ഒരാൾ കൊണ്ടുപോവുന്നതാണ്!

വാപ്പേ.... ഇന്നേക്ക് നിങ്ങളുടെ അന്യായ തടങ്കലിന് എത്രനാൾ പിന്നിട്ടുവെന്ന് ഓർത്തെടുക്കാൻ പറ്റുന്നുണ്ടോ?782 ദിവസങ്ങൾ!2022 സെപ്റ്റംബർ 22 ന് എൻഐഎ നിങ്ങളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോവുമ്പോൾ പലവിധ രോഗപീഡകളാൽ നിങ്ങൾ പ്രയാസം അനുഭവിക്കുന്ന കാലം ആയിരുന്നല്ലോ.ഈ കഴിഞ്ഞ രണ്ട് വർഷത്തിനിടെ അത് പതിന്മടങ്ങ് വർദ്ധിച്ചുവെന്നല്ലാതെ മറ്റ് മാറ്റങ്ങളൊന്നുമില്ലല്ലോ..

അന്ന്,വളരെ അപകടകാരിയായ ആമാശയ ക്യാൻസർ ബാധിച്ച് ഒരു മേജർ സർജറിയും അതിൻ്റെ തുടർ ചികിത്സയും കഴിഞ്ഞ പ്രയാസത്തിലും,ശരീരത്തിൻ്റെ സന്തുലനാവസ്ഥ നഷ്ടപ്പെടുത്തുന്ന പാർക്കിൻസൺസ് രോഗബാധിതനുമായിരുന്നുവെങ്കിലും,വളരെ പ്രയാസപ്പെട്ടാണെങ്കിലും, നിങ്ങൾ നടന്നാണ്,അതിനേക്കാൾ അപകടകാരികളായ എൻഐഎ ഉദ്യോഗസ്ഥർക്കൊപ്പം പോയത്.ഇന്ന്,വീൽചെയറിൽ!

ഹൃദയ സംബന്ധമായ അസുഖങ്ങൾ ഇപ്പോഴും അലട്ടാറുണ്ടോ? പ്രഷറും ഷുഗറും ഇപ്പോ വളരെ കൂടുതൽ ആവാറുണ്ടെന്ന് പറഞ്ഞിരുന്നുവല്ലോ...നല്ല ചികിത്സക്ക് എന്താണ് ഒരു മാർഗ്ഗം?ഡയബറ്റിക് റെറ്റിനോപ്പതിക്ക് ഇഞ്ചക്ഷൻ എടുക്കുന്നതും മുടങ്ങി.ഇപ്പോൾ കാഴ്ചക്ക് നല്ലണം മങ്ങൽ ഉണ്ടോ?എൻ്റെ ഈ കത്ത് നിങ്ങൾ എങ്ങനെ വായിക്കും? പ്രോസ്റ്റേറ്റ് വീക്കം കാരണമുള്ള പ്രയാസങ്ങൾ അലട്ടാറുണ്ടോ?

ഇത്രയേറെ മാരകരോഗങ്ങളാൽ കഷ്ടപ്പെടുമ്പോൾ പോലും,നിങ്ങൾക്ക് ജാമ്യം ലഭിക്കാതിരിക്കാനായി എത്ര ക്രൂരമായ വ്യാജവാദങ്ങളാണ് അന്വേഷണ ഏജൻസി കോടതികളിൽ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്?! കോടതികൾ പോലും കണ്ണ് തുറക്കാതെയായോ? നീതി എവിടെ? എവിടെ ജസ്റ്റിസ്?

വാപ്പേ....ഞാനും നിങ്ങളെപ്പോലെ മാരകമായ ക്യാൻസർ ബാധിതയാണ്.ഫോൺ ചെയ്തപ്പോൾ പറഞ്ഞിരുന്നല്ലോ.സർജറി കഴിഞ്ഞു. ഇപ്പോൾ കീമോ തെറാപ്പി ചികിത്സയാണ്.അതിൻ്റെ പലവിധ ക്ലേശങ്ങൾ.മരുന്നിൻ്റെ പാർശ്വഫലമായി ഉണ്ടാവുന്ന അലർജിമൂലം ഇടക്കിടെ എമർജൻസിയിൽ അഡ്മിറ്റ് ആവാറാണ്. കണ്ണിന് നല്ലണം മങ്ങൽ ഉണ്ട്. അതികഠിനമായ ക്ഷീണം,ശരീരത്തിലുടനീളം വേദനകൾ.കൂടുതൽ വിശദീകരിക്കാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ കീമോ തെറാപ്പിയുടെ അപകടകരമായ പാർശ്വ ഫലങ്ങളും പ്രയാസങ്ങളും!

