പരീക്ഷക്കിടെ ഉത്തരപേപ്പര്‍ പിടിച്ചെടുത്ത സംഭവം; പരീക്ഷ എഴുതാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി

പ്രതീകാത്മക ചിത്രം

പരീക്ഷക്കിടെ ഉത്തരപേപ്പര്‍ പിടിച്ചെടുത്ത സംഭവം; പരീക്ഷ എഴുതാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി

മലപ്പുറം: പ്ലസ്ടു പരീക്ഷക്കിടെ വിദ്യാർഥിനിയുടെ ഉത്തരപേപ്പര്‍ പിടിച്ചെടുത്ത സംഭവത്തില്‍ വീണ്ടും പരീക്ഷ എഴുതാന്‍ അനുമതി. മലപ്പുറം കെ.എം.എച്ച്.എസ്.എസ് കുറ്റൂര്‍ സ്‌കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാർഥിനി അനാമികക്കാണ് ഇക്ണോമിക്സ് പരീക്ഷക്കിടെ ദുരനുഭവം ഉണ്ടായത്.

മറ്റൊരു കുട്ടി സംസാരിച്ചതിന് ഇന്‍വിജിലേറ്റര്‍ അനാമികയുടെ ഉത്തരപേപ്പര്‍ പിടിച്ചെടുക്കുകയായിരുന്നു. സംഭവം വാർത്ത മാധ്യമങ്ങൾ വഴി പുറത്തുവന്നതോടെ ഇന്‍വിജിലേറ്റര്‍ ഹബീബ് റഹ്‌മാനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തു. സംഭവത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മലപ്പുറം ഡി.ഡി.ഇ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് ഇറക്കിയത്.

തീരുമാനം വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തി മലപ്പുറം ആർ.ഡി.ഡി നേരിട്ടറിയിച്ചു. റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം അനിലും സംഘവുമാണ് വിദ്യാർഥിനിയുടെ വീട്ടിലെത്തി വിവരം അറിയിച്ചത്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ നിർദേശ പ്രകാരമായിരുന്നു അധികൃതർ വീട്ടിലെത്തിയത്. ‘സേ’ പരീക്ഷക്ക് ഒപ്പമായിരിക്കും വിദ്യാർഥിനിക്ക് പരീക്ഷാ എഴുതാന്‍ അവസരം ലഭിക്കുക. പരീക്ഷ ‘സേ’ക്ക് പകരം പൊതു പരീക്ഷയായി പരിഗണിക്കും.

പ്രത്യേക സര്‍ട്ടിഫിക്കറ്റും നല്‍കും. ഇന്‍വിജിലേറ്ററുടേത് കടുത്ത അച്ചടക്ക ലംഘനമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കണ്ടെത്തിയിരുന്നു. വിദ്യാർഥിനിക്ക് പരീക്ഷ എഴുതാനുള്ള സമയം നിഷേധിച്ചത് ഗുരുതര വീഴ്ചയാണെന്നും ഇന്‍വിജിലേറ്റര്‍ പരീക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും കുട്ടിയുടെ ഭാവിയെ തന്നെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചുവെന്നുമാണ് ഉത്തരവില്‍ പറയുന്നത്. വിദ്യാർഥിനി പരീക്ഷാ ഹാളില്‍ ഇരുന്ന് കരഞ്ഞതോടെയാണ് ഇന്‍വിജിലേറ്റര്‍ ഉത്തരക്കടലാസ് തിരിച്ച് നല്‍കിയത്.

എന്നാല്‍ അപ്പോഴേക്കും സമയം നഷ്ടമായിരുന്നു. പത്തിലും പ്ലസ് വണ്ണിലുമടക്കം എല്ലാ വിഷയത്തിലും എപ്ലസ് നേടിയ കുട്ടിയാണ് അനാമിക.

Tags:    
News Summary - Incident of seizure of answer paper during exam; Education Department gives permission to write exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-04-26 15:22 GMT