കൊച്ചി: നോട്ട് നിരോധന സമയത്ത് 'ചന്ദ്രിക' അക്കൗണ്ടിലൂടെ 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലെ ഇ.ഡി, വിജിലൻസ് അന്വേഷണ ഉത്തരവിനെതിരെ മുൻ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞിെൻറ അപ്പീൽ ഹരജി. തനിക്കെതിരെ മറ്റൊരാൾ നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ വിജിലൻസിനും ഇ.ഡിക്കും അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് തന്നെ കേൾക്കാതെയാണെന്നും നിലനിൽക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ.
പാലാരിവട്ടം മേൽപാലം അഴിമതിയുമായി ബന്ധപ്പെട്ട് അനധികൃതമായി സമ്പാദിച്ച 10 കോടി രൂപ 'ചന്ദ്രിക'യുടെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെടുെത്തന്നായിരുന്നു കളമശ്ശേരി സ്വദേശി ജി.ഗിരീഷ് ബാബുവിെൻറ പരാതി. 2020 ആഗസ്റ്റ് 17നാണ് സിംഗിൾ ബെഞ്ച് ഉത്തരവുണ്ടായത്. ഉത്തരവ് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നാണ് ഹരജിയിലെ ആരോപണം.
'ചന്ദ്രിക'യുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ച സംഭവത്തിൽ തനിക്ക് ബന്ധമില്ല. പത്രത്തിെൻറ കൊച്ചി യൂനിറ്റിലെ സർക്കുലേഷൻ വർധിപ്പിക്കാൻ നിയോഗിച്ച ഗവേണിങ് ബോഡി ചെയർമാൻ മാത്രമായിരുന്നു. പത്രത്തിെൻറ ഒാരോ യൂനിറ്റിലും സമാന ഗവേണിങ് കമ്മിറ്റികളുണ്ട്. ഉത്തരവിനെത്തുടർന്ന് വിജിലൻസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ഇ.ഡി ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. മൾട്ടിപ്പിൾ മൈലോമയെന്ന അർബുദ ബാധിതനാണെന്നും സിംഗിൾ ബെഞ്ചിെൻറ വിധി തെൻറ ചികിത്സയെയും അവകാശത്തെയും പ്രതികൂലമായി ബാധിക്കുമെന്നും ഹരജിയിൽ പറയുന്നു. ഹരജി തീർപ്പാകുംവരെ വിജിലൻസിെൻറയും ഇ.ഡിയുടെയും അന്വേഷണം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.