ഈ കഴിഞ്ഞ ജൂലൈ മാസത്തിലാണ് എൻ്റെ ചികിത്സ തുടങ്ങിയത്.ഇനിയും കീമോ തെറാപ്പിയും റേഡിയേഷനും മറ്റുമായി അടുത്ത ജൂലൈ (ജൂലൈ 2025) വരെ നീണ്ടുനിൽക്കുന്ന ഒരു ദീർഘകാല ചികിത്സാ കാലഘട്ടം ആണ് എനിക്ക് മുന്നിലുള്ളത്.ദുരിതം നിറഞ്ഞ ഈ അവസ്ഥയിൽ നിങ്ങളുടെ സാമീപ്യമാണ് ഞാനേറ്റവും ആഗ്രഹിക്കുന്നത്.എൻ്റെ രോഗശമനത്തിന് അനിവാര്യമായത്!

വാപ്പേ....കഴിഞ്ഞ കീമോക്ക് അഡ്മിറ്റ് ആയപ്പോൾ, നിങ്ങൾ കിടന്നിരുന്ന അതേ റൂം ആണ് കിട്ടിയത്. റൂം നമ്പർ 1313. കോർണറിലെ ആ വലിയ റൂം. സർജറി കഴിഞ്ഞ് അവശതയോടെ നിങ്ങൾ കിടന്നത് ഓർത്തു. എത്ര വലിയ സർജറി! ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഒൻപത് കുഴലുകൾ!

തൊണ്ടക്കുഴി മുതൽ പൊക്കിൾ വരെ നീണ്ട മുറിവ്. കൂടെ കീമോയുടെ അസ്വസ്ഥതകൾ!

അന്ന് നിങ്ങൾ ക്ഷീണം വേദന എന്നൊക്കെ പറയുമ്പോൾ, എൻ്റെ സങ്കൽപ്പത്തിലെ ഒരു മാക്സിമം ക്ഷീണവും വേദനയും ഉണ്ടായിരുന്നു.ഇപ്പോൾ അനുഭവത്തിലൂടെ അറിയുന്നുണ്ട്,സങ്കൽപ്പങ്ങൾക്ക് അതീതമാണ് ക്യാൻസറിൻ്റെ ഓരോ വേദനയും പ്രയാസങ്ങളും ക്ഷീണവുമെന്ന്.

വാപ്പേ... എന്തൊക്കെ കെട്ടുകഥകളാണ് എൻഐഎ നിങ്ങൾക്ക് എതിരെ സൃഷ്ടിച്ചിരിക്കുന്നത്?!അവരുടെ നിർമ്മിത ബുദ്ധിയിൽ തോന്നിയത്!കോടതിയിൽ സമർപ്പിക്കപ്പെട്ട കുറ്റപത്രത്തിൽ ,കുത്തും കോമയും അർദ്ധവിരാമവും അല്ലാതെ,മറ്റെന്താണ് അതിൽ സത്യമായുള്ളത്! കള്ളക്കഥകൾക്കാവട്ടെ, പൂർണ്ണവിരാമം ഉണ്ടാവില്ലല്ലോ...

2047 ൽ ഇന്ത്യയിൽ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ കൊടുവാളുമായി, ദക്ഷിണേന്ത്യയിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് സൈനിക നീക്കം നടത്താൻ ശ്രമിച്ചത്രേ! എൻ്റെ പിതാവിൻ്റെ ബുദ്ധിയെയും വിവേകത്തെയും ഇത്രയും അണ്ടർഎസ്റ്റിമേറ്റ് ചെയ്തതിലാണെൻ്റെ സങ്കടം!കെട്ടുകഥകൾക്കും വേണ്ടേ മിനിമം യുക്തി!

കഴിഞ്ഞ മുപ്പത് കൊല്ലക്കാലം പോകുന്ന ഇടങ്ങളിലെല്ലാം "സാരേ ജഹാം സെ അഛാ ഹിന്ദുസ്ഥാൻ ഹമാരാ" എന്ന് പാടുകയും പാടിപ്പിക്കുകയും ചെയ്തവർ എന്നുമുതലാണ് രാജ്യദ്രോഹികളായത്?!

എനിക്ക് പോപ്പുലർ ഫ്രണ്ടിനെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ലെങ്കിലും,നമ്മുടെ സംസാരങ്ങൾക്കിടയിൽ നിങ്ങൾ പങ്കുവെക്കുന്ന അനുഭവങ്ങളിലൂടെ നിങ്ങൾ മുന്നോട്ട് വെക്കുന്ന ആശയങ്ങളെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.ഒരിക്കൽ നിങ്ങൾ പങ്കുവെച്ച ഒരനുഭവം ഞാനോർക്കുന്നു;

