ചെറുതോണി: ഇടുക്കി ഡാമിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട് നിരീക്ഷണം ഏർപ്പെടുത്തി. ദൈനംദിന പരിപാലനവുമായി ബന്ധപ്പെട്ട് അണക്കെട്ടിൽ സ്ഥാപിച്ചിരിക്കുന്ന വിവിധ ഉപകരണങ്ങൾ തത്സമയം നിരീക്ഷണം നടത്തി ഫലങ്ങൾ കൃത്യമായി ഓരോ മണിക്കൂറിലും കൺട്രോൾ റൂമിലും പള്ളം ചീഫ് എൻജിനീയറുടെ ഓഫിസിലും എത്തിക്കും.
ഇതിൽപെടുത്തി ഡാമിന്‍റെ ഗാലറിക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ജോയന്‍റ് മീറ്റർ, ക്രാക്ക് മീറ്റർ, വെട്രയിൻ മീറ്റർ, ടിൽറ്റ് മീറ്റർ, പിസോ മീറ്റർ തുടങ്ങിയവയിൽനിന്നുള്ള യഥാസമയ റീഡിങ്ങുകൾ കൺട്രോൾ റൂമുകളിൽ കിട്ടുന്നതു കൂടാതെ ചെറുതോണി ഡാമിന്‍റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന റഡാർ വാട്ടർ ലെവൽ വഴി ഓരോ മണിക്കൂറിലും റിസർവോയറിലെ ജലനിരപ്പ് കൺട്രോൾ റൂമിലും കിട്ടിത്തുടങ്ങി.
നീരൊഴുക്ക് കൂടിയതോടെ റിസർവോയറിലെ ജലനിരപ്പ് എല്ലാ ദിവസവും രാവിലെ അസിസ്റ്റന്‍റ് എൻജിനീയർ നേരിട്ടുപോയി ചെറുതോണി ഡാമിൽ സ്ഥാപിച്ചിരിക്കുന്ന ഗേജ് പോസ്റ്റിൽനിന്ന് രേഖപ്പെടുത്തും. അത് മൂലമറ്റം പവർഹൗസിലേക്ക് ടെലിഫോൺ വഴി അറിയിക്കും. ഇടുക്കി മെഡിക്കൽ കോളജിനു സമീപം സ്ഥാപിച്ചിരിക്കുന്ന ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ വഴി ഇടുക്കി പദ്ധതി പ്രദേശത്തെ മഴയുടെ അളവ് കാറ്റിന്‍റെ ഗതി, താപനില തുടങ്ങിയവ അപ്പപ്പോൾ കിട്ടിക്കൊണ്ടിരിക്കും.
അണക്കെട്ടിൽ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങൾ വഴി അണക്കെട്ടിന്‍റെ അടി നിരപ്പു മുതൽ ജലസംഭരണിയുടെ താപനിലയും അറിയാൻ കഴിയുന്നുണ്ട്. ഇതെല്ലാം ക്രോഡീകരിച്ച് ആധുനിക സോഫ്റ്റ്വെയർ ഉപയോഗിച്ച് അണക്കെട്ടിന്‍റെ അപ്പോഴപ്പോഴുള്ള സ്വഭാവിക വ്യതിയാനങ്ങൾ പരിശോധിക്കുന്നുണ്ട്.ഓരോ വ്യതിയാനങ്ങളും പരിശോധിച്ച് നിരീക്ഷണ ഫലങ്ങൾ വൈദ്യുതി വകുപ്പിന്‍റെ പ്രധാന സെന്‍ററുകളിൽ എത്തിക്കുന്ന രശ്മി ഫോർ ഡാംസ് എന്ന സാങ്കേതികവിദ്യയാണ് നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത്.
ചെറുതോണി: ലോവർ പെരിയാർ ഡാമിൽനിന്ന് പാഴാകുന്നത് കോടിക്കണക്കിന് രൂപയുടെ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം. മണൽ വന്നടിഞ്ഞ് അണക്കെട്ടിന്‍റെ സംഭര ശേഷി കുറഞ്ഞതോടെ ഡാമിൽ ഒഴുകിയെത്തുന്ന ജലം ഒഴുക്കിക്കളയേണ്ട അവസ്ഥയാണ്. ഏതാനും ദിവസങ്ങളായി ഡാമിന്‍റെ ഷട്ടറുകൾ തുറന്നിരിക്കുകയാണ്.
1997 ഒക്ടോബറിൽ ഒന്നാംഘട്ടം കമീഷൻ ചെയ്ത ലോവർ പെരിയാറിൽ 60 മെഗാവാട്ട് വീതം സ്ഥാപിത ശേഷിയുള്ള മൂന്ന് ജനറേറ്ററുകളാണുള്ളത്. കാലവർഷമാരംഭിച്ചതോടെ മൂന്ന് ജനറേറ്ററുകളും മുഴുവൻ സമയവും പ്രവർത്തിക്കുകയാണ്. ആഴം കൂടിയ ജലസംഭരണിയിൽ വലിയ തോതിൽ മണൽ അടിഞ്ഞിട്ടുണ്ട്.
ശരാശരി മൂന്നര ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ലോവർ പെരിയാറിൽ ഉൽപാദിപ്പിക്കുന്നത്. ഇടുക്കി ഡാം തുറന്നതോടെ ഇവിടെനിന്നുള്ള വെള്ളവും കല്ലാർകുട്ടി ഡാമിൽനിന്ന് ഒഴുക്കിവിടുന്ന വെള്ളവും ലോവർ പെരിയാർ ഡാമിലെത്തിയതോടെ 24 മണിക്കൂറും ഷട്ടറുകൾ തുറന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.