ശ്രീഹരിയുടെ മഴയനുഭവം, ശ്രീഹരി

"പൊതുവിദ്യാലയങ്ങളുടെ കരുത്ത് വ്യക്തമാക്കുന്ന എഴുത്ത്"; ആറാം ക്ലാസുകാരന്‍റെ ഉത്തരക്കടലാസ് പങ്കുവെച്ച് മന്ത്രി

തിരുവനന്തപുരം: ആറാം ക്ലാസുകാരന്‍ ഉത്തരക്കടലാസിൽ എഴുതിയ മഴത്തുള്ളികളിലെ കപ്പൽ യാത്ര എന്ന മഴയനുഭവം പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പൊതുവിദ്യാലയങ്ങളുടെ കരുത്ത് വ്യക്തമാക്കുന്ന എഴുത്താണ് വിദ്യാർഥിയുടേത് എന്ന് മന്ത്രി പറഞ്ഞു. നോർത്ത് പറവൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ശ്രീഹരിയുടെ ഉത്തരക്കടലാസാണ് വിദ്യാഭ്യാസമന്ത്രി സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.

മന്ത്രിയുടെ കുറിപ്പ്

"മഴത്തുള്ളികളിലെ കപ്പൽ യാത്ര" വായിച്ചു. നോർത്ത് പറവൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ശ്രീഹരി.എസ് - ന്റെ ഉത്തരക്കടലാസിലെ മഴയനുഭവം എന്നിൽ അഭിമാനം ഉണ്ടാക്കി. പൊതുവിദ്യാലയങ്ങളുടെ കരുത്ത് വ്യക്തമാക്കുന്ന എഴുത്ത്. ഭാവന ചിറകുവിടർത്തി പറക്കട്ടെ വാനോളം.

ശ്രീഹരി മോന് അഭിനന്ദനങ്ങളും ആശംസകളും ❤️..

"മഴത്തുള്ളികളിലെ കപ്പൽ യാത്ര"

" മൗനമായി നിന്ന ആകാശത്തിലേക്ക് മഷി പടർന്നു, മഴ വരുകയാണ്. മുത്തു പിടിപ്പിച്ചതുപോലെ ചെളി തൂകിയ വിറകുപുരക്ക് അഴുക്കിൽ നിന്ന് മുക്തി ലഭിച്ചു. കുറച്ചുനേരം പുറത്ത് കളിക്കാം എന്ന് വിചാരിച്ചാൽ അതിനും സമ്മതിക്കില്ല ഈ മഴ. ഞാൻ അമ്മുമ്മയുടെ അടുത്ത് ചെന്നു. പച്ചത്തവളയുടെ ശാസ്ത്രീയ സംഗീതം തൊടിയിൽ തൂകി നിൽക്കുന്നുണ്ടായിരുന്നു. ബുക്കിന്റെ പേജുകളെ ഞാൻ കൂട്ടുകാരിൽ നിന്ന് വേർപെടുത്തി. അമ്മൂമ്മയോട് ഞാനൊരു കടലാസ് കപ്പൽ ആവശ്യപ്പെട്ടു. പേപ്പർ മടക്കി മടക്കി അതിനെ അമ്മൂമ്മ ചെറുതാക്കി. ഇതാ!എന്റെ കടലാസ് കപ്പൽ സാഹസത്തിനു തയ്യാറായി. എന്റെ ഒരു കളിപ്പാട്ടത്തിനെയും പറമ്പിൽ നിന്ന് കിട്ടിയ വെള്ളക്കയെയും ഞാൻ കപ്പിത്താന്മാരായി നിയമിച്ചു. മഴത്തുള്ളികളാൽ രൂപപ്പെട്ട എട്ടാം കടലിലേക്ക് ഞാൻ എന്റെ കപ്പലിനെ അയച്ചു. മഴയുടെ ശക്തി കൂടി. അടുത്തദിവസം പറമ്പിൽ മഴ കൊണ്ട് നിര്യാതരായ എന്റെ കപ്പിത്താൻമാർക്കും തകർന്നുപോയ എന്റെ കപ്പലിനും ഞാൻ ഒരു സല്യൂട്ട് കൊടുത്തു."

ശ്രീഹരി .എസ്

6B, ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, നോർത്ത് പറവൂർ.

Full View
Tags:    
News Summary - The minister shared the answer sheet of the sixth grader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.