ഒരു യോഗത്തിൽ വെച്ച് ഒരാൾ നിങ്ങളോട് " റിഹാബ് നൽകുന്ന സാമ്പത്തിക സഹായങ്ങൾ മുസ്ലിം അല്ലാത്തവർക്കും നൽകുമോ" എന്ന് ചോദിച്ചു."മുസ്‌ലിംകൾക്കും നൽകില്ല" എന്ന് നിങ്ങളുടെ മറുപടി.സദസ്സ് മുഴുവൻ വിശദീകരണത്തിനായ് അദ്ഭുതത്തോടെ നിങ്ങളെ നോക്കിയത്."ആവശ്യക്കാർക്ക് മാത്രമേ നൽകൂ - for the needy people only-" എന്ന നിങ്ങളുടെ മറുപടി.വിശപ്പിനും ദാരിദ്ര്യത്തിനും രോഗത്തിനും മതമോ ജാതിയോ ഇല്ല.ഹിന്ദു ക്യാൻസർ മുസ്ലിം ക്യാൻസർ, ഹിന്ദു വിശപ്പ് മുസ്ലിം വിശപ്പ്, എന്നിങ്ങനെയുണ്ടോ ഒരു വേർതിരിവ്! രോഗം രോഗവും വിശപ്പ് വിശപ്പുമാണ്.ഹിന്ദുവും മുസ്ലീമും ക്രൈസ്തവനും സിഖ്കാരനും ദലിതനും ആദിവാസിയുമെല്ലാം കലഹവും കലാപവുമില്ലാതെ സാഹോദര്യത്തോടെ ജീവിക്കുന്ന സഹിഷ്ണുവായ ഒരു ഇന്ത്യയാണ് നിങ്ങളുടെ സങ്കൽപ്പമെന്ന് അവിടെ വിശദീകരിച്ചത്.എന്നിട്ടും വാപ്പേ...നിങ്ങളെ എങ്ങനെ എന്തിന് അവർ ഹിന്ദു വിരോധിയാക്കി കഥകൾ മെനയുന്നു!!?

വാപ്പേ...എനിക്ക് നിങ്ങളെ കാണാൻ വളരെ ആഗ്രഹമുണ്ട്.പക്ഷേ എൻ്റെ ആരോഗ്യസ്ഥിതി വളരെ മോശമാണ് .ഇനിയും വളരെ കാലം ചികിത്സ തുടരേണ്ടതുണ്ട്.നിങ്ങളെ കാണാൻ അവിടേക്കുള്ള ദീർഘയാത്ര ഇൻഫെക്ഷൻ ആവാൻ കാരണമാവും.

നിങ്ങളെ കാണാനും ഒന്ന് കെട്ടിപ്പിടിക്കാനും അങ്ങനെ എൻ്റെ പ്രയാസങ്ങളും വേദനകളും ഇല്ലാതെ ആവാനും രോഗശമനത്തിനും നമ്മളുടെ ഈ രോഗാവസ്ഥയിൽ നമ്മൾ ഒരുമിച്ച് തന്നെയുണ്ടാവാനും സർവ്വശക്തനും കാരുണ്യവാനുമായ റബ്ബ് ഒരു മാർഗ്ഗം കാണിച്ച് തരുമെന്നുമുള്ള വിശ്വാസത്തോടെ... പ്രാർത്ഥനയോടെ...

അവസാനമായി ഒരു കാര്യം...

വാപ്പേ.... ക്യാൻസറിൻ്റെ എതിരില്ലാത്ത വേദനയുടെ തീരത്തിരുന്ന് ഞാൻ തുന്നിയ ഒരു സഞ്ചി കൊടുത്തയച്ചിരുന്നു.അത് കിട്ടിക്കാണുമല്ലോ. ഞാനെൻ്റെ തീരാത്ത സൂചിക്കുത്ത് വേദനയിൽ നിന്ന് ഊരിയെടുത്ത സൂചിയും തോരാത്ത കണ്ണീരിൽ നിന്ന് നൂറ്റെടുത്ത നൂലിലും തീർത്തതാണത്. അത് കൊണ്ട് എനിക്ക് ഒരപേക്ഷയുണ്ട്,വാപ്പ അതിൽ ഒരു ചുംബനം നൽകണം! ഒരുമ്മ!! എങ്കിൽ ഞാൻ കൃതാർത്ഥയായി.

വാപ്പയുടെ ലിനു
ലീന തബസ്സും ഇ.എ

Full View

ഇ. അബൂബക്കറിന്‍റെ മറുപടി:

തീഹാറിൽ നിന്നും വാപ്പയുടെ മറുപടികത്ത്.
ബിസ്മില്ലാഹി റഹ്മാനി റഹീം
ലിനൂന്,
വ അലൈകുമുസ്സലാം വ റഹ്മത്തുല്ലാഹി വ ബറകാത്തുഹു.

