തിരുവനന്തപുരം: കേന്ദ്ര പരിസ്ഥിതി ആഘാത നിയമഭേദഗതിയിൽ സംസ്ഥാന സർക്കാർ വിയോജിപ്പ് അറിയിക്കുന്നത് അവസാനദിനം. ചില വ്യവസ്ഥകളിൽ മാറ്റം ആവശ്യപ്പെട്ടാകും സംസ്ഥാനം ചൊവ്വാഴ്ച നിലപാടറിയിക്കുക. വലിയ പ്രകൃതിദുരന്തങ്ങൾ നേരിടുന്ന ഘട്ടത്തിൽപോലും പരിസ്ഥിതി നിയമത്തിൽ വെള്ളം ചേർക്കുന്ന കേന്ദ്ര നീക്കത്തിൽ സംസ്ഥാന സർക്കാർ വേണ്ടത്ര ഗൗരവം നൽകിയില്ലെന്നും ഇരട്ടത്താപ്പാണെന്നും പരിസ്ഥിതി വാദികൾ വിമർശനമുയർത്തിയിട്ടുണ്ട്.
ഭേദഗതി പാസാക്കിയാൽ പരിസ്ഥിതിലോല മേഖലകളിലും സംരക്ഷിത വനമേഖലകളിലും ഖനനാനുമതി നൽകാം. അതിരപ്പിള്ളി അടക്കം ജലവൈദ്യുത പദ്ധതികൾ, മലിനീകരണമുണ്ടാക്കുന്ന ഫാക്ടറികൾ, റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കൽ തുടങ്ങിയവ നടപ്പാക്കാം. ഫ്ലാറ്റുകളും മാളുകളും അടക്കം വൻ നിർമാണങ്ങൾക്ക് പരിസ്ഥിതി അനുമതി വേണ്ട. ഇതെല്ലാം സംസ്ഥാന സർക്കാറിന് എതിർപ്പുള്ളതല്ല. സംസ്ഥാനത്ത് നൂറുകണക്കിന് ഏക്കർ പാറമലകൾ വാങ്ങിയവരുണ്ട്. ഇവർ കേന്ദ്ര ഭേദഗതി കാത്തിരിക്കുകയാണ്. ഭേദഗതി പാസാക്കിയാൽ നിലവിലുള്ള ഭൂസംരക്ഷണ നിയമങ്ങളെല്ലാം അപ്രത്യക്ഷമാകും. ആദിവാസി വനാവകാശനിയമത്തിെൻറ പല്ലും നഖവും പിഴുതുകളയുന്നതാണ് ഭേദഗതി. സ്വകാര്യമേഖലക്ക് ഏറ്റെടുക്കണമെങ്കിൽ ജനങ്ങളുടെ സമ്മതം വേണമെന്ന വ്യവസ്ഥ ഇല്ലാതാകും.
അഖിലേന്ത്യാതലത്തിൽ ഇടതുപക്ഷം പരിസ്ഥിതി സംരക്ഷണ സമരങ്ങളോടൊപ്പമാണ്. എന്നാൽ, സംസ്ഥാന സർക്കാർ നിലപാട് പരിസ്ഥിതി സംരക്ഷണത്തിന് അനുകൂലമല്ലെന്നാണ് പരിസ്ഥിതിവാദികളുടെ കുറ്റപ്പെടുത്തൽ. പുതിയ നിർദേശങ്ങളിൽ കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളിൽനിന്ന് വലിയ പ്രതിഷേധം ഉയർന്നില്ല. ഇവരെല്ലാം ഗാഡ്ഗിൽ റിപ്പോർട്ട് തള്ളിയവരാണ്. ഇപ്പോൾതന്നെ പരിസ്ഥിതി ദുർബലമായ കേരളത്തെ അറബിക്കടലിലേക്ക് ഒഴുക്കുന്നതാണ് നിയമഭേദഗതിയെന്ന് അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.