തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ സ്വത്ത് കണ്ടുകെട്ടാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) നടപടി തുടങ്ങി. ബിനീഷിെൻറ തിരുവനന്തപുരത്തെ മരുതന്‍കുഴിയിലെ 'കോടിയേരി' വീടും സ്വത്തുവകകളും ഉൾപ്പെടെ കണ്ടുകെട്ടണമെന്നാവശ്യപ്പെട്ടാണ് രജിസ്ട്രേഷൻ ഐ.ജിക്ക് ഇ.ഡി കത്ത് നല്‍കിയത്. ബിനീഷിെൻറ ഭാര്യയുടെ പേരിലുള്ള ആസ്തിയും മയക്കുമരുന്ന് കേസിൽ പിടിയിലായ അനൂപ് മുഹമ്മദിെൻറ ആസ്തിവകകളും പരിശോധിച്ച് റിപ്പോർട്ട് കൈമാറാനും ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനുശേഷം ബിനീഷിെൻറ സ്വത്തുവകകളുമായി ബന്ധപ്പെട്ട് നേരത്തേയും ഇ.ഡി രജിസ്ട്രേഷന് ഐ.ജിക്ക് കത്ത് നല്‍കിയിരുന്നു. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു. അതിെൻറ തുടർച്ചയായാണ് ഇപ്പോഴത്തെ നീക്കം. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ.ഡിയുടെ നടപടി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ മാസമാണ് ബിനീഷിെൻറ ആസ്തിവകകളുടെ കൈമാറ്റം മരവിപ്പിച്ച് കൊച്ചി ഇ.ഡി ഓഫിസ് രജിസ്ട്രേഷന് വകുപ്പിന് കത്ത് നല്‍കിയത്.
സ്വാഭാവിക നടപടിക്രമം അനുസരിച്ച് അറസ്റ്റ് നടന്ന് 90 ദിവസത്തിനകം കണ്ടുകെട്ടല്‍ ഇ.ഡി പൂര്‍ത്തീകരിക്കും. ഇ.ഡി ഒരാളെ അറസ്റ്റ് ചെയ്താല്‍ അറസ്റ്റ് തീയതിക്ക് ആറു വര്‍ഷം മുമ്പുവരെ വാങ്ങിയ സ്വത്തുവകകള്‍ കണ്ടുകെട്ടാമെന്നാണ് നിയമം.
ബിനീഷ് കോടിയേരി അറസ്റ്റിലാകുന്നത് കഴിഞ്ഞമാസം 29നാണ്. ഇതനുസരിച്ച് ബിനീഷ് 2014 ഒക്ടോബർ 29ന് ശേഷം വാങ്ങിയ സ്വത്തുവകകള്‍ ഇ.ഡിക്ക് കണ്ടുകെട്ടാം. ശാസ്തമംഗലം മരുതംകുഴിയിലെ 'കോടിയേരി' എന്ന വീട് ബിനീഷ് വാങ്ങുന്നത് 2014 നവംബർ 11 നാണ്.
ബിനീഷിന് പുറമെ ഭാര്യ റെനീറ്റ, മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദ് എന്നിവരുടെ സ്വത്തിെൻറ കൈമാറ്റം തടയാനുള്ള നീക്കവും ഊര്‍ജിതമാക്കി. ഇ.ഡിയുടെ നിർദേശ പ്രകാരം ഇവരുടെ സ്വത്തുവകകളുടെ വിശദവിവരങ്ങള്‍ രജിസ്ട്രേഷന് വകുപ്പ് തയാറാക്കിയിട്ടുണ്ട്. ഉടന്‍ തന്നെ ഇത് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.