എന്തൊക്കെയുണ്ട് വിശേഷങ്ങൾ? ഓപ്പറേഷനും കീമോ തെറാപ്പിയും കഴിഞ്ഞ് നീ ക്ഷേമൈശ്വര്യങ്ങളോടെ ജീവിക്കുകയായിരിക്കുമല്ലോ.എല്ലാവർക്കും ക്ഷേമൈശ്വര്യത്തിനായി പ്രാർത്ഥിക്കുന്നു.ഇനി നിനക്ക് ഒരു കടമ്പകൂടി ബാക്കിയില്ലേ - റേഡിയേഷൻ.എന്നതാണത്? ആ തേജപ്രസരണം കൂടി കഴിഞ്ഞിട്ടാവാം സുഖവാസം. എനിക്കേതായാലും അത് വേണ്ടിവന്നിട്ടില്ല - എൻ്റെ മുഖത്തു തന്നെ തേജപ്രസരണം ഉള്ളതുകൊണ്ടായിരിക്കണം!

ഞങ്ങളുടെ ജയിൽ സൂപ്രണ്ട് ശ്രീ. ഓംപ്രകാശ് സർ നേരിൽ കാണുമ്പോഴൊക്കെ നിൻ്റെ വിവരങ്ങൾ അന്വേഷിക്കാറുണ്ട്.

അറസ്റ്റ് കഴിഞ്ഞിട്ട് എത്ര ദിവസമായി എന്ന് നീ എണ്ണിക്കൊണ്ടിരിക്കുന്നുണ്ടല്ലോ - അതു മതി,വളരെ നല്ലത്.ഒരിക്കൽ ഉമ്മച്ചി വിളിച്ചപ്പോൾ പറഞ്ഞിരുന്നു,"ഇന്നേക്ക് ഒരു കൊല്ലമായി നിങ്ങൾ പോയിട്ട്" എന്ന്. അന്ന് ഞാൻ അമ്പരന്നു പോയി. നിങ്ങൾ അവിടെ ദിവസങ്ങൾ എണ്ണിക്കൊണ്ടിരിക്കുന്നു,ഞാനിവിടെ മറ്റുള്ളവരോടൊപ്പം ' സുഭിക്ഷമായി ' ഒ. പി. ഡി യിൽ ദാൽ കഴിച്ച് സുഖവാസം ചെയ്യുന്നു. ' ഈ മഹാ കാരാഗൃഹത്തിൽ ജയിലെവിടെ ' എന്ന് ഞാൻ പലപ്പോഴും അന്വേഷിച്ചിട്ടുണ്ട്.ഇതുവരെ ഇവിടെ എവിടെയാണ് ജയിലെന്ന്, ഏതാണ് ജയിലെന്ന്, എന്താണ് ജയിലെന്ന് കണ്ടെത്താനായിട്ടില്ല.

ഞങ്ങളിവിടെ മതേതരത്വത്തിൻ്റെയും മനുഷ്യമഹത്വത്തിൻ്റെയും വിശാല വിഹായസ്സിലാണ് ജീവിക്കുന്നത്.നിങ്ങൾ വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും പരമതദ്വേഷത്തിൻ്റെയും വലിയൊരു ചുറ്റുമതിലിനുള്ളിൽ,അഥവാ വലിയൊരു തടവറയിൽ! ഞങ്ങളിവിടെ സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ഹൃദയവിശാലതയിൽ ജീവിക്കുന്നു - നിങ്ങളോ..?

14 - ാം തിയ്യതി ഞാൻ " ഇന്ത്യൻ വൈദ്യശാസ്ത്രത്തിൻ്റെ അവസാന വാക്കിൽ " അഡ്മിറ്റ് ചെയ്യപ്പെട്ടു - AIIMS - ൽ.13- ാം ദിവസം അവിടെ നിന്നും ഡിസ്ചാർജ്.ഇതിനിടയിൽ ക്യാൻസറിൻ്റെ ഏതെങ്കിലും ധൂളികൾ എവിടെയെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നറിയാൻ PET സ്കാൻ, സർജിക്കൽ സ്‌ട്രൈക്ക് നടത്തിയ ഭൂപ്രദേശങ്ങളിൽ എന്തെങ്കിലും തിരുശേഷിപ്പുകളുണ്ടോ എന്നറിയാൻ CE - CT സ്കാൻ,പിന്നെയൊരു അൾട്രാ സൗണ്ട് സ്കാൻ..., നിരന്തര രക്തപരിശോധനകൾ, പിന്നെ കുവ്വ(തലാൽ)യുടെ പാചക - വാചക മഹാസാന്നിദ്ധ്യവും - അങ്ങനെ 13 ദിവസം!

