കൊച്ചി: സംസ്ഥാനത്ത് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസ് നിലവിലുള്ള 18 സഹകരണ സംഘങ്ങളിലും വായ്പ വിതരണവുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ കണ്ടെത്തിയതായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈകോടതിയെ അറിയിച്ചു. അധികാരപരിധിക്ക് പുറത്തുള്ളവർക്കും അർഹതയില്ലാത്തവർക്കുപോലും വായ്പകൾ അനുവദിച്ചു.
ഈടുവസ്തുവിന്റെ മൂല്യം പെരുപ്പിച്ചു കാട്ടുകയും ഒരേ ഈടിൽ ഒന്നിലേറെയും വായ്പകൾ അനുവദിക്കുകയും ചെയ്തതായി ഡെപ്യൂട്ടി ഡയറക്ടർ പി. വിനോദ്കുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. സഹകരണ സ്ഥാനപനങ്ങൾക്കെതിരെ ഇ.ഡി രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശം കോടതി തേടിയിരുന്നു. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിൽ കള്ളപ്പണം വെളുപ്പിക്കൽ വ്യാപകമായി നടക്കുന്നതായി സത്യവാങ്മൂലത്തിൽ പറയുന്നു. നിയമലംഘനം നടത്തുന്നത് ഭാരവാഹികൾ തന്നെയായതിനാൽ വായ്പാകുടിശ്ശിക അടക്കുന്നതിൽ വീഴ്ചവരുത്തിയാലും തിരിച്ചുപിടിക്കൽ നടപടികൾ ഉണ്ടാകുന്നില്ല. ചിലരുടെ പേരിൽ വായ്പയുള്ള കാര്യം അവർപോലും അറിഞ്ഞിട്ടില്ല.വസ്തു കണ്ടുകെട്ടിയും കുറ്റവാളികളെ അറസ്റ്റ് ചെയ്തും നടപടികൾ സ്വീകരിച്ചുവരുന്നതായും ഇ.ഡി അറിയിച്ചു.
കരുവന്നൂർ, അയ്യന്തോൾ, തുമ്പൂർ, നടക്കൽ സർവിസ് സഹകരണ ബാങ്കുകൾ, മാവേലിക്കര സഹകരണ സൊസൈറ്റി ബാങ്ക്, മൂന്നിലവ്, കണ്ടള, മൈലപ്ര സർവിസ് സഹകരണ ബാങ്കുകൾ, ചാത്തന്നൂർ റീജനൽ സർവിസ് സഹകരണ ബാങ്ക്, ബി.എസ്.എൻ.എൽ എൻജിനീയറിങ് സഹകരണ സൊസൈറ്റി, കോന്നി റീജനൽ സർവിസ് സഹകരണ ബാങ്ക്, മരിയമുട്ടം സർവിസ് സഹകരണ സൊസൈറ്റി, എടമുളക്കൽ, കൊല്ലൂർവിള, ആനക്കയം, മുഗു, തെന്നല, പുല്പള്ളി സർവിസ് സഹകരണ ബാങ്കുകൾ എന്നിവക്കെതിരെയാണ് ഇ.ഡിയുടെ അന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.