തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ഇ.ഡിയുടെ അന്തിമ കുറ്റപത്രം സത്യത്തെ കുഴിച്ചുമൂടുന്നതാണെന്ന് സി.പി.എം തൃശൂർ ജില്ല കമ്മിറ്റി. ബി.ജെ.പി ഓഫിസിൽ ചാക്ക് കെട്ടുകളിൽ കള്ളപ്പണം ഇറക്കിയതിന് ദൃക്സാക്ഷിയാണെന്ന് വെളിപ്പെടുത്തിയ അതേ ഓഫിസിൽ സെക്രട്ടറിയായിരുന്ന തിരൂർ സതീഷിന്‍റെ മൊഴി പോലും എടുക്കാതെയാണ് അന്തിമ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
കൊടകര കുഴൽപ്പണ കേസ് തട്ടിപ്പറി കേസായാണ് കേരള പൊലീസിന്‍റെ മുന്നിൽ എത്തിയത്. പണത്തിന്‍റെ സ്രോതസ്സ് മറ്റ് സംസ്ഥാനങ്ങളിലായതിനാൽ ഇ.ഡിയാണ് അന്വേഷിക്കേണ്ടതെന്ന് കേരള പൊലീസ് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും അതിൽ നടപടിയെടുക്കാൻ ഇ.ഡി തയാറായില്ല. ബി.ജെ.പിയുടെ രാജ്യദ്രോഹ കുറ്റകൃത്യം വെളുപ്പിക്കുന്നതാണ് ഇ.ഡിയുടെ അന്തിമ കുറ്റപത്രം.
ബി.ജെ.പിക്കാർ എന്ത് രാജ്യദ്രോഹം നടത്തിയാലും അനങ്ങില്ല എന്ന നിലപാട് രാജ്യതാൽപര്യത്തിനും ജനാധിപത്യത്തിനും എതിരാണ്. കൊടുങ്ങല്ലൂർ കള്ളനോട്ട് കേസിലും ഇതേ നിലപാടാണ് ഇ.ഡി സ്വീകരിച്ചത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഇതിൽ പ്രതിഷേധമുയരേണ്ടതുണ്ടെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ വാർത്തക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.