ഡിസ്ചാർജിൻ്റെ തലേദിവസം ഞാൻ ഡോക്ടറോട് ചോദിച്ചു:എന്തിനാണ് നിങ്ങളെന്നെ ചികിത്സയും പരിശോധനയുമൊന്നും കൂടാതെ ഇവിടെ സൂക്ഷിച്ചുവെച്ചിരിക്കുന്നത്? നിങ്ങൾക്കെന്താണിത്ര ധൃതിയെന്ന് അദ്ദേഹം. ഞാൻ പറഞ്ഞു:"Tihar is waiting for me " തിഹാർ എന്നെ കാത്തിരിക്കുന്നു. അവിടുത്തേക്കാൾ ഇവിടെയല്ലേ സ്വാതന്ത്ര്യമെന്ന് അദ്ദേഹം വീണ്ടും.അത് ജയിലെങ്കിൽ,ഭൂമിയിൽ ഏറ്റവും നല്ല സ്ഥലം അതെന്ന് ഞാൻ. അവിടെ മതദ്വേഷമോ ജാതിഭേദമോ ഇല്ല. രാഷ്ട്രീയ വിവേചനങ്ങളില്ല.ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനും ദലിതനും കള്ളനും മോഷ്ടാവും അതിഭീകരനും മിതഭീകരനും രാജ്യദ്രോഹിയും രാജ്യസ്‌നേഹിയും എല്ലാവരും ഒന്നിച്ചു ജീവിക്കുന്ന മാതൃകാസ്ഥാനമാണത്. ലിനൂ, ഞങ്ങൾ ഒരേ വിരിപ്പിൽ കിടന്നുറങ്ങുന്നു.ഒരേ സുപ്രയിൽ ആഹരിക്കുന്നു.ഇവിടെ ഉച്ചനീചത്വങ്ങളില്ല. അസ്‌പൃശ്യതയില്ല.വെറുപ്പോ വിദ്വേഷമോ ഇല്ല. പ്രശാസനമാണെങ്കിൽ എല്ലാവരും വളരെ ഉഷാറാണ്.പൊതുവിൽ എവിടെയും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ പൂജിക്കുന്നവരാണ് - ചിലർ അദ്ദേഹത്തെ ഹൃദയത്തിൽ സൂക്ഷിക്കുന്നു, മറ്റുചിലർ ഹൃദയത്തിനോടടുത്ത്,കീശയിൽ...

ജയിലിലെ ജീവനക്കാർ എന്നോട് കാരുണ്യത്തോടെ പെരുമാറുന്നു.ഇവിടെ OPD യിൽ സഹായികളായി സേവനം ചെയ്യുന്ന സേവാദാരന്മാരുണ്ട്.അവരിൽ അധികപേരും 302 വകുപ്പുകാരാണ്.302 ാം വകുപ്പ് എന്താണെന്ന് നിനക്കറിയാമോ? കൊലപാതകം!!! ഒരുത്തനോട് ഞാൻ ചോദിച്ചു: നിനക്ക് സർജറി നന്നായി അറിയാമല്ലേ? ' ങ്ങേ, എന്നാരു പറഞ്ഞു?" ഞാൻ പറഞ്ഞു:നിനക്ക് സർജറി അറിയാം, എന്നാൽ സ്റ്റിച്ചിംഗല്ലേ അറിയാത്തതായിട്ടുള്ളൂ..." ആദ്യം പിടികിട്ടിയില്ലെങ്കിലും വൈകാതെ അവനും കാര്യം മനസ്സിലായി.അവൻ പിന്നെ ചിരിയോട് ചിരി. ഇതാണ് ഒരാളുടെ കഥ.അങ്ങനെ ഒക്കെ ആണെങ്കിലും ഇവിടെ കളങ്കമില്ല, ചതിയില്ല, ചതിയിൽ വഞ്ചനയുമില്ല.

ലിനൂ....ഈ കത്ത് നിന്നെയാണ് അഭിസംബോധന ചെയ്യുന്നതെങ്കിലും ഇത് ഉമ്മക്കും മക്കൾക്കെല്ലാവർക്കുമുള്ളതാണ്. നിൻ്റെ കത്തിൽ നീ NIA യുടെ ക്രൂരതയെ കുറിച്ച് പറഞ്ഞുവല്ലോ - അവരെ കുറ്റപ്പെടുത്തുന്നതെന്തിന്? അവർ അവരുടെ യജമാനന്മാരുടെ വാക്ക് കേട്ട് അതിനനുസരിച്ച് തുള്ളുന്നവരും പ്രവർത്തിക്കുന്നവരുമാണ്.അങ്ങനെയല്ലെങ്കിൽ,അവരുടെ കുഞ്ഞുകുട്ടിപരാധീനങ്ങൾ അയലിൽ കേറും.അവർക്ക് അവരുടെ മക്കളെ തീറ്റണം,ഉടുപ്പിക്കണം,പഠിപ്പിക്കണം,ജോലിയിൽ കേറ്റണം,ബ്യൂറോക്രസിയുടെ ഭാഗമാക്കണം... അത്കൊണ്ട് അവർക്ക് ഇതേ പ്രധാനം - കരിയർ - അവരോട് ദേഷ്യപ്പെടേണ്ടതില്ല.

