തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തെ റേഷൻ വാതിൽപടി വിതരണം സ്തംഭനത്തിലേക്ക്. റേഷൻ സാധനങ്ങൾ വിതരണം ചെയ്ത വകയിൽ ട്രാൻസ്പോർട്ടേഷൻ കരാറുകാർക്ക് നൽകേണ്ട 100 കോടിയോളം രൂപ സർക്കാർ നൽകാത്ത സാഹചര്യത്തിൽ ശനിയാഴ്ച മുതൽ സാധനങ്ങൾ എഫ്.സി.ഐയിൽനിന്ന് ഗോഡൗണുകളിലേക്കും അവിടെനിന്ന് റേഷൻ കടകളിലേക്കും എത്തിക്കേണ്ടതില്ലെന്ന് കൊച്ചിയിൽ ചേർന്ന ട്രാൻസ്പോർട്ടേഷൻ കരാറുകാരുടെ യോഗം തീരുമാനിച്ചു. അടിയന്തരമായി 34 കോടിയെങ്കിലും അനുവദിക്കാത്തപക്ഷം അനിശ്ചിതകാല സമരം തുടരാനും തീരുമാനമായി.
കേന്ദ്ര ഭക്ഷ്യഭദ്രത നിയമപ്രകാരം സംഭരണവും വിതരണവും നടത്താൻ പ്രതിമാസം ഗതാഗത കൈകാര്യ ചെലവിനത്തില്‍ കരാറുകാര്‍ക്ക് സർക്കാർ നൽകേണ്ടത് 26-30 കോടിയാണ്. ഇതിൽ 10 ശതമാനം ഓഡിറ്റ് പൂർത്തിയാകുന്ന മുറക്ക് നൽകും. ബാക്കിയുള്ള 90 ശതമാനമാണ് കരാറുകാർക്ക് അനുവദിക്കുന്നത്. എന്നാൽ, 2021 മുതൽ ഈ 10 ശതമാനം തുക കരാറുകാർക്ക് സർക്കാർ നൽകുന്നില്ല. ഓഡിറ്റ് പൂർത്തിയായിട്ടില്ലെന്ന കാരണമാണ് ഭക്ഷ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. ഇതിനു പുറമെയാണ് സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള തുകയും കിട്ടാതായത്.
പണം ലഭിക്കാതായതോടെ ചുമട്ടുതൊഴിലാളികൾ, വാതിൽപടി വിതരണം നടത്തുന്ന മേഖലയിലെ ഇറക്ക് തൊഴിലാളികൾ, വാഹനങ്ങൾക്ക് ഇന്ധനം നൽകുന്ന പമ്പുടമകൾ, വാഹന ഡ്രൈവർമാർ എന്നിവർക്ക് മാസങ്ങളായി പണം നൽകാൻ സാധിച്ചിട്ടില്ല. പണം ലഭിക്കാതെ വന്നതോടെ കരാറുകാരിൽ ഭൂരിഭാഗവും ജപ്തി ഭീഷണിയിലാണ്. കഴിഞ്ഞ മാസം അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാൻ കരാറുകാർ തീരുമാനിച്ചെങ്കിലും സപ്ലൈകോ സി.എം.ഡിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പിന്മാറി.
സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ കുടിശ്ശിക ഡിസംബർ 27നകം നൽകുമെന്ന സർക്കാർ ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു പിന്മാറ്റം. എന്നാൽ, 14 കോടിമാത്രമാണ് അനുവദിച്ചതെന്ന് കരാറുകാർ അരോപിക്കുന്നു. ബാക്കി തുക ജനുവരി 10ന് നൽകാമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചെങ്കിലും ലഭിക്കാതെ വന്നതോടെയാണ് സമരപരിപാടികളിലേക്ക് നീങ്ങാൻ കാരാറുകാർ നിർബന്ധിതരായത്.
‘34 കോടിയെങ്കിലും അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനുവരി ആറിന് നേരിൽ കണ്ട് ഭക്ഷ്യമന്ത്രിക്ക് നിവേദനം നൽകി. എല്ലാം ശരിയാക്കാമെന്ന മറുപടിയാണ് ജി.ആർ. അനിൽ നൽകിയത്. ബുധനാഴ്ചക്കുള്ളിൽ കുടിശ്ശിക തീർക്കുമെന്നായിരുന്നു സപ്ലൈകോ സി.എം.ഡിയുടെ ഉറപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ജനുവരിയിലെ 50 ശതമാനം വിതരണം പൂർത്തിയാക്കി. സർക്കാറുമായി പരമാവധി സഹകരിച്ചു, ഇനി കഴിയില്ല. വ്യാഴാഴ്ച വരെ സമയം നൽകി. ക്ഷേമനിധി ബോർഡിൽനിന്ന് അന്യായമായ പലിശയും റവന്യൂ റിക്കവറി നടപടികളും അഭിമുഖീകരിക്കുകയാണ്. ഗത്യന്തരമില്ലാതെയാണ് സമരത്തിനിറങ്ങുന്നത്’
-ഫഹദ് ബിൻ ഇസ്മയിൽ കേരള ട്രാൻസ്പോർട്ടിങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (എൻ.എഫ്.എസ്.എ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.