തിരുവനന്തപുരം: പിഴയടക്കാത്തതിന് മോട്ടോർവാഹന വകുപ്പ് കരിമ്പട്ടികയിൽപെടുത്തിയ വാഹനങ്ങളുടെ നിരോധനം നീക്കാനുള്ള നടപടിക്രമങ്ങൾ സങ്കീർണം. ഓൺലൈനായി പണമടച്ചാൽ നിരോധനം നീക്കാമെന്നിരിക്കെ പണമടച്ച രസീത് ഓഫിസിലേക്ക് ഇ മെയിലിൽ അയക്കണമെന്നാണ് നിബന്ധന. നിയമലംഘനം നടന്ന ഓഫിസ് പരിധിയിലേക്കാണ് രസീത് മെയിൽ ചെയ്യേണ്ടത്.
മെയിൽ അയച്ചാലും കരിമ്പട്ടിക മാറിക്കിട്ടാൻ ദിവസങ്ങളെടുക്കും. മെയിൽ പരിശോധിക്കുന്ന ഉദ്യോഗസ്ഥൻ കനിഞ്ഞാൽ കരിമ്പട്ടിക നീങ്ങും. മെയിൽ അയച്ചാൽ മതിയെന്നാണ് വ്യവസ്ഥയെങ്കിലും കാര്യം നടക്കണമെങ്കിൽ നേരിട്ടെത്തണം. ഇത് ഇടനിലക്കാർക്കും കൈമടക്കിനും വേണ്ടിയാണെന്ന ആരോപണവും ശക്തമാണ്. ഓൺലൈൻ സംവിധാനം അട്ടിമറിക്കാനുള്ള നീക്കവും ഇതിന് പിന്നിലുണ്ട്. ഓഫിസിൽ വരാതെ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുമെന്ന് അധികൃതർ ആവർത്തിക്കുമ്പോഴാണിത്.
കരിമ്പട്ടിക നീക്കംചെയ്യാനുള്ള അധികാരം, അത് ചുമത്തുന്ന ഓഫിസിലെ ഉദ്യോഗസ്ഥർക്കു മാത്രമായി പരിമിതപ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണം. സോഫ്റ്റ്വെയർ ചെയ്തിരുന്ന കാര്യം ഉദ്യോഗസ്ഥരുടെ അധികാരമായി മാറ്റിയതാണ് വാഹന ഉടമകളെ ബുദ്ധിമുട്ടിക്കുന്നത്. നേരത്തേ, ഓൺലൈനിൽ തുകയടച്ചാൽ കരിമ്പട്ടിക ഇല്ലാതാകുമായിരുന്നു.
കരിമ്പട്ടികയിൽ ഉൾപ്പെട്ടാൽ മോട്ടോർ വാഹനവകുപ്പുമായി ബന്ധപ്പെട്ട തുടർ സേവനങ്ങൾ ലഭിക്കില്ല. വില്ക്കുമ്പോഴും ഉടമസ്ഥാവകാശം കൈമാറുമ്പോഴുമടക്കം ഇത് ബുദ്ധിമുട്ടും താമസവുമുണ്ടാക്കും. ആര്.ടി.ഒ ഓഫിസ് സേവനങ്ങള്‍, ഇന്‍ഷുറന്‍സ് പുതുക്കല്‍ ഉള്‍പ്പെടെ കാര്യങ്ങള്‍ക്ക് വരുമ്പോള്‍ പിഴ കുടിശ്ശികയുണ്ടെങ്കിൽ അടപ്പിക്കുകയാണ് ചെയ്യുന്നത്. വാഹൻ സോഫ്റ്റ്വെയറിലേക്ക് വിവരങ്ങളെല്ലാം മാറിയതോടെയാണ് കരിമ്പട്ടിക സംവിധാനം വന്നത്. വാഹനം കരിമ്പട്ടികയിലാണോ എന്ന് വെബ്സൈറ്റിൽ കാണിക്കും.
കാമറകളടക്കം പിടികൂടുന്ന കുറ്റങ്ങൾ തത്സമയം ഉടമയുടെ മൊബൈലിലേക്ക് എസ്.എം.എസ് ലഭിക്കുമെന്നാണ് പറയുന്നത്. പലർക്കും സന്ദേശം ലഭിക്കാറില്ല. സേവനങ്ങൾക്കായി വകുപ്പിനെ സമീപിക്കുമ്പോഴാണ് വാഹനം കരിമ്പട്ടികയിലാണെന്ന വിവരമറിയുന്നത്. വാഹന രജിസ്ട്രേഷൻ സമയത്ത് ഫോൺ നമ്പർ കൃത്യമായി നൽകാത്തതാണ് ഇതിന് കാരണമെന്നാണ് വിശദീകരണം. സേവനങ്ങൾക്ക് ഇടനിലക്കാരെ ചുമതലപ്പെടുമ്പോൾ ഒ.ടി.പി നേരിട്ട് കിട്ടുന്നതിന് മിക്കവരും ഇടനിലക്കാരുടെ നമ്പറായിരിക്കും പോർട്ടലിൽ നൽകിയിട്ടുണ്ടാകുകയത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.