ഞാൻ NIA കസ്റ്റഡിയിൽ ആയിരുന്നപ്പോൾ വളരെ മാന്യമായിരുന്നു അവരുടെ പെരുമാറ്റം.എനിക്ക് സ്ഥിരമായി ഉണ്ടാവാറുള്ള നെഞ്ചുവേദനയും ഡിസ്‌കംഫെർട്ടും ഉണ്ടായപ്പോൾ അവരെന്നെ ഉടനെ തന്നെ ഡൽഹിയിലെ ഒരു പ്രധാന ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.ശുശ്രൂഷകരെ വെച്ചു.എനിക്ക് കാവലിരിക്കാൻ ആളുകളെ ഏർപ്പാടാക്കി.അതിലൊരാളുടെ അമ്മക്ക് ക്യാൻസർ ആയിരുന്നു.അദ്ദേഹമെന്നെ അയാളുടെ സ്വന്തം അമ്മയെയെന്നപോലെയോ അച്ഛനെയെന്നപോലെയോ ശുശ്രൂഷിച്ചു. എന്നാൽ കോടതി കസ്റ്റഡിയിലായ ശേഷം എനിക്ക് മതിയായ ചികിത്സ നൽകുന്നതിൽ അവർ തടസ്സം നിന്നിട്ടുണ്ട്. ജാമ്യത്തിന് എതിര് നിന്നത് അവരുടെ ജോലിയുടെ ഭാഗമാണ്. എന്നാൽ ചികിത്സക്ക് എതിര് നിന്നത്, ഇപ്പോൾ എതിര് നിൽക്കുന്നതും ,എന്നെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട് - അത്രമാത്രം.

എൻ്റെ ഇപ്പോഴത്തെ പ്രശ്നം,എഴുതാനും സംസാരിക്കാനും കഴിയുന്നില്ല എന്നതാണ്.ഓർമ്മിക്കുവാനുള്ള ശേഷിയും കുറഞ്ഞിരിക്കുന്നു.വായിക്കാനും പറ്റുന്നില്ല." ഇല്ലാത്ത രോഗത്തിന് വല്ലാത്ത മരുന്ന്" - രണ്ട് കൊല്ലം കഴിച്ച് കഴിച്ച് ഓർമ്മയും ശരീരവും ചിന്തകളും തകർന്നു.എങ്കിലും അതിജീവനത്തിനുള്ള മരുന്നും ഊർജ്ജവും സഞ്ജീവനികളും നേരത്തേ തന്നെ ഉപരിലോകത്തിലുള്ളവനിൽ നിന്ന് ശേഖരിച്ചു വെച്ചിരുന്നതു കൊണ്ട് വലിയ പ്രശ്നങ്ങൾ ഉണ്ടായില്ല.ഇത്തവണ എയിംസിൽ നിന്ന് പോരുന്നതിൻ്റെ രണ്ട് ദിവസം മുൻപ് ഡോക്ടർ പറഞ്ഞു,നിങ്ങൾക്ക് ഡിമെൻഷ്യയില്ലെന്ന്. ഡോണോപ്രസിൽ

എന്ന ഗുളിക വളരെ ഗുരുതരമായ പാർശ്വഫലങ്ങളുള്ളതാണെന്നറിഞ്ഞിട്ടും,ഡോക്ടർമാരുടെ നിർദ്ദേശം പാലിക്കേണ്ടത്തിൻ്റെ ഭാഗമായും രോഗം ഭേദമാകണമെല്ലോ എന്ന അനിവാര്യതയാലും, കഴിഞ്ഞ രണ്ട് വർഷമായി ഞാൻ കഴിച്ചുവരികയാണ്.എന്നിട്ടിപ്പോൾ ഡോക്ടർ പറയുന്നു എനിക്കാ രോഗം തന്നെയില്ലെന്ന്!

ഒരിക്കൽ എനിക്ക് കടുത്ത ക്ഷീണം.ഫോൺ ചെയ്യാൻ പറ്റുന്നില്ല.വീഡിയോ കാളിലിരിക്കാൻ വയ്യ.നിൽക്കാനും ഇരിക്കാനും വയ്യാത്തത്ര ക്ഷീണം. അന്ന് എയിംസിലെ ന്യൂറോളജിസ്റ്റ് നെ കണ്ട്,ഇത്രയും ക്ഷീണമുണ്ടാക്കുന്ന സ്ഥിതിക്ക് തൽക്കാലം ഈ ഗുളിക നിർത്തിക്കൂടേ എന്ന് ചോദിച്ചതാണ്. ഡോക്ടർ കർശനമായി വിലക്കി:ആ മരുന്ന് ഒരിക്കലും ഒഴിവാക്കാൻ പാടില്ല,വേണമെങ്കിൽ 10 mg എന്നുള്ളത് 5 mg യാക്കി കുറച്ചു തരാം എന്നായിരുന്നു നിർദ്ദേശം.അതിനെ കുറിച്ചാണ് ഇപ്പോൾ അതേ ഡോക്ടർമാർ പറയുന്നത്,രോഗമില്ലാതെയായിരുന്നു ഇത്രയും കാലം ആ മരുന്ന് കഴിച്ചിരുന്നത് എന്ന്. എന്നുവെച്ചാൽ,ഇവിടെ നടന്നുവരുന്നത് ഒരുതരം ദയാവധമാണ് (euthanasia).ഇനി നേരിട്ടുള്ള വധമായിരിക്കാം സംഭവിക്കുന്നത്.ഏതായാലും ഒരു കാര്യം ഞാൻ തീർച്ചപ്പെടുത്തിയിട്ടുണ്ട് - ഈ വിധം ഞാൻ മരണത്തിന് വഴിപ്പെടില്ല.അഥവാ മരിക്കില്ലായെന്ന് - ഈ ജയിലിൽ വെച്ച് ഞാൻ മരിക്കില്ല;പക്ഷേ രക്തസാക്ഷിയാവാം.

