തിരുവനന്തപുരം: സംസ്ഥാനത്ത് മുദ്രപത്രങ്ങൾക്ക് പകരമായി ഇ-സ്റ്റാമ്പ് വിതരണം തുടങ്ങിയെങ്കിലും സങ്കീർണമായ നടപടിക്രമങ്ങളിൽ വലയുകയാണ് വെണ്ടർമാരും ഇടപാടുകാരും. രജിസ്റ്റർ ചെയ്യാത്ത ഇടപാടുകൾക്കുള്ള ഇ-സ്റ്റാമ്പിലാണ് കൂടുതൽ ബുദ്ധിമുട്ട്.
ആവശ്യക്കാരുടെ പേരും മേല്‍വിലാസവും, ഫോണ്‍ നമ്പറും നൽകിയാലാണ് ഇ-സ്റ്റാമ്പ് ലഭിക്കുക. ഒപ്പം എന്താണ് ആവശ്യമെന്നും വ്യക്തമാക്കണം. ഇതൊക്കെ നൽകുമ്പോൾ ഇടപാടുകാരന്റെ ഫോണിലേക്ക് വരുന്ന ഒ.ടി.പി കൂടി രേഖപ്പെടുത്തണം. മൂന്നുതവണയാണ് ഒ.ടി.പി വരിക. ഇതുകാരണം ഇ-സ്റ്റാമ്പ് വില്പന കേന്ദ്രങ്ങളിലെത്തുന്നവര്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട സ്ഥിതിയാണ്.
യഥാസമയം ഒ.ടി.പി ലഭിക്കാത്തതും, നെറ്റ് തകരാറും നിമിത്തം രണ്ട് ദിവസത്തിനിടയില്‍ തനിക്ക് 3,500 രൂപയാണ് നഷ്ടപ്പെട്ടതെന്ന് നെടുമങ്ങാട്ടെ സ്റ്റാമ്പ് വെണ്ടര്‍ അജയകുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. മാത്രമല്ല, 100 രൂപയുടെ ഇ-സ്റ്റാമ്പ് ലഭിക്കാന്‍ 10 മുതല്‍ 25 രൂപ അധികവും നല്‍കേണ്ടിവരും. ഇ-സ്റ്റാമ്പിന് സ്റ്റാമ്പ് വെണ്ടര്‍മാര്‍ക്ക് കമീഷനുമില്ല.
ഉന്നത വിദ്യാഭ്യാസം, വിദേശപഠനം ഉള്‍പ്പെടെ ആവശ്യം, കെട്ടിടം വാടകക്ക് കൊടുക്കുമ്പോള്‍ ഉടമയും വാടകക്കാരനും ചേര്‍ന്ന് എഴുതുന്ന ഉടമ്പടി, ഭൂമി കൈമാറ്റത്തിന് മുന്നോടിയായുള്ള കരാര്‍ ഉടമ്പടികള്‍, ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍, ത്രിതല പഞ്ചായത്തുകളിലെ കരാര്‍ജോലികള്‍ ചെയ്യുന്നതിനുള്ള ഉടമ്പടികള്‍, വൈദ്യുതി കണക്ഷനുകള്‍, അഫിഡവിറ്റുകള്‍ തുടങ്ങി ആവശ്യങ്ങള്‍ക്കായുള്ള 50,100, 500,1000 രൂപയുടെ മുദ്രപത്രങ്ങൾക്ക് സംസ്ഥാനത്ത് വലിയ ക്ഷാമമാണ്.
അഞ്ഞൂറുരൂപയുടെ മുദ്രപത്രം ആവശ്യമുള്ളവര്‍ക്ക് 5000 രൂപയുടേത് വാങ്ങേണ്ട സ്ഥിതിയാണ്. സംസ്ഥാനത്ത് 1,500ലേറെ സ്റ്റാമ്പ് വെണ്ടര്മാരുണ്ടെങ്കിലും രജിസ്റ്റര്‍ ചെയ്യാത്ത ആധാരങ്ങള്‍ക്ക് ഇ-സ്റ്റാമ്പിങ് നല്‍കുന്നതിന് പകുതി വെണ്ടര്മ്മാര് പോലും സജ്ജരായില്ല. സബ് രജിസ്ട്രാർ ഓഫിസുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആധാരങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ വലിയ തടസ്സങ്ങളില്ലാതെ ഇ-സ്റ്റാമ്പ് നല്‍കുന്നത്. 25 വര്‍ഷം മുമ്പാണ് അവസാനമായി മുദ്രപത്ര വിതരണത്തിനുള്ള വെണ്ടര്‍ ലൈസന്‍സ് നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.