NIA - കുറിച്ച് എനിക്ക് ഒരാക്ഷേപവുമില്ല.കാരണം, ഞാൻ നേരത്തേ പറഞ്ഞുവല്ലോ. അവർ സർക്കാരിൻ്റെ ഉത്തരവ് പാലിക്കുക മാത്രമാണ് ചെയ്യുന്നത്.നിനക്കറിയാമോ, എൻ്റെ നേരെയുള്ള അവരുടെ ദൃഷ്ടി ഒന്ന് പിൻവലിഞ്ഞു പോയാൽ മതി,അവർ വലിയ വില നൽകേണ്ടിവരും. അത് കൊണ്ട് അവരെപ്പോഴും ജാഗ്രത്താണ്. പിന്നെ അതിവിശിഷ്ടരായ ചില ആളുകളുണ്ടാവും.അവർക്ക്,നെറികെട്ട പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കില്ല എന്ന് മറുത്തു പറയലാണ് ഒരു വഴി.അതിന് പലർക്കും കഴിയില്ല.കാരണം മനസ്സാക്ഷിയുള്ളവർക്കേ അത് സാധിക്കുകയുള്ളൂ.അതിൽ പലരുടെയും മനസ്സാക്ഷി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഏതോ ഒരു മുറിയിലെ ഏതോ അലമാരയുടെ ഏതോ ഫയലിലെ ഏതോ ഒരു കടലാസിൽ ആയിരിക്കും.ഇനിയും അവരിൽ മനസ്സാക്ഷി മരവിച്ചിട്ടില്ലാത്തവർ ഉണ്ടെങ്കിൽ ജോലിയിൽ നിന്ന് നിഷ്ഠൂരമാം വിധം നിഷ്കാസിതരാവും.അത് കൊണ്ട് ഞാൻ പറയുന്നു, ലിനൂ ,അവർ അവരുടെ ജോലി ചെയ്യാൻ നിർബന്ധിതരാണ്. അവരാരും തന്നെ നമ്മുടെ വെറുപ്പിന് ശരവ്യമായിക്കൂട.

രാജ്യത്ത് പാലിക്കപ്പെടുന്ന ഭരണഘടനയും ഇവനെന്നും അവനെന്നും കാണാത്ത,ഇവനെയും അവനെയും ഒരുപോലെ വിവേചനരഹിതമായി കാണുന്ന ഒരു നീതിന്യായ വ്യവസ്ഥയും നിലനിൽക്കുന്നുവെങ്കിൽ, ഞാൻ പറയുന്നു - നുണയിലും കളവിലും കെട്ടിപ്പടുത്ത ഇവരുടെ മുഴുവൻ നിർമ്മിതികളും ഇടിഞ്ഞുടഞ്ഞു തകർന്നടിയും. അവരിറക്കിയ കുറ്റപത്രം അവരെത്തന്നെ നോക്കി കൊഞ്ഞനം കുത്തും.അവരെന്നു പറഞ്ഞാൽ NIA അല്ല; ഭരണാസനങ്ങൾ. അന്ന് കോടതികളിലെ വിശുദ്ധരായ ജഡ്ജിമാരുടെ പേനയിൽ നിന്നും നാവിൽ നിന്നും ഒരുത്തരവ് ഘോഷമായി പുറത്ത് വരും. അന്ന് ഞാനും എൻ്റെ സഹോദരന്മാരും ഞങ്ങളുടെ പ്രസ്ഥാനവും കുറ്റവാളികളല്ലാ എന്ന് തീരുമാനം വരും. മഹത്തായ ഇന്ത്യ രാജ്യത്തെയും അതിലെ ജനങ്ങളെയും സ്നേഹിക്കുകയായിരുന്നു ഇവരെന്ന്, രാജ്യത്തിൻ്റെ വർഗ്ഗീയ വിഭജനങ്ങളിൽ ഇവർ ദുഃഖിക്കുന്നവരായിരുന്നുവന്ന്,രാജ്യത്തിൻ്റെ വളർച്ചക്കും ജനങ്ങളുടെ അന്തസ്സാർന്ന ജീവിതത്തിനും വേണ്ടി ജനങ്ങളെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുകയായിരുന്നുവെന്ന്, ഉത്തരവുണ്ടാകും. അന്ന് ബഹുമാനപ്പെട്ട കോടതികളിലെ വിശുദ്ധരായ ജഡ്ജിമാർ ജസ്റ്റിസുമാരാകും.അവരിൽ നിന്ന് ജസ്റ്റിസ് പുറത്ത് വരും - നീ ചോദിച്ചുവല്ലോ " എവിടെ ജസ്റ്റിസ്?"എന്ന്.

എൻ്റെ അക്ഷരങ്ങൾ നിങ്ങൾക്ക് തിരിച്ചറിയാൻ പറ്റാത്ത വിധത്തിലുള്ള ക്ഷരങ്ങളായിരിക്കുന്നു.അതിനാൽ ഒരു സഹായിയാണ് എൻ്റെ വരികൾ കുറിക്കുന്നത്. എൻ്റെ കയ്യെഴുത്ത് ഇപ്പോൾ നിങ്ങൾക്ക് മനസ്സിലാവാത്ത വിധം വികൃതമായിരിക്കുന്നു.കുറച്ച് കഴിയുമ്പോൾ നിങ്ങൾക്ക് എന്നെ തന്നെ മനസ്സിലാവാതെ വരുമോ എന്ന ആധിയും എനിക്കുണ്ട്.എനിക്ക് എന്നെത്തന്നെ തിരിച്ചറിയാൻ കഴിയാത്ത പരുവത്തിലേക്ക് എൻ്റെ രോഗങ്ങൾ എന്നെ എത്തിക്കുമോ എന്ന ഉൾഭയവും.ഒരുപക്ഷേ,കാലം നിങ്ങളോട് പറയും,അല്ലെങ്കിൽ ചരിത്രം: ഇവിടെ ഒരു മനുഷ്യൻ ജീവിച്ചിരുന്നുവെന്ന്, അയാൾ നിങ്ങളുടെ പിതാവായിരുന്നുവെന്ന്, ആയാൾ ധീരനായിരുന്നുവെന്ന്.... അത് കൊണ്ട് മക്കളേ, ധീരരായിരിക്കുക.

നാളെ എൻ്റെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി വാദം കേൾക്കുന്നുണ്ട്.

എനിക്കറിയില്ല, എന്താവുമെന്ന്. ദൈവേഛയല്ലാതെ ഒരുകാര്യത്തിലും ഒന്നും പ്രവർത്തിക്കില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നവരല്ലേ നമ്മൾ. നീ എന്തിനാണ് എന്നെ കാണണമെന്ന് പറഞ്ഞത്? നിൻ്റെയും എൻ്റെയും വിഷമങ്ങൾ എനിക്ക് മനസ്സിലാവും. എന്നാൽ നീ ഓർക്കുന്നുണ്ടോ - ഞാനീ ജയിലിൽ കിടന്ന് മരിച്ചാൽ നിങ്ങളെന്ത് വിചാരിക്കുമെന്ന് ചോദിച്ച സമയം. മറ്റുള്ളവരോടൊപ്പം നീയായിരുന്നില്ലേ ആദ്യം കേറിപ്പറഞ്ഞത് - ഞങ്ങൾ ഒരു ധീര രക്തസാക്ഷിയുടെ മക്കാളാണെന്ന് അഭിമാനിക്കുമെന്ന്. ആ ധൈര്യമൊക്കെ ചോർന്ന് പോയോ ?

ഇന്ഷാ അല്ലാഹ്. നമുക്ക് കാണാം . ഒന്നുകിൽ ഈ സർവ്വം സഹ ഭൂമിയിൽ വെച്ച് തന്നെ.അല്ലെങ്കിൽ അവിടെ പരലോകത്ത് വെച്ച്.അതിന് വേണ്ടി പ്രാർത്ഥിക്കുക.

قُل لَّن يُصِيبَنَآ إِلَّا مَا كَتَبَ ٱللَّهُ لَنَا

നമുക്ക് വേണ്ടിയുള്ള അല്ലാഹുവിൻ്റെ ലിഖിതങ്ങളിൽ ഉള്ളതല്ലാതെ മറ്റൊന്നും സംഭവിക്കുകയില്ല.

പ്രാർത്ഥനയോടെ,
നിങ്ങളുടെ വാപ്പ.
ഇ അബൂബക്കർ

Full View

പോപുലർ ഫ്രണ്ട് നിരോധനത്തിന് മുന്നോടിയായി 2022 സെപ്റ്റംബർ 22നാണ് ഇ. അബൂബക്കറിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. യു.എ.പി.എ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇദ്ദേഹം.

Tags:    
News Summary - E Abubacker letter from jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.